മേടം: ( അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക) കലാരംഗത്ത് ഏറെ ഗുണാനുഭവസാധ്യത കാണുന്നു. ചിന്താസരണികൾ പുതിയപലതിലൂടെയും പോകും. പ്രായേണ ഗുണാനുഭവസാധ്യതയുള്ള കാലമാണ്. ശുഭദിനം 10.
എടവം: ( കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) കാലം അത്ര അനുകൂലമല്ലെന്നറിയണം. എന്നാലും ശ്രദ്ധിച്ചാൽ തകരാറുകൾ ഒന്നും ഉണ്ടാവില്ല. ഗൃഹനിർമാണാദിവിഷയങ്ങളും നടന്നുകിട്ടും. ഗുണദിനം 10.
മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക) മനസ്സന്തോഷത്തിനിടയുള്ള അനുഭവങ്ങളുണ്ടാകും. മക്കളുടെ കാര്യത്തിൽ ഗുണാനുഭവസാധ്യത കാണുന്നു. കാർഷികാഭിവൃദ്ധിയും പ്രതീക്ഷിക്കാം. അനുകൂലദിനം 11.
കർക്കടകം: ( പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം) സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. എന്നാലും പാഴ്‌ച്ചെലവുകൾ വന്നുപെടും. ബിസിനസ് പുഷ്ടിപ്രാപിക്കും. ഉത്‌കൃഷ്ടദിനം 11.
ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) വരുമാനമേഖല പുഷ്ടമാകും. അനാവശ്യചെലവുകളെ നിയന്ത്രിച്ചാൽ നന്ന്. സന്താനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണ്ടുന്ന കാലമാണ്. സദ്ദിനം 10.
കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി) വിവാദങ്ങളിൽ ജയസാധ്യത കാണുന്നു. പ്രവർത്തനരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റും. നിസ്സാരകാര്യങ്ങളെക്കൊണ്ട് മനഃപ്രയാസം അനുഭവപ്പെടും. സുദിനം 10.
തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 15 നാഴിക) കച്ചവടമേഖലയിൽ പുരോഗതിയുണ്ടാകും. ഇടപാടുകൾ ശ്രദ്ധാപൂർവമായിരിക്കണം. വഞ്ചിതരാവാതിരിക്കുകയും വേണം. മഹിതദിനം 11.
വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) പ്രായേണ കാര്യങ്ങൾ അനുകൂലമാകും. വേണ്ടാത്തത് ഓരോന്ന് ആലോചിച്ച് മനഃക്ലേശത്തിലാഴും. കർമപുരോഗതിയുണ്ടാകും. നല്ല ദിനം 11.
ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) പല ഗുണാനുഭവങ്ങളുണ്ടാകും. ഓർക്കാതെ ചില ഗുണാനുഭവങ്ങൾ ലഭിക്കും. പ്രതിസന്ധികളെ ധൈര്യപൂർവം നേരിടും. ഗുണഫലദിനം 13.
മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) ധനപരമായ ഇടപാടുകൾ ശ്രദ്ധയോടെ വേണം. വിദ്യാഭ്യാസരംഗത്ത് ഗുണാനുഭവം ഉണ്ടാകും. വാക്കുകൾ വിദഗ്‌ധമായി ഭവിക്കും.
ശുഭാനുഭവദിനം 4.
കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) സംഗീതാദികലകളിൽ മികവുണ്ടാകും. പ്രേമമോഹങ്ങൾ സംജാതമാകും. പ്രവർത്തനങ്ങൾ സാർഥമാകും. സദ്‌ഫലദിനം 14.
മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) വിദ്യാഭ്യാസപുരോഗതിയുണ്ടാവും. ഉദരവ്യാധികളുണ്ടായെന്നുവരാം. വിഷബാധാസാധ്യതകളെ കരുതുക. മികച്ച ദിനം 14.
Content Highlights: Varaphalam this week 08.03.2020 to 14.03.2020