മേടം: (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) കര്‍മമേഖല പുരോഗമിക്കും. വാക്ക് രൂക്ഷമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രയത്‌നത്തിനനുസരിച്ചുള്ള ഫലം കിട്ടാന്‍ പ്രയാസമാണ്. ശുഭദിനം 28.

എടവം:  ( കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) പ്രായേണ കാര്യങ്ങളെല്ലാം അനുകൂലത്തിലാകും. ഇടപാടുകള്‍ നല്ലപോലെ ആലോചിച്ചുവേണം. അപവാദസാധ്യതയുള്ള സാഹചര്യങ്ങളെ കരുതി ഒഴിവാക്കണം. ഗുണദിനം 28.

മിഥുനം:( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) ആരോഗ്യപരമായി അനുകൂലകാലമല്ല. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ഗുണകരമായി ഭവിക്കും. എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുകയും വേണം. ഉത്കൃഷ്ടദിനം 2.

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)  പ്രായേണ കാര്യങ്ങളെല്ലാം അനുകൂലമാകും. സന്താനകാര്യത്തില്‍ ഗുണമുണ്ടാകും. ധനപരമായ ഇടപാടുകള്‍ ഗുണത്തിനാകും. സുദിനം 2.

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)  പ്രായേണ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. കര്‍മരംഗത്ത് പ്രസിദ്ധി കൈവരും. ആരോഗ്യപരമായി അത്ര അനുകൂലാവസ്ഥയായിരിക്കില്ല. സദ്ദിനം 28.

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)  എന്തു കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക. കാലം അനുകൂലമല്ലെന്ന് ഓര്‍മവേണം. എന്നാലും കാര്യങ്ങള്‍ നടന്നുകിട്ടും. നല്ലദിനം 28.

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)  വിവാദകാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. ഗൃഹനിര്‍മാണാദികള്‍ക്ക് സുഗമത ഉണ്ടാകും. യാത്രാകാലം ശ്രദ്ധാപൂര്‍വമാകണം. ഗുണഫലദിനം 29.

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)  പ്രായേണ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. എന്നാലും നിസ്സാരമായ ചില വിഷയങ്ങള്‍ അലട്ടാനുണ്ടാകും. പുതിയ സൗഹൃദങ്ങള്‍ ഗുണത്തിനാകും. മഹിതദിനം 29.

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)  ഉദ്ദേശിച്ച കാര്യങ്ങള്‍ വേണ്ടതുപോലെ നടക്കുകയില്ല. പ്രതിബന്ധനിവൃത്തിക്ക് ഈശ്വരപ്രാര്‍ഥന ചെയ്തുകൊള്ളുക. ആരോഗ്യവും തൃപ്തികരമാവുകയില്ല. ഇഷ്ടഫലദിനം 28.

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)  ഗൃഹസ്വസ്ഥത കുറയും. കര്‍മരംഗത്ത് അഭിവൃദ്ധിയുണ്ടാകും. കാര്യങ്ങളെല്ലാം നല്ലപോലെ ആലോചിച്ചു മാത്രം ചെയ്യുക. കാമ്യഫലദിനം 28.

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)  വാക്കുകള്‍ ശ്രദ്ധേയമാകും. സാഹിതീരംഗത്തുള്ള പ്രവര്‍ത്തനം അംഗീകരിക്കപ്പെടും. കര്‍മപുരോഗതിയും ഉണ്ടായിത്തീരും. അനുകൂലദിനം 29.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) ധനപരമായ ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. എന്നാലും കര്‍മപുരോഗതിയും മറ്റും ഉണ്ടാവുന്ന കാലമാണ്. സുഹൃത്തുക്കളുടെ സഹായം പ്രതിബന്ധനിവൃത്തിയാകും. 
സത്ഫലദിനം 29.

Content Highlights: Varaphalam this Week 28.04.2019 to  04.05.2019