vishuവിഷുസദ്യയിലെ പ്രധാന വിഭവമായ മാമ്പഴപ്പുളിശ്ശേരി വഴിപാടായി തയ്യാറാക്കുന്ന ക്ഷേത്രമുണ്ട് കോട്ടയം ജില്ലയില്‍. തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രത്തില്‍. വിഷുവിന് തലേന്ന് ഭക്തര്‍ തന്നാലാകുംവിധം നാടന്‍ മാമ്പഴം ക്ഷേത്രത്തില്‍ നടയ്ക്ക് വെയ്ക്കും. പിറ്റേന്ന് ചീട്ടാക്കി ഭക്തര്‍ക്ക് ഭഗവാന് മുന്നില്‍ നേദിച്ച പുളിശേരി വഴിപാടായി നല്‍കും. 'കഴിഞ്ഞ തവണ കോവിഡ്മൂലം ചടങ്ങ് പോലെയേ നടത്തിയുള്ളൂ. എന്നാല്‍, വര്‍ഷങ്ങളായി മുടങ്ങാതെ നടത്തുന്ന ആചാരമാണിത് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി സജികുമാര്‍ തിനപ്പറമ്പില്‍ പറയുന്നു.

ചങ്ങനാശ്ശേരിയില്‍നിന്ന് 2.5 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രം പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ്. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വര്‍ഗീയ വാസസ്ഥലങ്ങളിലും ഒന്നുമാണിത്. പാണ്ഡവരില്‍ ഇളയവനായ സഹദേവനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി ആരാധിച്ചെന്നാണ് വിശ്വാസം.

ഐതിഹ്യം ഇങ്ങനെ: ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണ ശേഷം പാണ്ഡവര്‍ ദ്രൗപദീസമേതരായി തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. തങ്ങളുടെ തേവാരമൂര്‍ത്തികളെ ഉചിത ക്ഷേത്രം പണിത് പ്രതിഷ്ഠിക്കുകയായിരുന്നു തീരുമാനം. അതനുസരിച്ച് മൂത്തവനായ യുധിഷ്ഠിരന്‍ ചെങ്ങന്നൂരിലെ തൃച്ചിറ്റാറ്റും രണ്ടാമനായ ഭീമസേനന്‍ തൃപ്പുലിയൂരും അര്‍ജുനന്‍ തിരുവാറന്മുളയിലും നാലാമനായ നകുലന്‍ തിരുവന്‍വണ്ടൂരിലും പ്രതിഷ്ഠ നടത്തി. എന്നാല്‍, സഹദേവന് സ്വന്തമായി വിഗ്രഹമുണ്ടായിരുന്നില്ല. ഇതില്‍ മനംനൊന്ത അദ്ദേഹം തീയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ആ സമയത്ത് അഗ്‌നിദേവന്‍ പ്രത്യക്ഷപ്പെട്ട് വിഷ്ണുവിഗ്രഹം സമ്മാനിച്ചു. തുടര്‍ന്ന് ജ്യേഷ്ഠന്മാരുടെ പ്രതിഷ്ഠകളില്‍നിന്ന് അല്പം മാറി തൃക്കൊടിത്താനത്ത് അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചു.