ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ രണ്ടാം സീസണിന് തിരശ്ശീല വീണു. കളിക്കളത്തില്‍ മാത്രമല്ല പുറത്തും പ്രതീക്ഷിച്ചതിനേക്കാള്‍ 'മികവ് 'പുലര്‍ത്തിയാണ് കളി അവസാനിച്ചത്. അപ്രതീക്ഷിതമായി ഫൈനലിലേക്ക് വന്ന ചെന്നൈയിന് എഫ്.സി കിരീടം കൊണ്ടുപോയപ്പോള്‍ തുടക്കം മുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട സീക്കോയുടെ എഫ്.സി ഗോവക്ക് മോഹഭംഗം മാത്രം. ആദ്യ സീസണിനേക്കാള്‍ കാണികളുടെ എണ്ണത്തിലും കളിമികവിലും രണ്ടാം സീസണ് മികച്ചു നിന്നു. ഫൈനലിന് ശേഷമുണ്ടായ സംഭവവികാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സൂപ്പര്‍ലീഗ് നിലനില്‍പ്പിനെ അതിജീവിക്കുന്ന പോരാട്ടത്തില്‍ വിജയം കണ്ടു.
ഉയരുന്ന നിലവാരം
കളിനിലവാരത്തില്‍ വന്നത് പ്രകടമായ മാറ്റമാണ്. തന്ത്രങ്ങളിലും ഗെയിംപ്ലാനിലും ഫോര്‍മേഷനുകളിലും മാത്രമല്ല വ്യക്തിഗത മികവുകളെ കൃത്യമായ ചട്ടകൂടിനുളളില്പ്പെടുത്തി ഉപയോഗിക്കുന്നതില്‍ വരെ ടീമുകള്‍ വിജയം കണ്ടു. കളിമധ്യേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് പീറ്റര്‍ ടെയ്ലര് പുറത്താക്കപ്പെട്ടത് വരെ കളിനിലവാരവുമായി ബന്ധപ്പെട്ട ടീം മാനേജ്മെന്റുകളുടെ കണിശതയാണ്.
ആഭ്യന്തര-വിദേശതാരങ്ങളില്‍ ഭൂരിഭാഗവും യുവാക്കളായതും അനുഭവസമ്പത്തുളള കളിക്കാരുടെ ധാരാളിത്തവും നിലവാരം ഉയരുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തന്ത്രശാലികളായ പരിശീലകരും മികച്ച ബാക്ക്റൂം സ്റ്റാഫുകളും ടീമിന്റെ പോരാട്ടവീര്യത്തില്‍ വര്‍ധനവ് വരുത്തി.
ജേതാക്കളായ ചെന്നൈയിന് ടീമിന്റെ കളിനിലവാരത്തില്‍ വന്ന മാറ്റത്തിന്റെ ഉദാഹരണമായിരുന്നു എലാനോയെ പുറത്തിരുത്തിയത്. ലീഗിന്റെ ആദ്യപകുതിക്ക് ശേഷം എലാനോ മിക്കവാറും കളിയില്‍ ആദ്യ ഇലവനിലുണ്ടായിരുന്നില്ല. പകരം സക്കീറിനെ പോലുളളവര്‍ ആദ്യഇലവനില്‍ കളിച്ചു. പെരുമയേക്കാള്‍ കളിമികവിനാണ് പരിശീലകന് മാര്‍ക്കോ മറ്റെരാസി പ്രധാന്യം നല്‍കിയത്. തോയ് സിങ്ങ് എന്ന യുവതാരം ടീമിന്റെ കേന്ദ്രബിന്ദുവായതും ഇതേ മാനദണ്ഡത്തിലാണ്.
ഗോവയുടെ കാര്യത്തില്‍ റെയ്നാള്‍ഡോയുടെ സ്ഥാനത്ത് ഡുഡുവും റാഫേലുമൊക്കെ കളിച്ചതും റോമിയോയും മന്ദര്റാവുമൊക്കെ ഗെയിംപ്ലാനില്‍ അവിഭാജ്യഘടകങ്ങളായതും കളിമികവെന്ന ഒറ്റ പരിഗണനയിലായിരുന്നു.
ആദ്യസീസണില്‍ 61 കളിയില്‍ നിന്ന് 129 ഗോളുകളാണ് പിറന്നതെങ്കില്‍ ഇത്തവണയത് 186 ആയി ഉയര്‍ന്നു. ഗോളുകള്‍ കൂടുന്നത് കളിനിലവാരത്തിന്റെ ഗ്രാഫായി കണക്കാക്കാന്‍ കഴിയില്ലെങ്കിലും മികച്ച സ്ട്രൈക്കര്‍മാരുടെ വരവാണ് ഇതിന് പിന്നിലെന്ന സംശയമില്ലാതെ പറയാം. മെന്‍ഡോസ, ഫിക്രു, റെയ്നാള്‍ഡോ, റാഫേല്‍, ഇയാന്‍ ഹ്യൂം, ആദില്‍ നബി, നിക്കോളസ് വെലസ്, കാലു ഉച്ചെ, തുണ്സെ സാന്‍സി, ആഡ്രിയന് മുട്ടു, അന്റോണിയോ ജെര്മെയ്ന്, സാഞ്ചസ് വാട്ട്, ക്രിസ്ഡാഗ്നല്, ഡിയോമാന്‍സി കമാറ, ഡാഡ്സെ, തുടങ്ങിയ വിദേശ മുന്നേറ്റനിരക്കാരും, സുനില്‍ഛേത്രി, റോബിന്‍സിങ്ങ്, ജെജെ ലാല്‍ പെഖുല, ഹൗക്കിപ്പ്, മുഹമ്മദ് റാഫി, സുഭാഷ് സിങ്ങ്, തുടങ്ങിയവര്‍ക്കും ഇതില്‍ നിര്‍ണായകപങ്കുണ്ട്.
നടുവൊടിയാതെ മധ്യനിര
ടീമുകളുടെ കളിനിലവാരം ഉയര്‍ത്തുന്നതില്‍ മധ്യനിരയുടെ പങ്കിനെപ്പറ്റി ആര്‍ക്കും സംശയമുണ്ടാകില്ല. മികച്ച പ്ലേമേക്കര്മാരെ കണ്ടില്ലെങ്കിലും ഒത്തിണക്കത്തോടെ കളിക്കുന്ന മധ്യനിരകളെയാണ് ലീഗില്‍ കണ്ടത്. 4-2-3-1 ശൈലിയില്‍ അഞ്ച് മധ്യനിരക്കാരെ ഭൂരിഭാഗം കളിയിലും പരീക്ഷിച്ച അത്ലറ്റിക്കോ ഡി കൊല്ക്കത്തയുടേതായിരുന്നു ഏറ്റവും സന്തുലിതം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ബോറിയ ഫെര്‍ണാണ്ടസും നാറ്റോയും മധ്യഭാഗത്ത് ജെയ്മി ഗാവ്ലിനും ഇടതു-വലതുഭാഗങ്ങളിലായി അരാത്ത ഇസൂമിയും സമീങ് ദൗത്തിയും. പരിശീലകന് ഹെബാസിന്റെ തന്ത്രങ്ങളെ കളിക്കളത്തില്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാന്‍ ഈ സംഘത്തിന് കഴിഞ്ഞു. കൂട്ടമായി പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന , നല്ലസംഘബോധം പ്രകടമാക്കിയ കൊല്‍ക്കത്തയുടെ കളി ഈ കൂട്ടം ആകര്‍ഷകമാക്കി.
