കൊച്ചി: പരീക്ഷണങ്ങളുടെ കാലം കഴിഞ്ഞു. കടലുപോലെ ഇരമ്പുന്ന ആരാധകലോകത്തിന് ഇനി കാത്തിരിക്കാനാവില്ല. കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചുവന്നേ തീരൂ. ചെന്നൈയിനെതിരെ ജയിക്കുകയും പിന്നീട് മുംബൈയോട് സമനിലയില്‍ കുടുങ്ങുകയും കൊല്‍ക്കത്തയോട് തോല്‍ക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. ഇനിയൊരു തിരിച്ചടി, ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകവൃന്ദം സഹിക്കില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്കൊപ്പം, ലോകഫുട്‌ബോളിലെ മറ്റൊരു ഇതിഹാസത്തിന്റെ വരവിനുകൂടി ഞായറാഴ്ച കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സാക്ഷ്യംവഹിക്കും - പ്രതിരോധത്തിന് പുത്തന്‍ ഭാഷ്യംകുറിച്ച ബ്രസീലിന്റെ റോബര്‍ട്ടോ കാര്‍ലോസ്. കാര്‍ലോസ് ബ്ലാസ്റ്റേഴ്‌സിനെതിരെ ബൂട്ടണിയാന്‍ എത്തുന്നത് താരനിബിഢമായ ഡല്‍ഹി ഡൈനാമോസുമായാണ്. കാര്‍ലോസിന്റെ കാല്‍ക്കരുത്ത് കൊച്ചിയിലെ കാണികള്‍ക്ക് കാണാനാകുമോ എന്ന് ഉറപ്പില്ല. എന്നാല്‍, വിരുന്നൊരുക്കാന്‍ മധ്യനിരയിലെ മാന്ത്രികനീക്കങ്ങളുമായി ഫ്‌ളോറന്റ് മലൂദയും പ്രതിരോധത്തിലെ കൂറ്റന്‍ ജോണ്‍ ആര്‍നെ റീസെയും ഡല്‍ഹി നിരയിലുണ്ട്.

ഇന്ന് റിയല്‍ ടെസ്റ്റ്
കഴിഞ്ഞ മൂന്ന് കളികളിലും വ്യത്യസ്ത ഇലവനെ ഇറക്കിയ പീറ്റര്‍ ടെയ്‌ലര്‍ യഥാര്‍ഥ പരീക്ഷണം നേരിടുന്നത് ഈ മത്സരത്തിലാകും. മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ കരുത്തനായ പ്രതിരോധതാരം സന്ദേശ് ജിംഗാനും മധ്യനിര താരം കെവിന്‍ ലോബോയും ദേശീയ ടീം ദൗത്യത്തിനുശേഷം തിരിച്ചെത്തി. അന്തിമടീമിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഇവരെക്കൂടി ഉള്‍ക്കൊള്ളാന്‍ കോച്ചിന് പുതിയ ശൈലിയും തന്ത്രങ്ങളും വേണ്ടിവരും.

