ധ്യനിരയെ വിശ്വാസത്തിലെടുക്കാത്ത ഗെയിംപ്ലാന്‍ മാറ്റാന്‍ പീറ്റര്‍ ടെയ്‌ലര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാല് കളികള്‍ക്ക് ശേഷം സാധാരണ ഫുട്‌ബോള്‍ പ്രേമികള്‍ പരസ്പ്പരം ചോദിക്കുന്ന ചോദ്യമാണിത്. ആദ്യമത്സരത്തില്‍ വിങ്ങിലൂടെയുളള ആക്രമണം ഫലപ്രദമായിരുന്നെങ്കില്‍ പിന്നീടുളള മൂന്ന് മത്സരങ്ങളിലും ഇത് പരാജയമായിരുന്നു. എന്നിട്ടും 5-3-2 ശൈലിയില്‍ നിന്ന് മാറാന്‍ പരിചയസമ്പന്നനായ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മടികാണിക്കുന്നു.
 
കൊല്‍ക്കത്തക്കെതിരെ കളിയുടെ അവസാന 20 മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചതാണ് അവരുടെ സീസണിലെ മികച്ച ആക്രമണ ഗെയിം. സാഞ്ചസ് വാട്ടും ക്രിസ് ഡാഗ്നലും പുള്‍ഗയും കളിച്ച ഗെയിം ഇതിന് മുമ്പോ ശേഷമോ ടീം പുറത്തെടുത്തിട്ടില്ല. ആക്രമണത്തില്‍ ടീമിന് ശോഭിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു മത്സരം. എന്നാല്‍ പ്രതിരോധത്തിലൂന്നി, വീണുകിട്ടുന്ന ഗോളുകള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ ടെയ്‌ലറെ പ്രേരിപ്പിക്കുന്നത് റിസര്‍വ് ബഞ്ചിന്റെ ശേഷി കുറവാണോ അത് ഭാവനസമ്പന്നരായ കളിക്കാരുടെ അഭാവമാണോ എന്നാണറിയേണ്ടത്.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌

രണ്ട് മികച്ച വിങ്ങ്ബാക്കുകളുണ്ടെങ്കില്‍ വിജയിക്കാന്‍ കഴിയുന്ന തന്ത്രമാണ് 5-3-2 ശൈലി. ഇടതുവിങ്ങില്‍ മലയാളി താരം വിനീത് ഉണ്ട്. എന്നാല്‍ വലതുവിങ്ങില്‍ രാഹുല്‍ ഭെക്കേ കയറികളിക്കാന്‍ മിടുക്കനല്ല. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഇരു വിങ്ങുകളില്‍ നിന്നുമായി ബോക്‌സിലേക്ക് വന്ന ക്രോസുകളുടെ എണ്ണം കേവലം 17 മാത്രമാണ്. കൊല്‍ക്കത്ത, നോര്‍ത്ത് ഈസ്റ്റ് ടീമുകള്‍ക്കെതിരെ 16 ക്രോസുകളും മുംബൈക്കെതിരെ 22 ക്രോസുകളുമാണ് ടീമില്‍ നിന്നുണ്ടായത്. വിങ്ങിലൂടെ ആക്രമണം നടത്തുന്ന ടീമില്‍ നിന്നുണ്ടാകേണ്ട പ്രകടനമല്ല ഇത്. ഇതില്‍ തന്നെ ടീമില്‍ നിന്ന് ഗോളുണ്ടാകാത്തതിന്റെ കാരണം വ്യക്തമാണ്.

സന്ദേശ് ജിംഗനെ വലതുവിങ്ങിലും വിനീതിനെ ഇടതുവിങ്ങിലും കളിപ്പിച്ച് മുന്ന് വിദേശ താരങ്ങള്‍ പ്രതിരോധത്തിലും മധ്യ-മുന്നേറ്റനിരങ്ങളില്‍ ഓരോ വിദേശതാരങ്ങളെയും ഇറക്കിയാല്‍ ഇപ്പോഴത്തെ ഫോര്‍മേഷന്‍ ഫലപ്രദമായേക്കും. ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന ശൈലിയിലാണ് ആദ്യ മത്സരത്തില്‍ ഡല്‍ഹി ഗോവക്കെതിരെ കളിച്ചത്. തോറ്റതോടെ അവര്‍ ശൈലിയും ഉപേക്ഷിച്ചു.

