കൊച്ചി: നിര്‍ണായക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആഘാതമായി സാഞ്ചസ് വാട്ടിനേയും ടീമിന് നഷ്ടമാകുന്നു. പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ സാഞ്ചസ് വാട്ടിന് ബ്ലാസ്റ്റേഴ്‌സിനായി കളിക്കാനാകില്ലെന്ന് ഉറപ്പായി.
 
പരിക്കേറ്റ് മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേനയും നേരത്തെ ബ്ലാസ്റ്റേഴ്‌സ് ടീം വിട്ടിരുന്നു. സാഞ്ചസിന് പകരക്കാരനെ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീവ്ര ശ്രമത്തിലാണ്.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലാണ് സാഞ്ചസിന് പരിക്കേറ്റത്. പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിനെ കരകയറ്റിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സാഞ്ചസ്. ആഴ്‌സനല്‍ യൂത്ത് അക്കാദമിയുടെ താരമായ സാഞ്ചസ് ബ്ലാസ്റ്റേഴ്‌സിനായി രണ്ട് ഗോളുകളും നേടിയിരുന്നു.