രണ്ട് വിങ്ങര്‍മാരെക്കൂടി ഉള്‍പ്പെടുത്തി 5-3-2 ശൈലിയില്‍ കഴിഞ്ഞ മൂന്ന് കളികളിലും ടീമിനെ അണിനിരത്തിയ പീറ്റര്‍ ടെയ്‌ലര്‍, ഞായറാഴ്ച കാര്‍ലോസിന്റെ ഡല്‍ഹിക്കെതിരെ ഏതുതന്ത്രമാകും പയറ്റുകയെന്ന് ഏവരും ഉറ്റുനോക്കുന്നു. മര്‍ച്ചേനയും ജിംഗാനും എത്തുന്നതോടെ ടീം ഘടനയില്‍ കാര്യമായ മാറ്റംവരുത്തേണ്ടിവരും. ചുവപ്പുകാര്‍ഡ് കണ്ട മെഹ്താബ് ഹുസൈന് പകരക്കാരനും വേണം. അഞ്ച് വിദേശതാരങ്ങള്‍ എന്ന നിബന്ധന പാലിക്കാന്‍ ഗോള്‍കീപ്പര്‍ ബൈവാട്ടര്‍ക്ക് വിശ്രമംനല്‍കുന്ന കാര്യംപോലും ആലോചിക്കേണ്ടിവരും. അവിടെ സന്ദീപ് നന്ദിയോ ഷില്‍ട്ടണ്‍ പോളോ വരാം.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കളിച്ച ബ്രൂണോ പെറോണിനെയും പീറ്റര്‍ റമേജിനെയും പ്രതിരോധത്തില്‍ നിലനിര്‍ത്തുമോ എന്നതാണ് മറ്റൊരുകാര്യം. ഇവരിലൊരാളെ പിന്‍വലിച്ച് മര്‍ച്ചേനയെ അവിടേക്ക് കൊണ്ടുവരാം. അല്ലെങ്കില്‍, ഇരുവരെയും നിലനിര്‍ത്തി മര്‍ച്ചേനയെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാക്കാം. ജിംഗാനൊപ്പം സൗമിക്കോ ഗുര്‍വീന്ദറോ പ്രതിരോധത്തിലെത്തും.

താരസമ്പുഷ്ടമായതോടെ, 4-4-2 എന്ന പതിവ് ഇംഗ്ലീഷ് ശൈലി ടെയ്‌ലര്‍ തിരഞ്ഞെടുത്താലും അതിശയിക്കാനില്ല. ഹോസുവിനെയും മര്‍ച്ചേനയെയും വിനീതിനെയും ലോബോയെയും മധ്യനിരയില്‍ കണ്ടേക്കാം. അത്‌ലറ്റിക്കോയ്‌ക്കെതിരെ അവസാനമിനിറ്റുകളില്‍ ഇരമ്പിയാര്‍ത്ത ക്രിസ് ഡാഗ്നല്‍-സാഞ്ചസ് വാട്ട് സഖ്യം മുന്‍നിരയില്‍ തുടരണമെന്ന് കോച്ച് തീരുമാനിച്ചാല്‍, പ്രതിരോധത്തിലാകും വിദേശതാരങ്ങളില്‍ അഴിച്ചുപണിയുണ്ടാവുക.

ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിയും കരുത്തും വ്യക്തമാകുന്നത് യഥാര്‍ഥത്തില്‍ ഈ മത്സരത്തോടെയാകും. പൂര്‍ണസജ്ജമായ ടീം സ്വന്തം ഗ്രൗണ്ടില്‍, സ്വന്തം ആരാധകര്‍ക്കുമുന്നില്‍ കളിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുള്ളത്. ലീഗില്‍ പിന്നോട്ടുപോകാതിരിക്കാന്‍ ജയത്തില്‍ക്കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല.

മറുഭാഗത്ത് മൂന്ന് കളികളില്‍ രണ്ട് ജയത്തിന്റെ മുന്‍തൂക്കം ഡല്‍ഹിക്കുണ്ട്. ഗോവയോട് ആദ്യകളിയില്‍ തോറ്റതൊഴിച്ചാല്‍, ഡല്‍ഹി നിര കൂടതല്‍ ശക്തമാകുന്നതാണ് കഴിഞ്ഞ മത്സരങ്ങളിലെ കാഴ്ച. ചെന്നൈയിനെയും പുണെയെയും തോല്‍പ്പിച്ചതോടെ, ഈ സീസണില്‍ എഴുതിത്തള്ളേണ്ടവരല്ല ഡൈനാമോസെന്ന് കാര്‍ലോസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, ഈ മത്സരം ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് നിറഞ്ഞുകവിയുന്ന സ്റ്റേഡിയത്തിന്റെ ആരവംമാത്രം മതിയാകില്ല.