പുണെ: ഹോം ഗ്രൗണ്ട് നഷ്ടപ്പെട്ടെങ്കിലും പോരാട്ടവീര്യം നഷ്ടപ്പെടാത്ത ചെന്നൈയിന്‍ എഫ്.സിക്ക് ഇന്ത്യന്‍ സൂപ്പര്‍ലീഗ് രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ മികച്ച ജയം. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അവര്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു (3-0). ബ്രൂണോ പെലിസാറി (38), ജെജെ പെഖൂല (57) സ്റ്റീവന്‍ മെന്‍ഡോസ (68) എന്നിവരാണ് സ്‌കോറര്‍മാര്‍.

മൂന്ന് ഗോള്‍ ജയത്തോടെ ഫൈനലിലേക്കുള്ള പാതിവഴിയില്‍ ചെന്നൈയിന്‍ ഏറെ മുന്നിലെത്തിയിരിക്കയാണ്. രണ്ടാം പാദത്തില്‍ മൂന്നോ അതില്‍ക്കൂടുതലോ ഗോള്‍ വ്യത്യാസത്തില്‍ തോല്‍വി ഒഴിവാക്കാനായാല്‍ അവര്‍ക്ക് ഗോവയില്‍ കലാശപോരാട്ടത്തിനിറങ്ങാം. ലീഗിലെ ടോപ് സ്‌കോററായ മെന്‍ഡോസ ശനിയാഴ്ചത്തെ ഗോളോടെ ടോപ് സ്‌കോറര്‍ പദവി (12 ഗോള്‍) പദവി ഉറപ്പിച്ചു. ചെന്നൈയുടേത് ലീഗിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്.

കനത്ത മഴയില്‍ ചെന്നൈയിലെ ഹോം ഗ്രൗണ്ട് മത്സരയോഗ്യമല്ലാതായതിനെത്തുടര്‍ന്ന് പുണെ ബാലെവാടി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ ചെന്നൈ മികച്ച ഒത്തിണക്കത്തോടെ കളിച്ചാണ് ജയം പിടിച്ചത്. മാരകരൂപം പൂണ്ട മുന്നേറ്റനിര ചെന്നൈയ്ക്ക് ജയം അനായാസമാക്കി. മെന്‍ഡോസ -ജെജെ ലാല്‍പെഖൂല- ബ്രൂണോ പെലിസാറി ത്രയമാണ് ജയത്തിന് പിന്നില്‍. മധ്യനിരയില്‍ തോയ് സിങ് നടത്തിയ കഠിനാധ്വാനവും ചെന്നൈയിന് ഗുണം ചെയ്തു. മറുവശത്ത് കൊല്‍ക്കത്തയുടെ നിഴല്‍ മാത്രമാണ് കണ്ടത്. ഹ്യൂമും ദൗത്തിയും ഗാവ്‌ലിനും മങ്ങിപ്പോയി. കൊല്‍ക്കത്തയുടെ കരുത്തുറ്റ പ്രതിരോധം മെന്‍ഡോസയുടെ വേഗത്തിന് മുന്നില്‍ തകരുകയും ചെയ്തു.

ഇരു ടീമുകളും ഗെയിം പ്ലാനില്‍ മാറ്റംവരുത്താതെയാണ് കളിക്കാനിറങ്ങിയത്. എന്നാല്‍ കഴിഞ്ഞമത്സരത്തില്‍നിന്ന് പ്രധാന താരങ്ങളെ ഇരുടീമുകളും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ചെന്നൈ 4-3-3 ശൈലിയില്‍ കളിച്ചു. മധ്യനിരയില്‍ തോയ് സിങ്-മാനുവല്‍ ബ്ലാസി-മലയാളി താരം സക്കീര്‍ എന്നിവരും പ്രതിരോധത്തില്‍ കാമ്പ്ര, ധനചന്ദ്രസിങ്, മെയ്ല്‍സണ്‍ മെന്‍ഡി എന്നിവരും ഇറങ്ങി. എഡല്‍ ഗോള്‍കീപ്പറായി. മാര്‍ക്വീ താരം എലാനോയ്ക്ക് ആദ്യ ഇലവനില്‍ അവസരം ലഭിച്ചില്ല. കൊല്‍ക്കത്ത 4-2-3-1 ശൈലി പിന്തുടര്‍ന്നു. ഹ്യൂം ഏക സ്‌ട്രൈക്കറായി ഇസൂമി ഇടതു വിങ്ങിലും ദൗത്തി വലതുവിങ്ങിലും കളിച്ചു. മധ്യഭാഗത്ത് ജെയ്മി ഗാവ്‌ലിനും ഇറങ്ങി. പ്രതിരോധത്തില്‍ റിനോ ആന്റോ, അര്‍ണബ് മണ്ഡല്‍, ടിറി അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കളിച്ചു. അമരീന്ദറാണ് ഗോള്‍വലയം കാത്തത്.

ആദ്യപകുതി ചെന്നൈയുടേതായിരുന്നു. പന്ത് കൈവശം െവക്കുന്നതിലും മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ അഞ്ച് മികച്ച മുന്നേറ്റങ്ങളാണ് അവര്‍ നടത്തിയത്. കൊല്‍ക്കത്തയ്ക്കാകട്ടെ, മികച്ച ധാരണയോടെ കളിച്ച ചെന്നൈയിന്‍ പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. 39-ാംമിനിറ്റില്‍ ചെന്നൈ ആശിച്ച ഗോള്‍ വന്നു. ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് പെലിസാറി എടുത്ത ബുള്ളറ്റ് ഫ്രീകിക്ക് കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ക്ക് അവസരമൊന്നും നല്‍കാതെ പോസ്റ്റിന്റെ ഇടതുമൂലയില്‍ വിശ്രമിച്ചു (1-0).

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊല്‍ക്കത്ത നന്നായി സമ്മര്‍ദം ചെലുത്തിയെങ്കിലും 57-ാംമിനിറ്റില്‍ ചെന്നൈ വീണ്ടും ഗോളടിച്ചു. മധ്യനിരയില്‍നിന്ന് ലഭിച്ച ത്രൂപാസുമായി ഓടിക്കയറിയ മെന്‍ഡോസ, പ്രതിരോധിക്കാന്‍ ഓടിക്കയറിയ ഗോളി അമരീന്ദറിനെ വേഗം കൊണ്ട് മറികടന്ന് ബോക്‌സില്‍ ഒഴിഞ്ഞുനിന്ന പെഖൂലയ്ക്ക് പന്ത് നല്‍കി. ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് പെഖൂല പന്ത് അടിച്ചുകയറ്റി (2-0). 68-ാംമിനിറ്റില്‍ മെന്‍ഡോസയും ഗോള്‍ നേടി. ബോക്‌സിലേക്ക് കൗശലത്തോടെ പന്ത് ചിപ്പ് ചെയ്ത പെഖൂലയുടെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കിയ മെന്‍ഡോസ കൃത്യമായി ഹാജരുണ്ടായിരുന്നു. പന്ത് സ്വീകരിച്ച മെന്‍ഡോസ മികച്ച പ്ലേസിങ്ങോടെ വലകുലുക്കി (3-0).