മരണത്തിന്റെ തണുത്ത കരങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ഊഷ്മളതയിലേക്ക് തിരിച്ച് നടന്നപ്പോള്‍ കൂട്ടായി, വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും സ്‌നിഗ്ദ്ധമായ പിന്‍ബലമുണ്ടായിരുന്നു. ലേഖകന്റെ അനുഭവ സാക്ഷ്യം

കേര വൃക്ഷങ്ങളുടെ നാടായ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന 752 കോടി നാളികേരത്തിന്റെ ഭൂരിഭാഗവും നാം തേങ്ങയായും വെളിച്ചെണ്ണയില്‍ പാകം ചെയ്ത വിവിധ ഭക്ഷണങ്ങളായും കഴിക്കുന്നു. വര്‍ഷങ്ങളായി നാളികേരത്തെ ആശ്രയിച്ചുള്ള ഭക്ഷണക്രമം ശീലമാക്കിയ നമ്മുടെ പഴമക്കാര്‍ തെങ്ങിനെപ്പോലെ 100 വയസ്സു വരെ ജീവിച്ചത്, നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമവും അദ്ധ്വാനശീലവും സ്വീകരിച്ചതുകൊണ്ടാണ്. എന്നാല്‍ ഇന്ന് കേരളീയരുടെ ആയുസ്സ് കുറയുന്നു. പലര്‍ക്കും 50 വയസ്സിന് മുമ്പ് തന്നെ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പിടിപെടുന്നു. 

വെളിച്ചെണ്ണ ഉപയോഗിക്കുന്നതുകൊണ്ട്, രക്തത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുകയും മുകളില്‍ പറഞ്ഞ രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു എന്നുമുള്ള തെറ്റിദ്ധാരണ കുറെ നാള്‍ മുമ്പുവരെ പൊതുജനങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു.  എന്നാല്‍, ഇത് വെറുതെയാണെന്നും തേങ്ങയും, വെളിച്ചെണ്ണയും അതിവിശിഷ്ടമായ ഭക്ഷണമാണെന്നും അവ കഴിക്കുന്നതുകൊണ്ട് ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുമെന്നും ജനങ്ങള്‍ വീണ്ടും തിരിച്ചറിഞ്ഞു കഴിഞ്ഞു. 

അന്താരാഷ്ട്ര തലത്തില്‍ പോലും വെളിച്ചെണ്ണയുടെ ഉപയോഗം കൂടി.  ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കുന്ന ഉല്‍പന്നങ്ങളുടെ മൂല്യത്തില്‍ 2ാം സ്ഥാനം വെളിച്ചെണ്ണ കയ്യടക്കിയിരിക്കുന്നു. മറ്റു ഭക്ഷ്യ എണ്ണകള്‍ ഉയര്‍ത്തിയ കനത്ത വെല്ലു വിളികള്‍ക്കിടയിലും വെളിച്ചെണ്ണ വിപണിക്ക് ഈ വളര്‍ച്ച നേടാന്‍ കഴിഞ്ഞത്  പരിശുദ്ധമായ ഈ എണ്ണയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടു മാത്രമാണ്. വിവിധ കമ്പനികളുടെ പായ്ക്ക് ചെയ്ത വെളിച്ചെണ്ണ ഇന്ന് വിപണിയില്‍ സുലഭമാണ്.  വെളിച്ചെണ്ണ അല്ല, മറിച്ച് നാളികേരാധിഷ്ഠിത പരമ്പരാഗത ഭക്ഷണ രീതിയില്‍ വന്ന മാറ്റവും വ്യായാമ കുറവുമാണ് കേരളീയരുടെ ആയുസ്സുകുറയ്ക്കാന്‍ കാരണം. ഈ ലേഖകന്റെ അനുഭവം ഇത് ശരിവയ്ക്കുന്നു. 

1975 - 85 കാലഘട്ടത്തില്‍ അത്‌ലറ്റ് പ്രൊഫഷണല്‍ വോളിബോള്‍ കളിക്കാരനായ എനിക്ക് 36ാമത്തെ വയസ്സില്‍ 1996ല്‍) പക്ഷാഘാതം (സ്‌ട്രോക്ക്) വന്ന് സംസാരശേഷി പൂര്‍ണ്ണമായും നഷ്ടപ്പെടുകയും മുഖം ഇടത് വശത്തേയ്ക്ക് കോടി പോവുകയും ചെയ്തു. യഥാ സമയം ആശുപത്രിയുല്‍ എത്തിച്ച് ചികിത്സ ലഭിച്ചതിനാല്‍ എനിക്ക് സംസാര ശേഷി ക്രമേണ തിരിച്ചു കിട്ടി. തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ എന്നെ ചികിത്സിച്ച ഡോക്ടര്‍മാകുടെ നിഗമനം രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടിയതുകൊണ്ടാണ് ഈ പ്രായത്തില്‍ പക്ഷാഘാതം വന്നത് എന്നാണ്. 20 വയസ്സു വരെ വോളിബോള്‍ കളിച്ചിരുന്നതുകൊണ്ട് നല്ല വ്യായാമം കിട്ടിയിരുന്ന ശരീരത്തിന് കളി നിറുത്തിയപ്പോള്‍ വ്യായാമം കുറഞ്ഞു. 1985 ല്‍ കൃഷി ഓഫീസറായി കാസര്‍ഗോഡ് ജോലി ചെയ്യുമ്പോഴും  ടൂര്‍ണ്ണമെന്റുകളില്‍ സ്ഥിരമായി കളിക്കാന്‍ പോകുമായിരുന്നു. 1988 നാളികേര വികസന ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു തിരക്കുകളിലേക്ക് കടന്നതോടെ കളിയൊക്കെ മതിയാക്കി. വ്യായാമവും ഉപേക്ഷിച്ചു. അതുകൊണ്ടാവാം രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടിയതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
 
പക്ഷാഘാതം വന്നതിനു ശേഷം കഴിഞ്ഞ 21 വര്‍ഷമായി  ഞാന്‍ കൃത്യമായ ഇടവേളകളില്‍ രക്തം പരിശോധിച്ച് കൊളസ്‌ട്രോള്‍ കുറക്കാനുള്ള മരുന്നു കഴിക്കുന്നു. തേങ്ങായും വെളിച്ചെണ്ണയുമടങ്ങിയ ആഹാരമാണ് ഞാന്‍ ഇന്നും കഴിക്കുന്നത്. കഴിഞ്ഞ 21 വര്‍ഷത്തെ കൊളസ്‌ട്രോള്‍ പരിശോധന ഫലത്തില്‍ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം ഗുളിക കഴിക്കുന്നതിലുപരി ചിട്ടയായ വ്യായാമം ചെയ്യുന്നതു കൊണ്ട് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയുകയും ശരീരത്തിന് ഗുണകരമായ എച്ച്. ഡി.എല്‍ കൊളസ്‌ട്രോള്‍ കൂടുകയും ചെയ്തിരിക്കുന്നു എന്നാണ്. അതായത് തേങ്ങായും, വെളിച്ചെണ്ണയുമല്ല വ്യായാമക്കുറവാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് എന്നതാണ് എന്റെ 21 വര്‍ഷത്തെ അനുഭവം. 