3-5-2 ശൈലിയിലേക്ക് കളിയുടെ രണ്ടാംഘട്ടത്തിലേക്ക് വന്ന ഗോവ ദ്വിമുഖതന്ത്രം ആവിഷ്ക്കരിച്ച് നടപ്പാക്കിയത് അഞ്ച് പേര് കളിച്ച മധ്യനിരയുടെ ശക്തികൊണ്ടായിരുന്നു. വിങ്ങുകളിലൂടെ നിരന്തരം ആക്രമണം മെനയുമ്പോഴും ലിയോ മൗറയും ജോഫ്രെയും കളിക്കുന്ന മധ്യഭാഗത്ത് കൂടി അപ്രതീക്ഷിതമായി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കായി.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ ഹെരേര, സിലാസ്, ബീകെ,സഞ്ജു പ്രഥാന് എന്നിവര്‍ മധ്യനിരയില്‍ പലപ്പോഴും വിസ്മയം സൃഷ്ടിച്ചു. ചീവോ-മലൂദ-മുള്‍ഡര്‍ എന്നിവരിലൂടെ ഡല്‍ഹിയും സോണി നോര്‍ദ-ബെനാഷ്യൂര്- ചേത്രി-സുഭാഷ് സിങ്ങിലൂടെ മുംബൈയും മധ്യനിര സമ്പന്നമാക്കി. സ്ട്രൈക്കറാണെങ്കിലും ഛേത്രി മധ്യനിരയിലേക്ക് ഇറങ്ങികളിക്കുന്ന രീതിയമാണ് മുംബൈ പലകളിയിലും പരീക്ഷിച്ചത്.
മികച്ച മധ്യനിരയുണ്ടായിട്ടും ഇതിനുളള ഫലം ലഭിക്കാതെ പോയത് പുണെ സിറ്റിക്കായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കാരായ യൂജിന്സണ് ലിങ്ദോ, ജാക്കിചന്ദ്, ലാല്‍ റിന്‍ഡിക റാള്‍ട്ട എന്നിവരും ദിദിയര്‍ സെക്കോറ, നിക്കി ഷോറെ എന്നിവര്‍ ഉണ്ടായിരുന്നിട്ടും ടീമിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനില്ല. മധ്യനിരയില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ പോയ ടീം കേരള ബ്ലാസ്റ്റേഴ്സായിരുന്നു. പലപ്പോഴും മുന്നേറ്റത്തില്‍ കരുത്തില്‍ മാത്രമാണ് ടീം മുന്നേറിയത്. മധ്യനിരയില്‍ പുള്‍ഗയും ഹോസുവും മാത്രമാണ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രകടമാക്കിയത്.
മാര്‍ക്ക് ഇല്ലാതെ മാര്ക്വികള്
രണ്ടാം സീസണിലും മാര്ക്വീതാരങ്ങള് പ്രഹസനമായി. വന്‍വിലകൊടുത്തു കൊണ്ടുവന്ന താരങ്ങളില്‍ എലാനോ, ലൂസിയോ എന്നിവര്‍ മാത്രമാണ് നിലവാരം കാത്തത്. ആദ്യ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയതിന് ശേഷം പരിക്കേറ്റ് പോയ ഹെല്‍ഡര്‍ പോസ്ററിഗ, സിമാവോ സാംബ്രോസ എന്നിവര്‍ക്ക് പകുതി മാര്‍ക്ക് നല്‍കാം. എന്നാല്‍ റോബര്‍ട്ടോ കാര്‍ലോസ്, നിക്കോളസ് അനെല്‍ക്ക, കാര്‍ലോസ് മര്‍ച്ചേന, അഡ്രിയന്‍ മുട്ടു എന്നിവര്‍ തികഞ്ഞ പരാജമായി.
ബ്ലാസ്റ്റേഴ്സ് മാര്‍ക്വീ താരം മര്‍ച്ചേന 45 മിനിറ്റ് മാത്രമാണ് കളിച്ചത്. പരിക്ക് അലട്ടിയ മര്‍ച്ചേനക്ക് പാതിവഴിയില്‍ ടീമിനെ ഉപേക്ഷിച്ച് പോകേണ്ടിയും വന്നു. ആദ്യ സീസണില്‍ റോബര്‍ട്ട് പിറെസ്, അലസാന്‍ഡ്രോ ദെല്പിയേറോ, ഡേവിഡ് ട്രെസഗെ, ഫ്രെഡറിക് ലുങ്ബര്‍ഗ് എന്നീ മാര്ക്വീതാരങ്ങള് വന്‍ പരാജയമായിട്ടും ടീമുകള്‍ പാഠം പഠിച്ചില്ലെന്നാണ് ഇത്തവണയും കണ്ടത്.
