kiifb*1999 നവംബർ 11 ന് കിഫ്ബി രൂപീകൃതമായി

*2016 ലെ ഭേദഗതി ആക്ടിലൂടെ കിഫ്ബി ശാക്തീകരിക്കപ്പെട്ടു

*നാളിതു വരെ കിഫ് ബോർഡ് ധനാനുമതി നൽകിയത് 64338 കോടി രൂപയുടെ 918 പദ്ധതികൾക്ക്

*ദേശീയ പാതാ വികസനം അടക്കം സ്ഥലമേറ്റെടുക്കൽ പദ്ധതികൾക്ക് 20000 കോടി രൂപ

*നാളിതു വരെ 15000 കോടിയോളം രൂപ വിവിധ പദ്ധതികൾക്ക് വിനിയോഗിച്ചു

*211 റോഡുകൾ, 87 പാലങ്ങൾ, 20 മലയോര ഹൈവേ സ്‌ട്രെച്ചുകൾ, 53 റെയിൽവേ മേൽപ്പാലങ്ങൾ, 6 തീരദേശ ഹൈവേ സ്‌ട്രെച്ചുകൾ, 14 ഫ്‌ളൈഓവറുകൾ

*മെഡിക്കൽ കോളജുകളടക്കം 55 ആശുപത്രികളുടെ നവീകരണം,10 സിസിയു,10 കാത്‌ലാബുകൾ ,56 ഡയാലിസിസ് യൂണിറ്റുകൾ
*140 മണ്ഡലങ്ങളിലെ ആശുപത്രികളിൽ 10 കിടക്കകളോട് കൂടിയ ഐസൊലേഷൻ വാർഡുകൾ

*44705 ഹൈടെക് ക്ലാസ് മുറികൾ, എൽപി,യുപി സ്‌കൂളുകളിൽ 11300 ഹൈടെക് ലാബുകൾ,140 മികവിന്റെ കേന്ദ്രങ്ങൾ

*പ്രവാസി ചിട്ടി വഴി മൂന്നു വർഷത്തിനുള്ളിൽ 500 കോടി കിഫ്ബി ബോണ്ടുകൾ

*പ്രവാസി ഡിവിഡന്റ് പദ്ധതിയിലൂടെ 200 കോടിയോളം രൂപ കിഫ്ബി വഴി സംസ്ഥാനത്തിന്റെ വികസനത്തിൽ ഉപയോഗിച്ചു.

*പെട്രോളിയം സെസും, മോട്ടോർ വാഹനനികുതി വിഹിതവും കിഫ്ബിയുടെ വരുമാന സ്രോതസുകൾ

*ദേശീയ-അന്തർദേശിയ ധന വിപണികളിൽ കിഫ്ബിക്ക് വർധിച്ച സ്വീകാര്യത

*പൊതുമരാമത്ത്,പൊതുജനാരോഗ്യം,പൊതുവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾക്ക് കീഴിൽ വൻ പദ്ധതികൾ

*മലയോര,തീരദേശ ഹൈവേ, 45000 ഹൈടെക് ക്ലാസ് റൂമുകൾ,മികവിന്റെ കേന്ദ്രങ്ങൾ, 55 ആശുപത്രികളുടെ നവീകരണം,കാത് ലാബ്, ഡയാലിസിസ് സെന്ററുകൾ
 
*സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളായ കെഫോൺ, ട്രാൻസ്ഗ്രിഡ് തുടങ്ങിയവയ്ക്ക് ധനലഭ്യത ഉറപ്പുവരുത്തുന്നു

*കുടിവെള്ളം,ടൂറിസം,കായിക മേഖലകളിൽ ഒട്ടേറെ പദ്ധതികൾക്ക് ധനലഭ്യത ഉറപ്പുവരുത്തുന്നു

*സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ സമാനതകളില്ലാത്ത മുന്നേറ്റം