ഒരു ദിവസം ഒരാളുടെ ഭക്ഷണം പാചകം ചെയ്യാനായി ശരാശരി 15-30 ഗ്രാം വെളിച്ചെണ്ണയേ കേരളീയര്‍ ഉപയോഗിക്കുന്നുള്ളൂ. തേങ്ങാ പാചകത്തിന് ഉപയോഗിക്കുന്നതുകൊണ്ട് രക്തത്തിലെ കൊഴുപ്പ് കൂടുമെന്ന് പൊതുവെ തെറ്റിദ്ധാരണയുണ്ട്. 4 പേര്‍ ഉള്ള ഒരു വീട്ടില്‍ പാചകത്തിനായി ശരാശരി ഒരു ദിവസം ഒരു മുറി തേങ്ങ വേണ്ടി വരാറുള്ളൂ. ഒരു തേങ്ങയുടെ കാമ്പിന് 200- 250 ഗ്രാം തൂക്കമുണ്ട്. ഇതില്‍ 90 -120 ഗ്രാം വെളിച്ചെണ്ണയുമുണ്ട്. ഇങ്ങനെ കറികളില്‍ ഉപയോഗിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് ഒരു ദിവസം 10-15 ഗ്രാം വെളിച്ചെണ്ണ കൂടി ലഭിക്കുന്നു. ഇതു കൂടി കണക്കിലെടുത്താല്‍ ഒരാള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയും തേങ്ങയും ചേര്‍ത്ത് ഒരു ദിവസം 25 -30 ഗ്രാം വെളിച്ചെണ്ണയെ ഉപയോഗിക്കാറുള്ളൂ എന്നു കാണാം. ഇത് മുട്ട, ഐസ്‌ക്രീം ഇവ കഴിക്കുന്നതില്‍ നിന്നുണ്ടാകുന്ന പൂരിത കൊഴുപ്പിന്റെ അളവിനേക്കാള്‍ കുറവാണ്.

ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ എണ്ണയായ വെര്‍ജിന്‍ ഓയില്‍ കല്‍പവൃക്ഷത്തില്‍ നിന്നു കിട്ടുന്ന മറ്റൊരു അമൂല്യ ഉല്‍പന്നമാണ്. പച്ച തേങ്ങയില്‍ നിന്നും ലഭിക്കുന്ന പരിശുദ്ധമായ വെര്‍ജിന്‍ വെളിച്ചെണ്ണ സ്വാഭാവിക മണവും രുചിയും പോഷക മൂല്യങ്ങളും ഒന്നും നഷ്ടപ്പെടാതെ വേര്‍തിരിച്ചെടുക്കുന്നതാണ്.  ഇതിന്റെ ആരോഗ്യ ദായക ഗുണങ്ങളും ഔഷധ ഗുണങ്ങളും തിരിച്ചറിഞ്ഞതു മൂലം പല വിദേശ രാജ്യങ്ങളിലും ഈ എണ്ണയ്ക്കു പ്രിയമേറിയിട്ടുണ്ട്. അതായത്,  തേങ്ങായും വെളിച്ചെണ്ണയും ആരോഗ്യത്തിന് ഹാനികരമല്ല മറിച്ച് ആരോഗ്യത്തിന് ഗുണകരമായ എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍, ഭക്ഷ്യ നാരുകള്‍, ലോറിക് അമ്ലം എന്നിവ ലഭ്യമാക്കുന്നു എന്ന് വ്യക്തം. മഹാകവി അക്കിത്തം നാളികേരത്തെക്കുറിച്ച് ഇപ്രകാരം എഴുതി:  
ഇവിടെ ഗവേഷകരൊക്കെ പറഞ്ഞില്ലേ
ഇല്ലൊരു കൊളസ്‌ട്രോളും നാളികേരത്തിനുള്ളില്‍
ഉണ്ടതിലന്യൂനമാമൊരു ഹോര്‍മോണല്ലോ, 
കണ്ടെത്തിയിരിക്കുന്നു. 

നാളികേരവും, വെളിച്ചെണ്ണയുമടങ്ങിയ രുചിയുള്ള ഭക്ഷണങ്ങള്‍ വെടിഞ്ഞ് ഫാസ്റ്റ് ഫുഡിന്റെ പുറകേ പോകാതെ നാളികേരത്തെ ആശ്രയിച്ചുള്ള പരമ്പരാഗത ഭക്ഷണ രീതി സ്വീകരിച്ച് ചിട്ടയായ വ്യായാമം ചെയ്ത് നമുക്ക് തെങ്ങിനെ പോലെ നൂറു വയസ്സു വരെ ജീവിക്കാം.  


കൂടൂതല്‍ വിവരങ്ങള്‍ക്ക്:
ശ്രീകുമാര്‍ പൊതുവാള്‍
പ്രോസസിംഗ് എഞ്ചിനീയര്‍,
കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, കൊച്ചി
ഫോണ്‍: 8848741747
ഇമെയില്‍ poduv@yahoo.com