കളിനിര്‍ത്തിയ വന്‍താരങ്ങളെ കേവലം ആളെ കൂട്ടുന്നതിനുളള ഉപകരണമായി കാണുന്ന അവസ്ഥക്കാണ് ഇനി മാറ്റം വരേണ്ടത്. നന്നായി കളിക്കാന്‍ കഴിയുന്ന യുവതാരങ്ങളെ മാര്ക്വീകളായി കൊണ്ടുവരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നത് ടീമിനും കാണികള്‍ക്കും ഒപ്പം ഫുട്ബോളിനും ഗുണംചെയ്യും.
യുവതുര്‍ക്കികള്‍
ആദ്യ സീസണില്‍ സന്ദേശ് ജിംഗാന്, ഗുര്‍വീന്ദര്‍ സിങ്, നിര്‍മല്‍ ഛേത്രി എന്നീ മികച്ചതാരങ്ങളെ സംഭാവന ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയെങ്കിലും ബാക്കി ടീമുകളില്‍ നിന്ന് മികച്ച യുവതാരങ്ങളുണ്ടായി. വലതുവിങ്ങ് ബാക്കായി കളിച്ച രാഹുല്‍ ഭെക്ക മാത്രമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന് എടുത്തുകാണിക്കാനുളളത്.
റോമിയോ, മന്ദര്‍റാവു, ബിക്രംജിത്ത്, പ്രണോയ്ഹാല്ദാര് എന്നിവരാണ് ഗോവയില്‍ ഇത്തവണയും മിന്നിയ യുവതാരങ്ങള്‍. തോങ്ഖോയ്ഷോം ഹൗക്കിപ്പ്, കീഗന്‍ അല്‍മെയ്ഡ എന്നീ യുവതാരങ്ങളെ അവതരിപ്പിച്ച് വിജയിപ്പിക്കാനും അവര്‍ക്കായി. ചാമ്പ്യന്മാരായ ചെന്നൈയില്‍ ജെജെ ലാല്‍പെഖുല കളിച്ച് തെളിഞ്ഞതിന് പുറമെ തോയ്സിങ്ങ്, ജയേഷ് റാണ, ധനപാല്‍ ഗണേഷ് എന്നിവര്‍ മികവു തെളിയിച്ചവരുടെ പട്ടികയിലുണ്ട്.
കൊല്‍ക്കത്തയുടെ റിനോ ആന്റോ, ഡല്‍ഹിയുടെ സോഡിങ് ലെന റാള്‍ട്ട, സെമിങ്ലെന് ദുംഗല്‍, സഹ്നാജ് സിങ്, സന്ജീബന് സിങ്, നോര്‍ത്ത് ഈസ്റ്റിന്റെ സെയ്ത്യാസെന്‍, അലന് ഡിയോറെ, റോബിന് ഗുരുങ്, പുണെയുടെ പ്രീതം കോട്ടാല്‍, യുജിന്‍സണ്‍ ലിങ്ദോ, ജാക്കിചന്ദ് സിങ്, ഇസ്രായേല്‍ ഗുരുങ്, ഫെനായ് ലാല്റെപുയ എന്നിവരെ സീസണില്‍ മികച്ച കളിച്ച യുവതാരങ്ങളുടെ പട്ടികയില്‍ പെടുത്താം.
കളിക്കാതെ തോറ്റ ബ്ലാസ്റ്റേഴ്സ്
രണ്ടാം സീസണ് തുടങ്ങും മുമ്പേ കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. അവര്‍ ജയിച്ചത് കാണികളുടെ കാര്യത്തില്‍ മാത്രമായിരുന്നു. മികച്ച കളിക്കാരെ കൊണ്ടുവരാതെ മാനേജ്മെന്റ് ആദ്യം തോല്‍പ്പിച്ചു. കിട്ടിയ കളിക്കാരെ ഫലപ്രദമായി വിനിയോഗിക്കാതെ പരിശീലകന് പീറ്റര്‍ ടെയ്ലര് രണ്ടാമതും തോല്‍പ്പിച്ചു. ഒടുവില്‍ തോല്‍വികളില്‍ നിന്ന് മോചനം തേടാന്‍ കൊണ്ടുവന്ന ടെറി ഫെലാന് ആവതും ശ്രമിച്ചെങ്കിലും ടീമിനെ സെമിയെന്ന കടമ്പ കടത്താന്‍ കഴിഞ്ഞതുമില്ല.