*കിഫ്ബി ദിനത്തോടനുബന്ധിച്ച്  കിഫ്ബി ജീവനക്കാർ രക്തദാനം നടത്തുന്നു


നവംബർ 11 - കിഫ്ബി ദിനം

1999 നവംബർ 11ന് ആണ് കിഫ്ബി രൂപീകൃതമാകുന്നത്. പിന്നീട് 2016 ലെ ഭേദഗതി ആക്ടിലൂടെ കിഫ്ബി ശാക്തീകരിക്കപ്പെടുകയും ഇന്നത്തെ കരുത്തുറ്റ നിലയിലേക്കെത്തുകയും ചെയ്തു. സംസ്ഥാനവികസനത്തിൽ സർക്കാർ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടപ്പാക്കുകയാണ് കിഫ്ബിയിൽ നിക്ഷിപ്തമായ ചുമതല. രൂപീകരണത്തിന്റെ ഓർമയ്ക്കായാണ് നവംബർ 11 കിഫ്ബി ദിനമായി ആചരിക്കുന്നത്. കിഫ്ബി ദിനാചരണത്തിന്റെ ഉദ്ഘാടനചടങ്ങിൽ നവംബർ 11ന് രാവിലെ ഒമ്പത് മുപ്പതിന് ബഹു.ധനമന്ത്രി ശ്രീ കെ.എൻ.ബാലഗോപാലും ബഹു.പൊതുമരാമത്ത് മന്ത്രി ശ്രീ പി.എ.മുഹമ്മദ് റിയാസും ഓൺലൈൻ വഴി പങ്കെടുക്കും. കിഫ്ബി ആസ്ഥാനത്ത് കിഫ്ബി സിഇഒ ഡോ.കെ.എം.എബ്രഹാം വിളക്കു കൊളുത്തും. തുടർന്ന് കിഫ്ബി ജീവനക്കാർ രക്തദാനം നടത്തും.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ-കിഫ്ബി ദിന സന്ദേശം

K.N. Balagopalഅടിസ്ഥാനസൗകര്യ വികസനത്തിൽ ദശാബ്ധങ്ങൾ പിന്നിലായി പോയ സംസ്ഥാനമാണ് കേരളം. അടിസ്ഥാന സൗകര്യവികസനത്തിൽ ഉണ്ടായ ഈ വലിയ വിടവ് നികത്താനുള്ള വലിയ യത്‌നത്തിനാണ് 2016 ൽ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേറ്റെടുത്ത സർക്കാർ തുടക്കം കുറിച്ചത്. 2016 ലെ ഭേദഗതി ആക്ടിലൂടെ ശാക്തീകരിച്ച  കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബിയെ ആണ് ഈ മഹാദൗത്യത്തിന് കഴിഞ്ഞ സർക്കാർ ഉപകരണമാക്കിയത്. തുടർന്ന് ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. അതിന്റെ തുടർദൗത്യങ്ങളാണ് ഇപ്പോഴും കിഫ്ബി വഴി നടപ്പാക്കിക്കെണ്ടിരിക്കുന്നത്.
 
അറുപത്തിനാലായിരത്തി മുന്നൂറ്റി മുപ്പത്തെട്ട് കോടി(ഞ.െ64338)രൂപയുടെ തൊളളായിരത്തി പതിനെട്ട് (918)പദ്ധതികൾക്കാണ് കിഫ് ബോർഡ് നാളിതുവരെ ധനാനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഇരുപതിനായിരം(20000)കോടി രൂപ വിവിധ സ്ഥലമേറ്റടുക്കൽ പദ്ധതികൾക്കാണ് വകയിരുത്തിയിട്ടുള്ളത്. ദേശീയ പാതാ വികസനം,വിവിധ  വ്യവസായ ഇടനാഴികൾ ,വ്യവസായ പാർക്കുകൾ എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ ഇതിൽ ഉൾപ്പെടുന്നു.918 പദ്ധതികളിൽ എണ്ണത്തിലും തുകയിലും മുന്നിൽ നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന പദ്ധതികളാണ്. 18146 കോടി രൂപയ്ക്കുള്ള 392 പദ്ധതികൾക്കാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ ധനാനുമതി ആയിട്ടുള്ളത്.

