ന്ത്യന്‍ സൂപ്പര്‍ലീഗില്‍ വൈകിയുണ്ടായ ടീമായിരുന്നു ചെന്നൈയിന്‍ എഫ്.സി. ബെംഗളുരു ആസ്ഥാനമായി ഫ്രാഞ്ചൈസി വിളിച്ചെടുത്ത സണ്‍ഗ്രൂപ്പ് പിന്മാറിയതോടെ ടീമുകളുടെ എണ്ണം തികയ്ക്കാന്‍ സംഘാടകര്‍ തട്ടികൂട്ടിയ ക്ലബ്ബ്. പ്രഥമ സീസണില്‍ കളിക്കാരുടെ ലേലത്തില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് പങ്കെടുത്തത്. പരിശീലനത്തില്‍ കഴിവു തെളിയിക്കാത്ത, കളിക്കളത്തിലെ അച്ചടക്കമില്ലായ്മക്ക് പേര് കേട്ട, സിദാനുമായി കൊമ്പുകോര്‍ത്ത് നെഞ്ചില്‍ തലകൊണ്ട് ഇടിയേറ്റ വീണ മാര്‍ക്കോ മറ്റെരാസിയെ പരിശീലകന്‍ കം പ്ലെയറായി ടീമിലേക്ക് കൊണ്ടുവരുമ്പോള്‍ മൂപ്പെത്താത്ത തീരുമാനമായിട്ടാണ് ഫുട്‌ബോള്‍ വിദഗ്ദര്‍ അതിനെ കണ്ടത്. എന്നാല്‍ ആദ്യ സീസണില്‍ നേരിയ വ്യത്യാസത്തിന് വഴുതിപോയ കിരീടം രണ്ടാം സീസണില്‍ കൈപ്പിടിയിലൊതുമ്പോള്‍ മറ്റെരാസി ചെന്നൈയിന്‍ ആരാധകര്‍ക്ക് വീരനായകനാകുകയാണ്.

കരിയറില്‍ 60 മഞ്ഞകാര്‍ഡുകളും 25 ചുവപ്പുകാര്‍ഡുകളും കണ്ട കടുപ്പക്കാരനായ പ്രതിരോധനിരക്കാരനില്‍ നിന്ന് പ്രാക്ടിക്കലായ പരിശീലകനിലേക്കുളള മാറ്റത്തിന്റെ പ്രതിഫലമാണ് രണ്ടാം സീസണിലെ കിരീടം. ആദ്യസീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സെമിയില്‍ ചുവപ്പുകാര്‍ഡ് ടീമിനെ പുറത്തേക്ക് നയിച്ച മറ്റെരാസിയില്‍ നിന്ന് വളരെ വലിയ മാറ്റം. ഇത്തവണ ഇറ്റാലിയന്‍ പരിശീലകന്‍ ആദ്യ തീരുമാനം കളിക്കാനില്ലെന്നതായിരുന്നു. കിരീടവിജയത്തോടെ അത് ന്യായീകരിക്കപ്പെട്ടു. പ്രതിരോധത്തില്‍ വെറ്ററന്‍ താരമായി കളിക്കുന്നതിനേക്കാള്‍ മുഴുവന്‍ സമയ പരിശീലകനായി മാറുന്നതിന്റെ ഇരട്ട ഗുണമാണ് ടീമിന് ലഭിച്ചത്.

isl

മികച്ച തന്ത്രങ്ങളേക്കാള്‍ ലഭ്യമായ കളിക്കാരെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനായതാണ് ചെന്നൈയിന്റെ വജയത്തിന് ആധാരം. എലാനോയേയും മെന്‍ഡോസയേയും മാറ്റിനിര്‍ത്തിയാല്‍ വമ്പന്‍ കളിക്കാരുടെ സാന്നിധ്യം ടീമില്‍ കുറവാണ്. എടുത്തു പറയാന്‍ മെന്‍ഡിയും എഡലുമായിരുന്നു പിന്നെ ഉണ്ടായിരുന്നു. ഇത്തവണ കളിക്കാരുടെ തെരഞ്ഞെടുപ്പ് മുതല്‍ മറ്റെരാസി കളി തുടങ്ങിയിരുന്നു. മികച്ച ഗോള്‍കീപ്പര്‍മാരായ എഡലും കരണ്‍ജിത്തും ടീമിലെത്തി. ഫിക്രുവിനേയും മെന്‍ഡോസയേയും മുന്നേറ്റത്തില്‍ ഉറപ്പിച്ച ശേഷം ജെജെ ലാല്‍ പെഖുല, ബല്‍വന്ത് സിങ്ങ്, ജയേഷ് റാണെ എന്നീ യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തി. പ്രതിരോധത്തില്‍ ധനചന്ദ്രസിങ്ങും മധ്യനിരയില്‍ തോയ്‌സിങ്ങ്, ഹര്‍മജ്യോത് കാമ്പ്ര എന്നവരുമെത്തി. റാഫേല്‍ അഗുസ്‌തോ, മാനുവല്‍ ബ്ലാസി, ബ്രൂണോ പെലെസാറി എന്നീ മികച്ച വിദേശതാരങ്ങളേയും ടീമിലെത്തിച്ചു.

