ചെന്നൈ: കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരായ മത്സരത്തില്‍ നിര്‍ത്തിയിടത്തു നിന്ന് തുടങ്ങിയ സ്റ്റീവന്‍ മെന്‍ഡോസയും സംഘവും പോയന്റ് പട്ടികയില്‍ മൂന്നാംസ്ഥാത്തുള്ള ഡല്‍ഹി ഡൈനാമോസിന് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നില്‍. മെന്‍ഡോസ, പെലിസ്സാരി, ജെജെ എന്നിവരാണ് ചെന്നൈയിന്‍ എഫ്‌സിയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഹോം ഗ്രൗണ്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ ചെന്നൈ 17-ാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്തു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മെന്‍ഡോസ തന്നെയാണ് ആദ്യഗോള്‍ നേടിയത്. ഉയര്‍ന്നുവന്ന പന്ത് ഡല്‍ഹി ഗോള്‍ കീപ്പര്‍ മുന്നോട്ടുകയറി ഹെഡ് ചെയ്‌തെങ്കിലും പിന്നാലെയെത്തിയ മെന്‍ഡോസ അനായാസമായി പോസ്റ്റിലെത്തിച്ചു. (സ്‌കോര്‍: 1-0). ഈ സീസണില്‍ മെന്‍ഡോസയുടെ പത്താം ഗോളായിരുന്നു ഇത്.

ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഡല്‍ഹി മുക്തമാകും മുമ്പേ 21-ാം മിനിറ്റില്‍ ചെന്നൈയിന്റെ അടുത്ത ഗോളുമെത്തി. ബോക്‌സിനകത്തു നിന്ന് ജെജെ തൊടുത്ത ഷോട്ട് ഡല്‍ഹി ഗോളി തടുത്തെങ്കിലും ബോക്‌സിനരികില്‍ നിന്ന് ബ്രൂണോ പെലിസാരി കീപ്പറില്ലാത്ത പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഡല്‍ഹിയുടെ പേരുകേട്ട പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി വലയിലെത്തി. (സ്‌കോര്‍: 2-0).

മെന്‍ഡോസയുടെ അതിവേഗ മുന്നേറ്റത്തില്‍ നിന്നാണ് അടുത്ത ഗോളും പിറന്നത്. വിങ്ങിലൂടെ പന്തുമായി കയറിയ മെന്‍ഡോസ കൃത്യസമയത്ത് ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസിന് കാല്‍വെക്കുക എന്ന ചുമതല മാത്രമേ ഇന്ത്യന്‍ താരം ജെജെയ്ക്കുണ്ടായിരുന്നുള്ളൂ. (സ്‌കോര്‍: 3-0).

ചിത്രം: ഐഎസ്എല്‍ വെബ്‌സൈറ്റ്.