ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡയനാമോസിനെതിരെയുള്ള ഈ സീസണിലെ വിടവാങ്ങല്‍ മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് നിരാശ. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ലീഗില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ കേരളത്തിന് ഡല്‍ഹിയുമായി സമനിലയില്‍ പിരിയേണ്ടി വന്നു. ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടിയ മത്സരത്തിന്റെ അവസാന നിമിഷം വരെ ഉദ്വേഗജനകമായിരുന്നു.ഇതുവരെ കണ്ട ബ്ലാസ്‌റ്റേഴ്‌സിനെയല്ല വെള്ളിയാഴ്ച്ച കളത്തില്‍ കണ്ടതെങ്കിലും റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡയനാമോസിനെ കീഴടക്കാന്‍ ബ്ലേസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല.

ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളത്തിന്റെ വലിയിലേക്ക് ഡല്‍ഹിയുടെ ഡോസ് സാന്റോസ് നിറയൊഴിച്ചുകൊണ്ട് ഡല്‍ഹി ഹോം ഗ്രൗണ്ടിലെ കാണികളെ ആവേശത്തിലാഴ്ത്തി. ഏഴാം മിനുട്ടില്‍ പിറന്ന ഗോള്‍ ഫ്‌ളോറണ്ട് മലൂദ ചിപ്പ് ചെയ്ത് നല്‍കിയ മനോഹരമായ ഒരു പാസില്‍ നിന്നായിരുന്നു. എന്നാല്‍ ഇതുവരെ കണ്ട കേരള ബ്ലാസ്റ്റേഴ്‌സിനെയല്ല പിന്നീട് കണ്ടത്. മൂന്നു മിനുട്ടുകള്‍ക്കകം കേരളം ഗോള്‍ മടക്കി. ഡല്‍ഹിയുടെ അന്നാസ് എടത്തൊടിക പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിശകില്‍ നിന്നായിരുന്നു ക്രിസ് ഡാഗ്നലിന്റെ ഗോള്‍. 

തുടര്‍ന്നുള്ള നിമിഷങ്ങളില്‍ കേരളം അക്രമിച്ചു കളിച്ച് തുടരെ അവസരങ്ങള്‍ സൃഷ്ടിച്ചു. 19ാം മിനുട്ടില്‍ പീറ്റര്‍ റാമേജ് നല്‍കിയ ഒരു മനോഹരമായ ക്രോസ് ക്രിസ് ഡഗ്നലിന് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. അതൊരു ഗോളാവാന്‍ ഒരു സ്പര്‍ശം മാത്രം മതിയായിരുന്നു. അദ്യ 23 മിനുട്ടുകളില്‍ ഡല്‍ഹി ഡയനാമോസാണ് കളിയില്‍ മേധാവിത്ത്വം പുലര്‍ത്തിയത്. 30ാം മിനുട്ടില്‍ കോയിമ്പ്ര കേരളത്തിന്റെ ലീഡുയര്‍ത്തി. 33ാം മിനുട്ടില്‍ ഡല്‍ഹിക്ക് ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും കേരളത്തിന്റെ ഗോള്‍ പന്ത് കൈകളിലൊതുക്കി. 39ാം മിനുട്ടില്‍ ആന്റോണിയോ ജര്‍മന്‍ കേരളത്തിന് വേണ്ടി ഒരു ഗോള്‍ കൂടിയടിച്ച് ലീഡ് രണ്ടാക്കി ഉയര്‍ത്തി. കേരളം കളിയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന തോന്നല്‍ ഒരു മിനുട്ടിലധികം നീണ്ടുനിന്നില്ല. 40ാം മിനുട്ടില്‍ അദില്‍ നബി ഗോള്‍ മടക്കി. മാമയുടെ ക്രോസില്‍ നിന്നും ഹെഡറിലൂടെയാണ് നബി ഗോള്‍ നേടിയത്. 70ാം മിനുട്ടില്‍ ഡോസ് സൈന്റോസ് ഗോളിനടുത്തെത്തിയെങ്കിലും കേരളത്തിന്റെ ഡിഫന്‍ഡര്‍ പന്ത് ക്ലിയര്‍ ചെയ്തു. 

80 മിനുട്ട് പിന്നിട്ടതിന് ശേഷം ഡല്‍ഹി സമനിലപിടിക്കാന്‍ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മുമ്പൊന്നും പ്രകടിപ്പിക്കാത്ത മികവാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര കാഴ്ച്ച വെച്ചത്. 90 മിനുട്ട് കളിയവസാനിക്കുമ്പോള്‍ കേരളം ആശ്വാസ ജയം ഉറപ്പിച്ചിരിക്കുകയായിരുന്നു. പക്ഷ ഇഞ്ച്വറി ടൈമിന്റെ ആദ്യ മിനുട്ടില്‍ തന്നെ ഡല്‍ഹിയുടെ സമനില ഗോളെത്തി. പോസ്റ്റിന് 30 വാരക്ക് പുറത്ത് നിന്ന് സെനാജിന്റെ ലോംഗ് റേഞ്ചര്‍ വളഞ്ഞ് പുളഞ്ഞ് കേരളത്തിന്റെ വലകുലുക്കി.

ബ്ലാസ്‌റ്റേഴ്‌സിന് ബാക്കി നിരാശ മാത്രം