കളിവരുതിയിലാക്കാന് കഴിയാത്ത മധ്യനിരയും നിര്‍ണായക സമയത്ത് പിഴച്ചുപോയ പ്രതിരോധവും ഗോളടി അവസരങ്ങള്‍ മുതലാക്കാതെ മുന്നേറ്റനിരയും കൂട്ടായാണ് ബ്ലാസ്റ്റേഴ്സിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍താരങ്ങളില്‍ മുഹമ്മദ് റാഫി, മെഹ്താബ് ഹുസൈന്, സന്ദേശ് ജിംഗാന്, രാഹുല്‍ ഭെക്കെ എന്നിവര്‍ക്കൊഴികെ കാര്യമായ സംഭവാന നല്കാന് കഴിയാതെ പോയി.
ടീം രൂപപ്പെടുത്തേണ്ടഘട്ടത്തില് കൃത്യമായി മാനേജ്മെന്റ് ഇല്ലാതെ പോയതാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിയുടെ അടിസ്ഥാനം. അടുത്ത സീസണില്‍ പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന ടീം ഉടമ സച്ചിന്റെ വാക്കുകളിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ പ്രതീക്ഷ മുഴുവന്‍.
കാണികളാണ് ജേതാക്കള്‍
ഇത്തവണത്തേയും യഥാര്‍ത്ഥ വിജയികള്‍ കാണികളാണ്. 16.34 ലക്ഷം പേരാണ് എട്ട് വേദികളിലായി കളി കാണാന്‍ നേരിട്ടെത്തിയത്. പ്രഥമ സീസണിനേക്കാള്‍ ആറ് ശതമാനം വര്‍ധനവ്. കഴിഞ്ഞ സീസണില്‍ 15.90 ലക്ഷം പേരാണ് കളി കാണാനെത്തിയത്.
കാണികളുടെ ശരാശരിയില്‍ പതിവ്പോലെ കൊച്ചി തന്നെ മുന്നില്‍. 52008 ആണ് കൊച്ചിയിലെ ശരാശരി കാണികള്‍. 3.64 ലക്ഷം പേരാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ക്കെത്തിയത്. 5.8 ശതമാനം വര്‍ധനവ്. ഒരു മത്സരം അധികം നടന്ന കൊല്‍ക്കത്തയില്‍ 4.05 ലക്ഷം പേര് കാണാനെത്തി. 50707 പേരാണ് ശരാശരി. 68,340 പേരാണ് സെമിയില്‍ ചെന്നൈക്കെതിരെയുളള മത്സരം കാണാനെത്തിയത്.
ഡല്‍ഹിയില്‍ 23 ശതമാനവും പുണെയില്‍ ഒമ്പത് ശതമാനവും ഗോവയില്‍ 3.6 ശതമാനവും ചെന്നൈയില്‍ മൂന്ന് ശതമാനവും വര്‍ധനവുണ്ടായി. ഗുവാഹാത്തിയില്‍ മാത്രമാണ് കാണികള്‍ കുറഞ്ഞത്. 10 ശതമാനമാണ് ഇവിടെ കാണികളുടെ കുറവ്.
27,233 കാണികളുടെ ശരാശരിയുളള ലീഗ് ആഗോളതലത്തില്‍ കാണികളുടെ ശരാശരിയില്‍ ആദ്യപത്തില്‍ എത്തുമെന്ന് എതാണ്ടുറപ്പാണ്. ആദ്യ സീസണിലെ ജനക്കൂട്ടത്തെ രണ്ടാം സീസണിലും നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് വലിയ വിജയം. ഫൈനലിന് ശേഷം എലാനോയെ പോലീസ് സ്റ്റേഷനിലേക്ക് വരെ എത്തിച്ച സംഭവവികാസങ്ങള്‍ മൂന്നാം സീസണിനെ എങ്ങനെ ബാധിക്കുമെന്ന്് കാത്തിരുന്ന് കാണാം.