ബ്ലാസ്റ്റേഴ്‌സിന് പരമ്പരാഗത 4-4-2  അല്ലെങ്കില്‍ ആധുനിക രീതിയിലുളള 4-2-3-1 ശൈലിയും പരീക്ഷിക്കാവുന്നതാണ്. മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായ മെഹ്താബ്, മര്‍ച്ചേന, പുള്‍ഗ എന്നിവരും അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍മാരായ ഹോസു, കെവിന്‍ ലാബോ, വിനീത്, അന്റോണിയോ ജെര്‍മെയ്ന്‍ എന്നിവരും ടീമിലുളളപ്പോള്‍ 4-2-3-1 ശൈലില്‍ കളിച്ചുനോക്കാവുന്നതാണ്. 

വിങ്ങിലൂടെയുളള ആക്രമണത്തെ എതിരാളികള്‍ ഫലപ്രദമായി തടയുന്നതോടെ കേരള ടീമിന്റെ മുന്നേറ്റം മന്ദഗതിയിലാകുന്നു.  മധ്യനിരയിലെ മൂന്ന് പേരില്‍ രണ്ട് പേര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലേക്ക് വരുന്നതോടെ ഒരാള്‍ മാത്രമാണ് ആക്രമണ സംഘത്തിലുളളത്. വേഗമേറിയ പ്രത്യാക്രമണത്തിന് ഇത് തടസ്സമാകുന്നു. സാഞ്ചസ് വാട്ടിനെ പോലെ എതിര്‍ പ്രതിരോധം തുളച്ചുകയറാന്‍ ശേഷിയുളള മുന്നേറ്റനിരക്കാരനെ വിങ്ങിലൂടെ അപര്‍വ്വമായെത്തുന്ന നീക്കങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ വിടുന്നത് ശരിയായ തന്ത്രമല്ല.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി ടീമുകള്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ അറ്റാക്കിങ് സൂചിക 50 ശതമാനത്തിലും താഴെയാണ്. പ്രതിരോധത്തിലൂന്നിയുളള ഗെയിം പ്ലാനാണ് പരിശീലകന്‍ നടപ്പാക്കുന്നത്.  ആദ്യമത്സരത്തിന് ശേഷം വിങ്ങിലേക്ക് ഡയഗണല്‍ പാസുകളോ മൂന്നേറ്റത്തിലേക്ക് ലോങ് ബോളുകളോ വരുന്നില്ല.

മധ്യനിരയില്‍ പ്ലേമേക്കര്‍ റോളില്‍ കളിക്കാന്‍ കഴിയുന്ന താരത്തിന്റെ അഭാവം പ്രകടമാകുന്നു. കഴിഞ്ഞ സീസണില്‍ പിയേഴ്‌സന്‍ കളിച്ച റോളില്‍ പുള്‍ഗയും ഹോസുവും പരിധിവരെ വിജയമാണ്. എന്നാല്‍ മുഴുവന്‍ സമയം ടീമിന്റെ അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവര്‍ക്കാകുന്നില്ല. മര്‍ച്ചേന, പെറോണ്‍ മെഹ്താബ് എന്നിവര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ നിന്ന് ആക്രമണത്തിലേക്ക് രൂപന്തരപ്പെടാന്‍ കഴിയുന്നവരല്ല.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌

 

നാല് കളിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുളള വിലയിരുത്തലാണിത്. സൂപ്പര്‍ ലീഗില്‍ കേരള ടീമിന്റെ കഥ കഴിഞ്ഞിട്ടൊന്നുമില്ല. കളിയേറെ കണ്ട ടെയ്‌ലര്‍ക്ക് തന്ത്രങ്ങളൊതി കൊടുക്കേണ്ട ആവശ്യവുമില്ല. എന്നാല്‍ മൂന്ന്  ഹോം മത്സരത്തിലും കളി കാണാനെത്തിയ 60,000ത്തിലേറെ കാണികള്‍ നിഷേധാത്മക മത്സരം കാണാനല്ല എത്തുന്നതെന്ന ബോധം ടീം മാനേജ്‌മെന്റിനുണ്ടാകണം. ഔദ്യോഗിക ലീഗ് മത്സരമല്ല സൂപ്പര്‍ ലീഗ്. ഇത് ഫുട്‌ബോള്‍ കാര്‍ണിവലാണ്. ഗോളുകള്‍ പിറക്കുന്ന, നിരന്തര ആക്രമണമുളള ഫുട്‌ബോള്‍ കാണാനാണ് ആളുകൂടുന്നത്. അവര്‍ക്ക് വേണ്ടത് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഐലീഗ് എന്ന ഇന്ത്യന്‍ ദേശീയ ലീഗ് മാതൃകയായി മുന്നിലുണ്ട്.