കൊല്‍ക്കത്ത: ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച കൊല്‍ക്കത്തയ്ക്ക് നിമിഷങ്ങള്‍ക്കകം മറുപടി നല്‍കി മുംബൈ സിറ്റി അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കി. പോയന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരായ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് മുംബൈ അവസാന സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കയറി. മുംബൈ മുന്നേറിയതോടെ 14 മത്സരങ്ങളില്‍ 13 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ അവസാന സ്ഥാനമുറപ്പിച്ചു.

അധികസമയത്ത് നേടിയതടക്കം രണ്ട് ഗോളുകള്‍ നേടിയ സോണി നോര്‍ദെയാണ് മത്സരം മുംബൈയുടെ വഴിയിലെത്തിച്ചത്. 26-ാം മിനിറ്റില്‍ നോര്‍ദെ നേടിയ ഗോളിലൂടെ മുംബൈ തന്നെയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കവേ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയെ സമനിലയിലെത്തിച്ചു.

സീസണില്‍ ഹ്യൂമിന്റെ പത്താം ഗോളായിരുന്നു ഇത്. 11 ഗോളുകളുള്ള ചെന്നൈയിന്‍ താരം മെന്‍ഡോസയും തമ്മിലാണ് രണ്ടാം സീസണില്‍ ഗോള്‍വേട്ടയില്‍ പോരാട്ടം.

Hume

1-1 സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിയ്ക്ക് ശേഷം ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍ പിറന്നത് 82-ാം മിനിറ്റിലാണ്. പെനാല്‍റ്റിയിലൂടെ തന്നെയായിരുന്നു മുംബൈയുടെ തിരിച്ചടി. കിക്കെടുത്ത സുനില്‍ ഛേത്രി സമര്‍ത്ഥമായി ഗോള്‍ കീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. (സ്‌കോര്‍: 2-1).

എന്നാല്‍ 90-ാം മിനിറ്റില്‍ അരാത്ത ഇസുമിയുടെ അപ്രതീക്ഷിത ഗോളിലൂടെ കൊല്‍ക്കത്ത വീണ്ടും സമനില പിടിച്ചു. (2-2). മത്സരം സമനിലയെന്നുറപ്പിച്ച നിമിഷത്തിലാണ് നോര്‍ദെ വീണ്ടും മുംബൈയുടെ രക്ഷകനായവതരിച്ചത്. അധിക സമയത്ത് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ നോര്‍ദെ ടീമിന്റെ വിജയവുമുറപ്പിച്ചു. (3-2).

14 മത്സരങ്ങളില്‍ 23 പോയന്റുള്ള കൊല്‍ക്കത്ത ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ്. 22 പോയന്റ് വീതമുള്ള ഗോവയും ഡല്‍ഹിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 20 പോയന്റുമായി നോര്‍ത്ത് ഈസ്റ്റാണ് നാലാമത്. എന്നാല്‍ ലീഗ് റീണ്ടിയെല 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നാളെ നടക്കുന്ന ചെന്നൈയിന്‍-പുണെ മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും നോര്‍ത്ത് ഈസ്റ്റിന്റെ സെമി പ്രവേശനം. 

19 പോയന്റുള്ള ചെന്നൈയിന്‍ ജയിച്ചാല്‍ 22 പോയന്റോടെ  അവര്‍ ആദ്യ നാലില്‍ ഇടംപിടിക്കും മത്സരം സമനിലയില്‍ കലാശിച്ചാലും ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ചെന്നൈയിന്‍ തന്നെയാകും സെമിയിലെത്തുക. പുണെ ജയിച്ചാല്‍ ഏഴാം സ്ഥാനം ആറാം സ്ഥാനമായി മെച്ചപ്പെടുത്താം.