ചെന്നൈ: ലീഗ് ഘട്ടത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉജ്ജ്വല ജയം. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-1ന് തോല്‍പിച്ച  ചെന്നൈ ടീം ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ചു. ബ്ലാസ്‌റ്റേഴ്‌സുമായുള്ള കളിയ്ക്ക് മുമ്പ് അവസാന സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ ആദ്യ നാലില്‍ ഇടംപിടിച്ചു.

ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നിട്ടുനിന്ന ചെന്നൈയിന്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ജയം നാലു ഗോളുകളുടേതാക്കി. ഇന്ത്യന്‍ താരം ജെജെ രണ്ടു ഗോള്‍ നേടിയപ്പോള്‍ മെന്‍ഡോസയും ബ്രൂണോയും ഓരോ ഗോള്‍ സ്വന്തമാക്കി. ടൂര്‍ണമെന്റ് ടോപ് സ്‌കോററായ മെന്‍ഡോസ ഈ മത്സരത്തിലൂടെ തന്റെ ഗോള്‍ നേട്ടം പത്തായി ഉയര്‍ത്തി.

Chennaiyin-Delhi
ചിത്രം: വി രമേഷ്.

 

ഹോം ഗ്രൗണ്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ ചെന്നൈ 17-ാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്തു. മെന്‍ഡോസ തന്നെയാണ് ആദ്യ ഗോള്‍ നേടിയത്. ഉയര്‍ന്നുവന്ന പന്ത് ഗോവന്‍ ഗോള്‍ കീപ്പര്‍ മുന്നോട്ടുകയറി ഹെഡ് ചെയ്‌തെങ്കിലും പിന്നാലെയെത്തിയ മെന്‍ഡോസ അനായാസമായി പോസ്റ്റിലെത്തിച്ചു. (സ്‌കോര്‍: 1-0).

ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഡല്‍ഹി മുക്തമാകും മുമ്പേ 21-ാം മിനിറ്റില്‍ ചെന്നൈയിന്റെ അടുത്ത ഗോളുമെത്തി. ബോക്‌സിനകത്തു നിന്ന് ജെജെ തൊടുത്ത ഷോട്ട് ഡല്‍ഹി ഗോളി തടുത്തെങ്കിലും ബോക്‌സിനരികില്‍ ബ്രൂണോ പെലിസാരി കീപ്പറില്ലാത്ത പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗോവന്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ വലയിലെത്തി. (സ്‌കോര്‍: 2-0).

Chennaiyin-Delhi
ചിത്രം: വി രമേഷ്.

 

മെന്‍ഡോസയുടെ അതിവേഗ മുന്നേറ്റത്തില്‍ നിന്നാണ് അടുത്ത ഗോളും പിറന്നത്. വിങ്ങിലൂടെ പന്തുമായി കയറിയ മെന്‍ഡോസ കൃത്യസമയത്ത് ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസിന് കാല്‍വെക്കുക എന്ന ചുമതല മാത്രമേ ഇന്ത്യന്‍ താരം ജെജെയ്ക്കുണ്ടായിരുന്നുള്ളൂ. (സ്‌കോര്‍: 3-0).

54-ാം മിനിറ്റില്‍ ചെന്നൈയിന്റെ നാലാം ഗോളും പിറന്നു. ഡല്‍ഹി പോസ്റ്റിനകത്ത് ഗോള്‍ കീപ്പറെ വെട്ടിച്ച് മെന്‍ഡോസ പാസ് ചെയ്ത പന്ത് ഡല്‍ഹി പ്രതിരോധക്കാരന്റെ കാലില്‍ തട്ടി എത്തിയത് ജെജെയ്ക്ക് മുന്നില്‍. പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ട് ജെജെ തന്റെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. (സ്‌കോര്‍: 4-0).

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി ചെന്നൈയിന്‍ നാലാം സ്ഥാനത്തെത്തി. ആറ് ഗോളിന്റെ മികച്ച ഗോള്‍ ശരാശരിയും അവര്‍ക്കുണ്ട്. തോറ്റെങ്കിലും 11 കളികളില്‍ 18 പോയന്റുള്ള ഡല്‍ഹി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.