ഗുവാഹട്ടി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയ്ക്ക് എതിരായ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് ഉജ്ജ്വല ജയം. ആദ്യ പകുതിയില്‍ 2-1 ന് മുന്നിട്ടുനിന്ന ഗോവ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ജയം ആധികാരികമാക്കി.

ഹോം ഗ്രൗണ്ടായ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ തുടക്കത്തിലേ ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 12-ാം മിനിറ്റില്‍ ഫ്രാന്‍സിസ് ദാദ്‌സീയിലൂടെ യുണൈറ്റഡ് മുന്നിലെത്തി.

ഗോള്‍ വീണതോടെ ഉണര്‍ന്ന ഗോവയുടെ ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ 28-ാം മിനിറ്റില്‍ ഫലം കണ്ടു. ബ്രസീലിയന്‍ താരം ജോനാഥന്‍ ലൂക്കയാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. 

Mandar Rao

സമനില പിടിച്ച് രണ്ട് മിനിറ്റിനകം തന്നെ ഗോവ ലീഡ് നേടുകയും ചെയ്തു. 30-ാം മിനിറ്റില്‍ മറ്റൊരു ബ്രസീലിയന്‍ താരമായ റെയ്‌നാള്‍ഡോയാണ് ഗോവയ്ക്ക് ലീഡ് നേടിക്കൊടുത്തത്.

രണ്ട് ഗോള്‍ വീണതോടെ നോര്‍ത്ത് ഈസറ്റ് പ്രതിരോധത്തിലായി. തുടക്കത്തിലുണ്ടായ മേല്‍ക്കൈ നഷ്ടമാക്കിയ ഈസ്റ്റ് താരങ്ങള്‍ പലപ്പോഴും അനാവശ്യ പിഴവുകളും വരുത്തി.

രണ്ടാം പകുതിയിലും തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി ഗോവ ആധിപത്യം പുലര്‍ത്തി. എഴുപതാം മിനിറ്റില്‍ ഗോവന്‍ താരങ്ങളുടെ കൃത്യമായ ഒരു മുന്നേറ്റത്തിനൊടുവില്‍ പകരക്കാരനായിറങ്ങിയ യുവ ഇന്ത്യന്‍ താരം മന്ദര്‍റാവു ദേശായി നോര്‍ത്ത് ഈസ്റ്റ് ഗോളിയെ വെട്ടിച്ച് പന്ത് വലയിലാക്കി.

മത്സരം അവസാനത്തോടടുത്തപ്പോള്‍ പ്രതീക്ഷ നല്‍കുന്ന നീക്കങ്ങളുമായി നോര്‍ത്ത് ഈസ്റ്റ് ഗോവന്‍ പോസ്റ്റിലേക്ക് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. 78-ാം മിനിറ്റില്‍ കോര്‍ണറിലൂടെ ലഭിച്ച സുവര്‍ണാവസരം നോര്‍ത്ത് ഈസ്റ്റ് താരം നിക്കോളാസ് വെലസ് നഷ്ടമാക്കുകയും ചെയ്തു.

Sanju Pradhan

അവസരങ്ങള്‍ നഷ്ടപ്പെടുത്തില്‍ ഗോവയും പിന്നിലായിരുന്നില്ല 79-ാം മിനിറ്റില്‍ മന്ദര്‍ റാവുവിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പാഴായി. 83-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം റെയ്‌നാള്‍ഡോയും നഷ്ടമാക്കി.

ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തെത്തി. അതേസമയം മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാനാകാത്ത നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.