കൊല്‍ക്കത്ത: ഗോവ എഫ്‌സിയെ നാല് ഗോളിന് തകര്‍ത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാമത്. 12 മത്സരങ്ങളില്‍ 20 പോയന്റുള്ള അത്‌ലറ്റിക്കോ സെമി സെമി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്തായിരുന്ന ഗോവ 11 മത്സരങ്ങളില്‍ 18 പോയന്റുമായി കൊല്‍ക്കത്തയ്ക്ക് പിന്നിലുണ്ട്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ ആധിപത്യം നിലനിര്‍ത്തിയ കൊല്‍ക്കത്ത ഗോവയ്ക്ക് ഒരവസരവും നല്‍കിയില്ല. മത്സരത്തിന്റെ ഇരു പകുതികളിലും കൊല്‍ക്കത്ത രണ്ടു ഗോള്‍ വീതം നേടി. കൊല്‍ക്കത്തയ്ക്കായി സമേഗ് ഡൗട്ടി (20, 78) രണ്ടു ഗോള്‍ നേടിയപ്പോള്‍ നായകന്‍ ബോര്‍ഹ ഫെര്‍ണാണ്ടസും (22) ഇയാന്‍ ഹ്യൂമും (68) ഓരോ ഗോള്‍ സ്വന്തമാക്കി.

Douti
ഡൗട്ടിയുടെ വിജയാഹ്ലാദം. ഫോട്ടോ: ഐഎസ്എല്‍ വെബ്‌സൈറ്റ്.

 

20-ാം മിനിറ്റില്‍ ജെയ്മി ഗാര്‍വിലാന്‍ വലതു പാര്‍ശ്വത്തില്‍ നിന്നു ഗോവന്‍ പ്രതിരോധം ഭേദിച്ച് നല്‍കിയ പന്ത് സമര്‍ത്ഥമായി ചിപ്പു ചെയ്ത് വലയിലെത്തിച്ച് ഡൗട്ടിയാണ് ഗോവയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടു മിനുറ്റിനുള്ളില്‍ അടുത്ത ഗോളും പിറന്നു. ഗോള്‍ മുഖത്തു നിന്ന് പിന്നിലേക്ക് ഡൗട്ടി നല്‍കിയ പാസ് ബോക്‌സിനരികില്‍ നിന്ന് കരുത്തുറ്റ ഷോട്ടിലൂടെ ഫെര്‍ണാണ്ടസ് ഗോവന്‍ വലയില്‍ എത്തിക്കുകയായിരുന്നു. (സ്‌കോര്‍: 2-0).

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഗോളെന്നുറച്ച പല അവസരങ്ങളും കൊല്‍ക്കത്ത പാഴാക്കി. കൊല്‍ക്കത്തയുടെ ആക്രമണങ്ങള്‍ക്കിടെ ചില മുന്നേറ്റങ്ങളിലൂടെ ഗോവയും പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും 68-ാം മിനിറ്റില്‍ ഡൗട്ടിയെ ബോക്‌സിനകത്ത് ഫൗള്‍ ചെയ്ത് നിക്കോളൗ കൊളാസോ കൊല്‍ക്കത്തയ്ക്ക് മൂന്നാം ഗോളിനുള്ള അവസരം തുറന്നു. പെനാല്‍റ്റിയെടുത്ത ഹ്യൂമിന് പിഴച്ചില്ല, പന്ത് വലയ്ക്കകത്ത്. (സ്‌കോര്‍: 3-0).

ISL
ഹ്യൂമിന്റെ പെനാല്‍റ്റി. ഫോട്ടോ: ഐഎസ്എല്‍ വെബ്‌സൈറ്റ്.

പത്തു മിനിറ്റിനു ശേഷം ഡൗട്ടി ഒരിക്കല്‍ കൂടി ഗോവന്‍ വല ചലിപ്പിച്ചു. പതിഞ്ഞ മുന്നേറ്റത്തിനൊടുവില്‍ നാറ്റോ ബോക്‌സിനകത്തേക്ക് ഉയര്‍ത്തിയ ലോങ് പാസ് ഗോവന്‍ പ്രതിരോധക്കാര്‍ക്ക് ഒരു ചുവട് മുന്നില്‍ ഓടിയെത്തിയ ഡൗട്ടി കാലിലൊതുക്കി. മുന്നിലേക്ക് കയറിവന്ന ഗോള്‍ കീപ്പര്‍ കട്ടിമണിയെ കൂടി വെട്ടിച്ചതോടെ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്ന ജോലിയേ ഡൗട്ടിയ്ക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ. (സ്‌കോര്‍: 4-0).