ഗോവ: ഫത്തോര്‍ഡയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തിന് പന്തുരുളാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഒറ്റയാള്‍ പോരാട്ടമായിരിക്കില്ല ഫൈനല്‍. എങ്കിലും ഒറ്റയ്ക്ക് തന്നെ മത്സരഗതി മാറ്റിമറിച്ചേക്കാവുന്ന ചിലരെങ്കിലുമുണ്ട് എഫ്.സി.ഗോവയുടെയും ചെന്നൈയിന് എഫ്.സി.യുടെയും അണിയില്‍.
സ്റ്റീവന്‍ മെന്‍ഡോസ (ചെന്നൈയിന് എഫ്.സി)
ചെന്നൈയിന്റെ പ്രധാന ആയുധമാണ് ഈ കൊളംബിയന്‍ സ്ട്രൈക്കര്‍. പന്ത്രണ്ട് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററാണ്. മെന്‍ഡോസയെ തളയ്ക്കുകയാവും ഗോവ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
റിയനാള്‍ഡോ ഡി ക്രൂസ് ഒലിവിയേര (എഫ്.സി.ഗോവ)
ഗോള്വര്ഷത്തിനായി എഫ്.സി. ഗോവ ഉറ്റുനോക്കുന്നത് ഒലിവിയേരയുടെ ബൂട്ടുകളെയാണ്. ഈ സീസണില്‍ ഗോവ നേടിയ ഗോളുകള്‍ ഏറെയും ഈ ബ്രസീലിയന്‍ സ്ട്രൈക്കറുടെ വകയാണ്. ഏഴ് ഗോളാണ് ഇതുവരെ വലയിലാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി.ക്കുവേണ്ടി കളിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.
എലാനോ ബ്ലൂമര്‍ (ചെന്നൈയിന് എഫ്.സി)
ഈ സീസണില്‍ ചെന്നൈയിന്റെ കുതിപ്പിന്റെ ചാലക ശക്തി മുപ്പത്തിനാലുകാരനായ ഈ മിഡ്ഫീല്ഡറാണെന്നതില് സംശയമില്ല. നാലു ഗോളാണ് എലാനോയുടെ സമ്പാദ്യം. ഏറ്റവും കൂടുതല്‍ തവണ ഗോള്‍മുഖത്തേയ്ക്ക് നിറയൊഴിച്ചവരില്‍ മൂന്നാം സ്ഥാനത്താണ് എലാനോ.
റോമിയോ ഫെര്‍ണാണ്ടസ് (എഫ്.സി. ഗോവ)
സീണില്‍ ഉടനീളം ഉജ്വല ഫോമിലാണ് ഈ വിംഗര്‍. ഐ.എസ്.എല്ലിലെ മികവുറ്റ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രസീലിയന്‍ ക്ലബായ അത്ലറ്റിക്കോ പാരനെയ്ന്സില് റോമിയോ കയറിപ്പറ്റിയത്. ഏതെങ്കിലുമൊരു ബ്രസീലിയന്‍ ക്ലബിനുവേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് റോമിയോ. സെമിയുടെ ആദ്യപാദത്തില്‍ ഡല്‍ഹിക്കെതിരെ നേടിയ രണ്ട് ഗോളും റോമിയോയുടെ വകയായിരുന്നു.
തോയ് സിങ് (ചെന്നൈയിന് എഫ്.സി)
ഐ.എസ്.എല്‍. രണ്ടാം സീസണിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് തോയ് സിങ്. 67 ടാക്കിളാണ് ഈ ഇന്ത്യന്‍ യുവതാരത്തിന്റെ ക്രെഡിറ്റിലുള്ളത്. അത്ലറ്റിക്കോയ്ക്കെതിരായ രണ്ടാം പാദ സെമിയില്‍ ചെന്നൈയിന് ജയമൊരുക്കിയതില് സുപ്രധാന പങ്ക് വഹിച്ചത് തൊയ് സിങ്ങാണ്.
ലിയോ മൗറ (എഫ്.സി. ഗോവ)
മധ്യനിരയില്‍ കഠിനാധ്വാനിയാണ് ഈ ബ്രസീലിയന്‍ താരം. മിഡ്ഫീല്‍ഡില്‍ ഉദയം കൊള്ളുന്ന ഭൂരിഭാഗം നീക്കങ്ങളുടെയും സൃഷ്ടാവാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളവസരം ഒരുക്കിയത് മൗറയാണ്. എട്ട് തവണ. മധ്യനിരയില്‍ സീക്കോയുടെ സൈന്യത്തിന് മേല്‍ക്കൈ നേടണമെങ്കില്‍ മൗറ ഫോമിലേയ്ക്ക് ഉയര്‍ന്നേ പറ്റൂ.