ഇതിനു പുറമേ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ചിത്രം മാറ്റിവരച്ച് 2871 കോടി രൂപയുടെ പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.ഇതിൽ നല്ലൊരു ശതമാനം പൂർത്തിയായിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തും വൻവികസനത്തിനാണ് കിഫ്ബിയിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നത്.1093 കോടിയുടെ നവീകരണ പദ്ധതികൾ വിവിധ സർവകലാശാലകളിലും അവയ്ക്ക് കീഴിൽ വരുന്ന കോളജുകളിലുമായി   നടപ്പാക്കുന്നു. കേരള,എംജി,കാലിക്കറ്റ് , കണ്ണൂർ,കുസാറ്റ് എന്നീ സർവകലാശാലകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് 4461 കോടിയുടെ 58 പദ്ധതികൾക്കാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കീഴിൽ കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നത്.
കേരളത്തിലങ്ങോളമിങ്ങളോമുള്ള കുടിവെള്ളം,കനാൽനവീകരണം,കടൽഭിത്തി നിർമാണം തുടങ്ങിയവയ്ക്കായി ജലവിഭവ വകുപ്പിന് കീഴിൽ 5594 കോടി രൂപയുടെ പദ്ധതികൾ്ക്ക് കിഫ്ബി ധനാനുമതി നൽകിയിട്ടുണ്ട്.

കെഫോൺ, ട്രാൻസ്ഗ്രിഡ്, ഊർജ സംരക്ഷണത്തിന് വേണ്ടിയുള്ള നിലാവ് പദ്ധതി, പട്ടിജാതി പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലുള്ള പദ്ധതികൾ,ടൂറിസം,കായിക-യുവജനക്ഷേമം തുടങ്ങി സമസ്തമേഖലകളെയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കുന്നത്. നാളിതുവരെ 15000 കോടി രൂപയോളം വിവിധ പദ്ധതികൾക്കായി കിഫ്ബി വിനിയോഗിച്ച് കഴിഞ്ഞിട്ടുണ്ട്.

ഈ വികസനമുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കിഫ്ബി ദിനം ആഘോഷിക്കുന്നത്. രക്തദാനം അടക്കമുള്ള മാതൃകപരമായ സേവനങ്ങളും കിഫ്ബി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കിഫ്ബി ദിനത്തിന് എല്ലാ ആശംസകളും നേരുന്നു


പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് - കിഫ്ബി ദിന സന്ദേശം

Muhammad Riyasവികസനം എന്നു കേട്ടാൽ ഏതൊരു വ്യക്തിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക മികച്ച റോഡുകളുടെയും പാലങ്ങളുടെയും മേൽപ്പാലങ്ങളുടെയും ചിത്രങ്ങളാണ്. അങ്ങനെ നോക്കിയാൽ നമ്മുടെ സംസ്ഥാനത്തിന്റെ മുഖച്ചിത്രം മാറ്റി വരയ്ക്കുന്ന തരത്തിലുള്ള വികസനമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കിഫ്ബി ധനാനുമതി നൽകിയിരിക്കുന്ന പദ്ധതികളിൽ എണ്ണത്തിലും തുകയിലും മുന്നിൽ നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന പദ്ധതികൾക്കാണ് എന്നതുതന്നെ ഇതിനു തെളിവാണ്.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ 18146 കോടി രൂപയ്ക്കുള്ള 392 പദ്ധതികൾക്കാണ് കിഫ് ബോർഡ് ധനാനുമതി നൽകിയിട്ടുള്ളത്.ഇതിൽ 211 റോഡുകൾ, 87 പാലങ്ങൾ, 20 മലയോര ഹൈവേ സ്‌ട്രെച്ചുകൾ, 53 റെയിൽവേ മേൽപ്പാലങ്ങൾ, 6 തീരദേശ ഹൈവേ സ്‌ട്രെച്ചുകൾ, ഒരു അടിപ്പാത, 14 ഫ്‌ളൈ ഓവറുകൾ എന്നിവ ഉൾപ്പെടുന്നു.

സ്ഥലമേറ്റെടുക്കലിലെ പ്രശ്‌നങ്ങൾ കാരണം ദശാബ്ദങ്ങളായി സംസ്ഥാനത്തെ ദേശീയ പാതാ വികസനം മുടങ്ങി കിടക്കുകയായിരുന്നു. എന്നാൽ ഇതിനുവേണ്ടി വരുന്ന തുകയുടെ 25 ശതമാനം സംസ്ഥാനസർക്കാർ  വഹിക്കാം എന്ന കഴിഞ്ഞ സർക്കാരിന്റെ തീരുമാനമാണ് കാര്യങ്ങളിൽ നിർണായക വഴിത്തിരിവുണ്ടാക്കിയത്. ഈ തുകയും സംസ്ഥാനസർക്കാർ കണ്ടെത്തിയത് കിഫ്ബി വഴിയാണ്. ഇതിൽ 4084 കോടി രൂപ കിഫ്ബി ദേശീയ പാതാ അഥോറിറ്റിക്ക് കൈമാറിക്കഴിഞ്ഞു എന്നതും എടുത്തുപറയണം.