4-3-1-2 ശൈലിയിലാണ് ടീം കുടുതലും കളിച്ചത്. മറ്റ് നാല് ഫോര്‍മേഷന്‍ കൂടി പല കളികളിലുമായി ടീം പരീക്ഷിച്ചു. എന്നാല്‍ മറ്റെരാസിയുടെ വിജയഫോര്‍മുല രൂപപ്പെട്ടത് പത്താമത്തെ കളിക്ക് ശേഷമായിരുന്നു. നാല് കളി ബാക്കി നില്‍ക്കെ ടീം അവസാന സ്ഥാനത്ത്. ഇതോടെ ഫോര്‍മേഷനും ടീമും അഴിച്ചുപണിതു. 4-3-3 യിലേക്ക് ടീം മാറി. മുന്നേറ്റത്തില്‍ മെന്‍ഡോസ-ജെജെ ലാല്‍പെഖുല- ബ്രുണോ പെലെസാറി സഖ്യം വന്നു. മധ്യനിരയില്‍ തോയ് സിങ്ങിനെ കേന്ദ്രകഥാപാത്രമാക്കി. ബ്ലാസിയും എം.പി സക്കീറും സഹകളിക്കാരായി. പ്രതിരോധത്തില്‍ മെന്‍ഡിയും ധചന്ദ്രസിങ്ങും മെയ്ല്‍സണും സ്ഥിരക്കാരായി. ഗോളിയായ എഡലും. കഴിഞ്ഞ സീസണിന്റെ ഫോമിലേക്കുയരാതെ പോയ എലാനോയെ പലപ്പോഴും പകരക്കാരനാക്കി. ഇതോടെ ടീമിന്റെ കളിമാറി. വന്‍വിജയങ്ങളുമായി ടീം ഫൈനലിലേക്ക് കുതിച്ചു. കലാശക്കളിയില്‍ പിന്നിട്ട് നിന്ന ശേഷം ടീം ജയം പിടിച്ചെടുത്തു.

isl

നിര്‍ണായക സമയത്ത് കൃത്യമായ മാറ്റങ്ങള്‍, കളിക്കാരുടെ കഴിവുകള്‍ അറിഞ്ഞുളള ഇലവനുകള്‍. രണ്ട് സീസണ്‍ കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിനെ ശരിക്കും മനസിലാക്കിയാണ് മറ്റെരാസി ടീമിനെ ഇറക്കിയത്. അവസാന ആറ് കളികളില്‍ അഞ്ചിലും മലയാളി താരം എം.പി സക്കീറിനെ പരീക്ഷിച്ചതും പ്രതിരോധത്തിലേക്ക് പരിചയസമ്പന്നനായ മെഹ്‌റാജുദ്ദീന്‍ വാഡുവിനെ നിയോഗിച്ചതും ചെറിയ തന്ത്രങ്ങള്‍. ഫൈനലില്‍ എലാനോയേയും ജയേഷ് റാണയേയും പകരക്കാരാക്കി ഇറക്കിയത് ടീമിനെ കിരീടത്തിലേക്കാണ് നയിച്ചത്. മെന്‍ഡോസയെന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് കളിക്കളത്തില്‍ കയറിയും ഇറങ്ങിയും കളിക്കാന്‍ പരിശീലകന്‍ അനുവദിച്ചു. മെന്‍ഡോസ ഒഴികെ ആര്‍ക്കും ഇത്തരമൊരു ആനുകൂല്യം ലഭിച്ചിരുന്നില്ല.  ഗെയിം മനസിലാക്കാന്‍ കൊളംബിയന്‍ താരത്തിനുളള കഴിവാണ് ഇത്തരമൊരു ഗെയിംപ്ലാനിന് കാരണം. ധനചന്ദ്രസിങ്ങിനെ ഇടതുവിങ്ങിലൂടെ കയറി കളിക്കാന്‍ ചില മത്സരങ്ങളില്‍ നിയോഗിച്ചതും ഗുണം ചെയ്തു.

കിരീടജയത്തോടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ തനിക്കുണ്ടായിരുന്ന മോശം പ്രതിഛായയാണ് മറ്റെരാസി കഴുകികളഞ്ഞത്. സീക്കോ, റോബര്‍ട്ടോ കാര്‍ലോസ്, ഡേവിഡ് പ്ലാറ്റ്, തുടങ്ങിയ വമ്പന്‍ പരിശീലകര്‍ക്ക് ലഭിക്കാത്ത നേട്ടമാണ് കരിയറിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ചത്. ആഗോളതലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കാണികളുടേയും ജനപ്രീതിയുടേയും കണക്കെടുപ്പില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ മറ്റെരാസിക്ക് കിരീടനേട്ടം  വ്യക്തിപരമായും ഗുണം ചെയ്യും.

രണ്ടാം സീസണില്‍ അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാത്ത പരിശീലകനായിരുന്നു മറ്റെരാസി. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും പരിധിവിടാത്ത വികാരപ്രകടനം. സിദാനെ പ്രകോപിപ്പിച്ച് സ്വയം അപമാനിതനായ ഭാവിയില്‍ നിന്ന് മറ്റെരാസിക്ക് മോചനം ലഭിക്കുകയാണ്. പരിശീലക കരിയറില്‍ പുതിയ ഭാവിയും.