ആഡംബര കാർ നിർമാതാക്കളായ മേഴ്‌സിഡസ് ബെൻസ് 10 പുതിയ കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിക്കുകയാണ്. ഇന്ത്യയിൽ ആഡംബര കാർ വിപണിയിലെ മാർക്കറ്റ് ലീഡറായ മേഴ്‌സിഡസ് ബെൻസിന് കോവിഡ് പ്രതിസന്ധിയിലും മാർക്കറ്റ് ഷെയർ ഉയർത്താൻ സാധിച്ചു. ബ്രാൻഡിന്റെ വിജയത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും സ്ട്രാറ്റജികളെക്കുറിച്ചും സന്തോഷ് അയ്യർ (വൈസ് പ്രസിഡന്റ് - സെയ്ൽസ് & മാർക്കറ്റിംഗ്) വിശദീകരിക്കുന്നു.

2020ലെ ഇനിയുള്ള നാളുകളുകളിൽ മേഴ്‌സിഡസ് ബെൻസിന്റെ പ്ലാൻ എന്താണ്?

ശുഭപ്രതീക്ഷയോടെയാണ് 2020ന്റെ അവസാന മാസങ്ങളെ ഞങ്ങൾ കാണുന്നത്. പ്രതീക്ഷകൾക്കൊപ്പം ജാഗ്രതയും ചേർന്ന വീക്ഷണമാണ് ഞങ്ങൾക്കുള്ളത്. ഇന്ത്യയിലെ ലക്ഷ്വറി കാർ മാർക്കറ്റിൽ മുൻനിരയിലാണ് മേഴ്‌സിഡസ് ബെൻസ്. ഈ മഹാമാരിയുടെ കാലത്തും മാർക്കറ്റ് ഷെയർ ഉയർത്താൻ ഞങ്ങൾക്ക് സാധിച്ചു. 2020ൽ ഇന്ത്യൻ വിപണിയിൽ 10 പുതിയ കാറുകൾ ഞങ്ങൾ ലോഞ്ച് ചെയ്യും. ഉപഭോക്തൃകേന്ദ്രീകൃതമായ നിരവധി സംരംഭങ്ങൾക്കും തുടക്കം കുറിക്കുന്നതാണ്.

മേഴ്‌സിഡസ് ബെൻസ് ഇന്ത്യ നമ്പർ വൺ ലക്ഷ്വറി കാർ ആയി നിലനിൽക്കുന്നത് എങ്ങനെയാണ്?

മറ്റ് ലക്ഷ്വറി ബ്രാൻഡുകളെ അപേക്ഷിച്ച് മേഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ കരുത്തുറ്റ കസ്റ്റമർ ബെയ്‌സ് രൂപപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ഓണർഷിപ്പ് കോസ്റ്റ് അടക്കമുള്ള ഉപഭോക്തൃകേന്ദ്രീകൃതമായ ഞങ്ങളുടെ ഇനീഷ്യേറ്റിവുകളും ഉയർന്ന റീസെയ്ൽ വാല്യുവും മേഴ്‌സിഡസ് ബെൻസിനെ ലക്ഷ്വറി സെഗ്മെമെന്റിലെ പ്രിയപ്പെട്ട ബ്രാൻഡാക്കി മാറ്റുന്നു. ഇനീഷ്യൽ പർച്ചേസ് പ്രൈസ് കൂടുതലാണെങ്കിലും ഓണർഷിപ്പ് കോസ്റ്റ് കുറവായതിനാൽ ഉപഭോക്താക്കൾ മേഴ്‌സിഡസ് ബെൻസ് കാറുകൾക്ക് മികച്ച മൂല്യം കൽപ്പിക്കുന്നു. മേഴ്‌സിഡസ് ബെൻസ് അഭിമാനത്തിന്റെ പ്രതീകവും വിജയത്തിന്റെ പ്രതിരൂപവുമാണ്. ഞങ്ങളുടെ ഉപഭോക്താക്കൾ അതിനെ ആ നിലയിൽ അംഗീകരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും മോഹിക്കപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതുമായ ലക്ഷ്വറി കാർ ബ്രാൻഡാണ് മേഴ്‌സിഡസ് ബെൻസ്. ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ബ്രാൻഡ് അനുഭവം തുടങ്ങി ഏതിലും ഉപഭോക്താവിനാണ് മേഴ്‌സിഡസ് ബെൻസ് കേന്ദ്രസ്ഥാനം നൽകുന്നത്. അതു തന്നെയാണ് ഞങ്ങളുടെ മാർക്കറ്റ് സക്‌സസിന്റെ കാരണവും.

കേരളത്തിൽ മേഴ്‌സിഡസ് ബെൻസിന്റെ ഏത് മോഡലിനാണ് ഡിമാൻഡ് കൂടുതൽ?

കേരളത്തിലെ എസ്‌യുവി മാർക്കറ്റ് ശക്തമാണ്. ഞങ്ങളുടെ പുതിയ ലോഞ്ച് ആയ ജിഎൽഎസിന് തൃപ്തികരമായ സ്വീകാര്യത ലഭിക്കുന്നുണ്ട്. അത് വെയിറ്റിംഗ് പീരിയഡിലാണ്. എസ്‌യുവിക്കു പുറമേ  സെഡാൻ, പ്രത്യേകിച്ചും ഇ ക്ലാസിന് കേരള മാർക്കറ്റ് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഡിമാൻഡുണ്ട്. 2019 ജൂലൈയ് മുതൽ 2020 ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ വിറ്റുപോയ അഞ്ച് ലക്ഷ്വറി കാറുകളിൽ ഒന്ന് ഇ ക്ലാസ് ആണ്.

കേരള മാർക്കറ്റിലെ ട്രെൻഡ് എന്താണ്?

അടുത്ത കാലത്തായി പെട്രോൾ വാഹനങ്ങൾക്ക് ഡിമാൻഡ് വർധിച്ചിട്ടുണ്ട്. നേരത്തെ കേരളം പ്രധാനമായും ഡീസൽ മാർക്കറ്റ് ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം പ്രെട്രോൾ വാഹനങ്ങളുടെ വിൽപ്പനയിൽ 30 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഡ്രൈവ് ചെയ്യുന്ന ദൂരം പരിഗണിക്കുമ്പോൾ പെട്രോൾ കാറുകളാണ് കൂടുതൽ യോജിച്ചതെന്ന് ഉപഭോക്താക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡീസൽ കാറുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ അവ ലഭ്യവുമാണ്.