കോവിഡ് മഹാമാരി നട്ടെല്ലൊടിച്ച ഏറ്റവും പ്രധാന മേഖലയാണ് ടൂറിസം. ഇന്ന് ഈ മേഖല തിരിച്ചുവരവിനുള്ള കഠിന പ്രയത്‌നത്തിലാണ്. ഇവിടെയാണ് കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾ ടൂറിസം മേഖലയിൽ മുതൽക്കൂട്ടാവുന്നത്.അഞ്ചു ഘട്ടങ്ങളിലായുള്ള ആലപ്പുഴ പൈതൃക പദ്ധതിയുടെ നവീകരണം, രണ്ടു ഘട്ടമായുള്ള തലശേരി പൈതൃകപദ്ധതി, ആക്കുളം കായൽ നവീകരണം, മൂന്ന് ബീച്ചുകളുടെ നവീകരണം തുടങ്ങി 331.68 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിരിക്കുന്നത്.

എടുത്തുപറയേണ്ട മറ്റൊരു പ്രധാനമേഖല കായിക-യുവജനക്ഷേമമാണ്. രാജ്യത്തിന്റെ തന്നെ കായിക ഭൂപടത്തിൽ നിർണായക സ്ഥാനമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്തെ കായിക മേഖലയ്ക്ക് ഊർജം പകർന്ന് 35 പദ്ധതികളിലായി 44 സ്്‌റ്റേഡിയങ്ങളാണ് വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളത്. ഇതോടൊപ്പം ഒരു അക്വാട്ടിക് കോംപ്ലക്‌സിനും രണ്ടു സ്‌പോർട്‌സ് സ്‌കൂൾ പദ്ധതിക്കും കിഫ്ബി ധനാനുമതി നൽകിയിട്ടുണ്ട്. കായിക-യുവജനക്ഷേമ വകുപ്പിന് കീഴിൽ ആകെ 773.01 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ് ബോർഡ് ധനാനുമതി നൽകിയിട്ടുള്ളത്.
ഇങ്ങനെ സംസ്ഥാന വികസനത്തിൽ ചാലകശക്തിയാവുകയാണ് കിഫ്ബി. ഈ പശ്ചാത്തലത്തിൽ ആഘോഷിക്കപ്പെടുന്ന കിഫ്ബി ദിനത്തിന് എല്ലാ ആശംസകളും നേരുന്നു.

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി - കിഫ്ബി ദിന സന്ദേശം

Sivankuttyഉയർന്ന സാക്ഷരതയിലും ജീവിതനിലവാരത്തിലും സംസ്ഥാനം മുൻ നിരയിലെത്തിയതിന് പിന്നിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ കരുത്തുണ്ടായിരുന്നു. എന്നാൽ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ ഭൗതിക സൗകര്യങ്ങളിൽ ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്. ഇതിന്റെ ഫലമായി നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു മുമ്പുണ്ടായിരുന്നത്. ഈ ശോച്യാവസ്ഥയ്ക്ക് വലിയ മാറ്റമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പാക്കിയ പദ്ധതികൾ. ഇതിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സാങ്കേതിക നിലവാരവും ഭൗതിക സൗകര്യങ്ങളും ലോകനിലവാരത്തിലെത്തിക്കാനായി എന്നു ഉറപ്പിച്ചു പറയാൻ കഴിയും. 140 പദ്ധതികളിലായി സംസ്ഥാനത്തെ 876 സ്‌കൂളുകൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ തന്നെ 493 കോടി രൂപ ചിലവിൽ സംസ്ഥാനത്തെ സെക്കൻഡറി , ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒരുക്കിയ 44705 ഹൈടെക് ക്ലാസ് റൂമുകൾ ഒരു വികസനവിപ്ലവമാണ്. ആധുനികമായ സാങ്കേതിക സംവിധാനങ്ങൾ പഠനത്തിനായി സാധാരണക്കാരായ വിദ്യാർഥികൾക്കും ലഭ്യമാക്കാൻ ഇതിലൂടെ കഴിഞ്ഞു. കോവിഡ് മഹാമാരിക്കു മുന്നേ തന്നെ ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞതു കൊണ്ടു കോവിഡ് കാലത്തെ അധ്യയനം ഒരു ബുദ്ധിമുട്ടായില്ല അനുഭവപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം. 140 നിയോജക മണ്ഡലങ്ങളിലും മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ ഉയർത്താൻ കഴിഞ്ഞു. 5 കോടി,മൂന്നുകോടി ,ഒരു കോടി പദ്ധതികളിലായി നമ്മുടെ പൊതുവിദ്യാലയങ്ങളിൽ സിംഹഭാഗത്തെയും നവീകരിക്കാനും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനത്തെ എൽപി , യുപി സ്‌കൂളുകളിലായി 11300 ഹൈടെക് ലാബുകൾ ഒരുക്കാൻ കഴിഞ്ഞതും എടുത്തുപറയേണ്ട നേട്ടമാണ്. 292 കോടി രൂപയാണ് ഇതിനായി കിഫ്ബി വഴി കണ്ടെത്തിയത്.
പൊതുവിദ്യാഭ്യാസ രംഗത്തെ ഈ നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് കിഫ്ബി ദിനം ആഘോഷിക്കപ്പെടുന്നത്. കിഫ്ബി ദിനത്തിന് എല്ലാ ആശംസകളും നേരുന്നു

