കൊല്‍ക്കത്ത: ആദ്യ പാദ സെമിയില്‍ ചെന്നൈയിന്‍ എഫ്‌സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ കനത്ത തോല്‍വി വേട്ടയാടിയ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ഹോം ഗ്രൗണ്ടിലെ ജയവും ഫൈനലിലേക്കുള്ള വഴി തുറന്നില്ല. ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1ന് കൊല്‍ക്കത്ത ജയിച്ചെങ്കിലും സെമിയിലെ ഇരു പാദങ്ങളിലുമായി 4-2 ലീഡോടെ ചെന്നൈയിന്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴിന് ഐഎസ്എല്‍ രണ്ടാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ ഗോവയെ നേരിടും.

ഫൈനലിലെത്താന്‍ വന്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമായ മത്സരത്തില്‍ തുടക്കം ആര്‍ത്തുവിളിക്കുന്ന 68,000ത്തോളം കാണികള്‍ക്കുമുന്നില്‍ തുടക്കം മുതല്‍ കൊല്‍ക്കത്ത അക്രമിച്ചുകളിച്ചു. 22-ാം മിനിറ്റില്‍ തന്നെ ലേകിച്ചിന്റെ ഗോളിലൂടെ കൊല്‍ക്കത്തയ്ക്ക് ഇതിനുള്ള ഫലം ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കളിയുടെ അവസാന നിമിഷങ്ങള്‍ വരെ കൊല്‍ക്കത്തയുടെ ഗോള്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ എഡലും നിര്‍ഭാഗ്യവും അവര്‍ക്ക് വിലങ്ങുതടിയായി. ആദ്യ സീസണില്‍ കൊല്‍ക്കത്തയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച എഡലിനെ കൈവിട്ടതില്‍ കൊല്‍ക്കത്ത ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകും.

ISL

87-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ടായ ഇയാന്‍ ഹ്യൂം ആണ് മത്സരത്തില്‍ പിന്നീട് വലചലിപ്പിച്ചത്. കൊല്‍ക്കത്ത എതിരില്ലാത്ത രണ്ടു ഗോളുകളുടെ ലീഡ് നേടിയതോടെ ഇരു പാദങ്ങളിലുമായി ഇരു ടീമുകളുടെയും ഗോള്‍ വ്യത്യാസം ഒന്നായി കുറഞ്ഞു. എന്നാല്‍ കൊല്‍ക്കത്തയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് 88-ാം മിനിറ്റില്‍ മെന്‍ഡോസയ്ക്ക് പകരക്കാരനായെത്തിയ ഫിക്രു അധികസമയത്ത് കൊല്‍ക്കത്തയുടെ വലചലിപ്പിച്ചു. ഇതോടെ ചെന്നൈയിന്‍ വ്യക്തമായ ലീഡുമായി ഫൈനലിലേക്ക് മുന്നേറി.

ചിത്രങ്ങള്‍: ഐഎസ്എല്‍ വെബ്‌സൈറ്റ്.