പുണെ:  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ-കൊല്‍ക്കത്ത ആദ്യപാദ സെമിയില്‍ ചെന്നൈയിന്‍ എഫ്.സിക്ക് ഏപക്ഷീയമായ മൂന്നുഗോളിന്റെ ആധികാരിക വിജയം. പുണെയിലെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രൂണോ പെലിസാരി, ജെജെ ലാല്‍പെഖുല, സ്റ്റീവന്‍ മെന്‍ഡോസ എന്നിവരാണ് ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 

38 ാം മിനുട്ടിലാണ് ചെന്നൈയുടെ ആദ്യ ഗോള്‍ വന്നത്. ബോക്‌സിന് പുറത്ത് മാനുവല്‍ ബ്ലാസിയെ ഗാവ്‌ലിയന്‍ വീഴ്ത്തിയതിന് ചെന്നൈയിന് അനുകൂലമായി ഫ്രീകിക്കാണ് വലകുലുക്കിയത്. ഇറ്റാലിയന്‍ താരം ബ്രൂണോ പെലിസാരി എടുത്ത ഫ്രീകിക്ക് കൊല്‍ക്കത്തയുടെ ഗോളിക്ക് അവസരം നല്‍കാതെ വലയിലെത്തിയത്. 

ഇടവേളയ്ക്ക് ശേഷം 57 ാം മിനിറ്റില്‍ ചെന്നൈയിന്‍ രണ്ടാം ഗോള്‍ നേടി. മെന്‍ഡോസ മറിച്ച് നല്‍കിയ പന്ത് ജെജെ ലാല്‍പെഖുല ഗോളി അമരീന്ദറിനെ കബളിപ്പിച്ച് വലയിലാക്കി. സ്‌കോര്‍ 2-0. 68ാ ം മനിറ്റില്‍ ചെന്നൈയിന്‍ മൂന്നാം ഗോളും നേടി. ഇത്തവണ വല ചലിപ്പിച്ചത് സ്റ്റീവന്‍ മെന്‍ഡോസ. സീസണില്‍ മെന്‍ഡോസയുടെ 12ാം ഗോള്‍ ആയിരുന്നു ഇത്. 

ഈ വിജയത്തോടെ കൊല്‍ക്കത്തയ്ക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഈ മാര്‍ജിന്‍ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാനായാല്‍ മാത്രമേ കലാശക്കളിക്ക് യോഗ്യത നേടാനാകൂ.