കൊച്ചി: തുല്യരുടെ പോരാട്ടമെന്നതില്‍നിന്ന് പൊടുന്നനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി. മത്സരം ദാവീദും ഗോലിയാത്തുമായുള്ള ബലപരീക്ഷണമായിമാറിയത്. തുടര്‍ച്ചയായ തോല്‍വികളും കോച്ച് പീറ്റര്‍ ടെയ്‌ലറുടെ അസമയത്തുള്ള വിടപറയലും ബ്ലാസ്റ്റേഴ്‌സിനെ തീര്‍ത്തും ദുര്‍ബലരാക്കി. മറുഭാഗത്ത് ടൂര്‍ണമെന്റിലെ ഏറ്റവും 'ഫിറ്റസ്റ്റ്' ടീം എന്ന ഖ്യാതിയുള്ള ചെന്നൈയിന്‍ മുന്നേറ്റംതുടരാനുള്ള തയ്യാറെടുപ്പിലാണ്. പോയന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സെങ്കില്‍, ആറുകളികളില്‍ മൂന്ന് ജയംനേടിയ ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തുണ്ട്.

തുടര്‍ച്ചയായ നാല് തോല്‍വികളെത്തുടര്‍ന്ന് പീറ്റര്‍ ടെയ്‌ലര്‍ പരിശീലകപദവിയൊഴിഞ്ഞശേഷം നടക്കുന്ന ആദ്യമത്സരമാണ് ബ്ലാസ്റ്റേഴ്‌സിനിത്. പുതിയ പരിശീലകനെ തേടുന്നുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും, ഈ മത്സരം ഇടക്കാല പരിശീലകന്‍ ട്രെവര്‍ മോര്‍ഗനുകീഴില്‍ കളിച്ചേ തീരൂ. ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചുവരാന്‍ ഒരു വിജയം മാത്രം മതിയെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. കൊച്ചിയിലെ കാണിക്കൂട്ടത്തെ തിരിച്ചുപിടിക്കാനും ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യം.

ടെയ്‌ലറുടെ ശൈലിയില്‍നിന്ന് വ്യത്യസ്തമായിരിക്കും ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ കളി എന്നാണ് കോച്ച് നല്‍കുന്ന സൂചന. എന്നാല്‍, ശൈലിയിലാണോ താരങ്ങളിലാണോ വ്യത്യാസം വരികയെന്ന് അദ്ദേഹം സൂചിപ്പിക്കുന്നില്ല. ടെയ്‌ലര്‍ക്ക് കീഴില്‍ ടീമിനുള്ളിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന അന്തച്ഛിദ്രമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കാനുള്ളതുകൊണ്ടാകാം അദ്ദേഹം നയം വ്യക്തമാക്കാത്തത്.

ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ ശേഷിക്കുന്നത് നാല് ഹോം മത്സരങ്ങളാണ്. തുടര്‍ച്ചയായി മൂന്ന് ഹോം മാച്ചുകള്‍ കളിക്കുന്നു എന്ന ആനുകൂല്യം അവര്‍ക്കുണ്ട്. എന്നാല്‍, കളിക്കേണ്ടത് ചെന്നൈയിനും പുണെയ്ക്കും കൊല്‍ക്കത്തയ്ക്കുമെതിരെ. സീസണിലെ മികച്ച മൂന്നുടീമുകളാണിവ. ആദ്യ നാല് ടീമുകളിലൊന്നാകാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കാതെതരമില്ല.
ടെയ്‌ലറുടെ പതിവ് മുന്നേറ്റനിരയില്‍നിന്ന് വ്യത്യസ്തമായി, സാഞ്ചസ് വാട്ടിന് ആദ്യ ഇലവനില്‍ ഇടംകൊടുക്കാന്‍ സാധ്യതയുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്‌സ്‌കോററായി മാറിക്കഴിഞ്ഞ മുഹമ്മദ് റാഫിക്ക് ആദ്യഇലവനില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്.

കഴിഞ്ഞകളികളില്‍ 5-3-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. മധ്യനിരയിലെ ദൗര്‍ബല്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ കാര്യമായ അഴിച്ചുപണിവേണം. പുള്‍ഗയെയും ഹോസുവിനെയും മെഹ്ത്താബ് ഹുസൈനെയും കാവിന്‍ ലോബോയെയും കൊണ്ടുവന്ന് ചലനാത്മകമായ മധ്യനിരയ്ക്ക് രൂപംനല്‍കിയേക്കും. പിന്‍നിരയില്‍ റാമേജും പെറോണും ജിംഗാനും രാഹുല്‍ ബെക്കയുമാണ് വിശ്വസ്തര്‍. ഈ കൂട്ടുകെട്ടിലും മാറ്റംവരാനിടയില്ല. പ്രതിരോധത്തില്‍ മാര്‍ക്കസ് വില്യംസോ പെറോണോ എന്ന കാര്യത്തിലാകും സംശയം. ബൈവാട്ടര്‍ക്ക് പകരം ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരായ സന്ദീപ് നന്ദിയെയോ ഷില്‍ട്ടണ്‍ പോളിനെയോ കൊണ്ടുവരാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഫീല്‍ഡില്‍ ഒരു വിദേശതാരത്തിന്റെകൂടി സേവനം ലഭ്യമാക്കാം.

ഏതുതീരുമാനവും കരുതലോടെമാത്രം കൈക്കൊള്ളേണ്ട അവസ്ഥയിലാണ് മോര്‍ഗന്‍. കാരണം, എതിരിടേണ്ടത് ചെന്നൈയിനെയാണ്. സീസണിലെ ഏറ്റവും മികച്ച സ്‌ട്രൈക്കിങ് കൂട്ടുകെട്ടാണ് ചെന്നൈയിന്റേത്. കൊളംബിയക്കാരന്‍ സ്റ്റീവന്‍ മെന്‍ഡോസയും ബ്രസീലുകാരന്‍ പ്ലേമേക്കര്‍ എലാനോയും. കളിഭരിക്കുന്ന മധ്യനിരയാണ് അവരുടേത്. നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ട ചെന്നൈയിന്‍ കഴിഞ്ഞ മത്സരത്തില്‍ പുണെ സിറ്റിയെ വീഴ്ത്തി തിരിച്ചുവന്നത് ആ മികവിലാണ്. ബെര്‍ണാഡ് മെന്‍ഡി നയിക്കുന്ന പ്രതിരോധവും എഡല്‍ ബേറ്റിന്റെ കാവലും മാര്‍ക്കോ മറ്റെരാസിയുടെ പരിശീലനവും ടീമിനെ കരുത്തരാക്കുന്നു.