പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ചെന്നൈയിന്‍ എഫ്.സി ടീം ക്യാപ്റ്റനും ബ്രസീല്‍ താരവുമായ എലാനോ ബ്ലൂമര്‍ അറസ്റ്റിലായി. എഫ്.സി ഗോവ സഹഉടമ ദത്താരാജ് സാല്‍ഗോക്കറെ കയ്യേറ്റം ചെയ്തുവെന്ന കേസിലാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ഗോവ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. 

ഞായറാഴ്ച നടന്ന ഐ.എസ്.എല്‍ ഫൈനലില്‍ ഗോവയെ പരാജയപ്പെടുത്തി ചെന്നൈയിന്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ലീഗ് കിരീടം ചൂടിയിരുന്നു. ഇതിനുപിന്നാലെ ഗോവയിലെ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ വിജയാഘോഷം നടക്കുന്നതിനിടെ എലാനോ തന്നെ കൈയ്യേറ്റം ചെയ്തുവെന്നാണ് ദത്താരാജിന്റെ പരാതി. മഡ്ഗാവ് പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്. ചെന്നൈയിന്‍ എഫ്.സി.യെ മോശമായി ചിത്രീകരിക്കാന്‍വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന് എലാനോയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.