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്- കിഫ്ബിദിന സന്ദേശം

Veena Georgeപൊതുജനാരോഗ്യ സൂചികകളിൽ കാലങ്ങളായി വികസിത രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കരുത്താണ് ഈ നേട്ടത്തിന് സംസ്ഥാനത്തെ പ്രാപ്്തമാക്കിയത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പൊതുജനാരോഗ്യ രംഗത്തെ അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ വേണ്ടത്ര പരിഷ്‌കരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ രംഗത്ത് ശക്തമായ മുന്നേറ്റമാണ് കഴി്ഞ്ഞ ഏതാനും വർഷങ്ങളായി സൃഷ്ടിക്കാൻ കഴിഞ്ഞത്. കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തി സംസ്ഥാന സർക്കാർ പൊതുജനാരോഗ്യ രംഗത്ത് നടപ്പാക്കുന്ന പദ്ധതികൾ നമ്മുടെ സർക്കാർ ആശുപത്രികളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ ഉൾപ്പെടെ 55 ആശുപത്രികളിലെ ഭൗതിക സൗകര്യവികസനം കിഫ്ബി വഴി ഫണ്ട് കണ്ടെത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.140 നിയോജക മണ്ഡലങ്ങളിലെ ആശുപത്രികളിൽ 10 കിടക്കകളോട് കൂടിയ ഐസൊലേഷൻ വാർഡുകൾ നിർമിക്കുന്നതാണ് മറ്റൊരു പ്രധാന പദ്ധതി. കോവിഡ് പോലെയുള്ള മഹാമാരികളെ നേരിടുന്നതിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന് മുതൽക്കൂട്ടാവുകയാണ് ഈ ഐസൊലേഷൻ വാർഡുകൾ.മറ്റു രണ്ടു പദ്ധതികളിലായി 10 സിസിയു, 10 കാത് ലാബുകൾ, 56 ഡയാലിസിസ് യൂണിറ്റുകൾ എന്നിവയും വിവിധ ആശുപത്രികളിലായി പൂർത്തീകരണത്തിന്റെ വക്കിലാണ്. വൻ ചിലവ് വരുന്ന ഹൃദ്രോഹ,വൃക്കരോഗ ചികിൽസകളിൽ സാധാരണക്കാരന് ആശ്വാസമാകുകയാണ ഈ പദ്ധതികൾ.ഈ പദ്ധതികൾക്കല്ലാം കൂടി 4,458.51 കോടി രൂപയാണ് കിഫ്ബി വഴി കണ്ടെത്തുന്നത്.ആരോഗ്യമേഖലയിലെ സമാനതകളില്ലാത്ത ഈ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കിഫ്ബി ദിനം ആഘോഷിക്കുന്നത്. ഈ വേളയിൽ കിഫ്ബി ദിനത്തിന് എല്ലാ ആശംസകളും നേരുന്നു