കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഇക്കൊല്ലവും വിഷു എത്തുന്നത്. എന്നാലും വിഷുപുലരുകയാണ്. സംക്രമരാത്രിയില്‍ മാനത്തെ ശിശു കത്തിച്ചെറിഞ്ഞ നക്ഷത്രപ്പൂത്തിരിത്തുണ്ടുകള്‍ പുലരിക്കതിരുകളായി കിഴക്കുദിക്കുകയാണ്

ഴിഞ്ഞവര്‍ഷം വിഷു കോവിഡ് ഭയങ്ങളില്‍ മുങ്ങിപ്പോയി. ഈ വര്‍ഷവും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സൂര്യസംക്രമത്തേരില്‍ വിഷുവേലയെത്തുന്നത്. എങ്കിലും ഒരു നിയന്ത്രണവും കണക്കാക്കാതെ കണിക്കൊന്നകള്‍ കേരളക്കരയാകെ പൂത്തുനിറഞ്ഞിരിക്കുന്നു.ജ്യോതിശ്ശാസ്ത്രമനുസരിച്ച് മീനം സൂര്യന്റെ പ്രളയരാശിയാണ്. മീനച്ചൂടിന്റെ പ്രളയം കഴിഞ്ഞ് സംക്രമപ്പിറ്റേന്നുദിക്കുന്ന ആദ്യത്തെ സൂര്യരശ്മി ചെന്നുതട്ടുന്നിടം സ്വര്‍ണമായിത്തീരുമെന്നാണ് വിഷുസങ്കല്പത്തിന്റെ ഏറ്റവും സൗന്ദര്യമുള്ള കാവ്യകല്പന. കൊന്ന പൊന്നണിഞ്ഞത് ആ സങ്കല്പലാവണ്യത്തിലാണ്. പൊന്ന് മലയാളിക്ക്  എന്നും ഐശ്വര്യമാണല്ലോ.
ഐശ്വരത്തിന്റെ പ്രതീകമാണ് വിഷുക്കണി. കണിക്കൊന്നയും കണിവെള്ളരിയും നാളികേരവും നവധാന്യങ്ങളും ചക്കയും മാങ്ങയുമൊക്കെച്ചേര്‍ന്ന കാര്‍ഷികവിഭവങ്ങളാണ് പ്രധാനമായും വിഷുപ്പുലര്‍ച്ചയ്ക്ക് കണിയായി കണിയുരുളിയിലൊരുക്കുന്നത്. വിശ്വാസികള്‍ പരിപൂര്‍ണ പ്രേമാവതാരമായ ശ്രീകൃഷ്ണനെയും ഒപ്പം കണികാണുന്നു.

വിഷുക്കൈനീട്ടവും ശ്രീസമൃദ്ധികളുടെ വാഗ്ദാനമാണ്. 'നാളെ' സമൃദ്ധമായിത്തീരാന്‍ 'ഇന്നി'ന്റെ കൈനീട്ടം. കാര്‍ഷികസമ്പല്‍സമൃദ്ധിതന്നെയാണ് ഈ ഐശ്വര്യങ്ങളുടെ അടിസ്ഥാനമായിരുന്നത്. കൃഷിയെമാത്രം ആശ്രയിച്ചുജീവിച്ചുപോന്ന പഴയ മലയാളികള്‍ക്ക് വിളവിറക്കലിന്റെ കാര്‍ഷികോത്സവം കൂടിയാണ് വിഷു. മേടം ഒന്നാംതീയതി കൃഷിപ്പണി ആരംഭിക്കുന്നതിന്റെ പ്രതീകമായി പാടത്ത് ഒരു ചാലെങ്കിലും ഉഴുതിടും. 'വിഷുച്ചാലിടുക' എന്നാണ് അതിനു പറഞ്ഞിരുന്നത്. വിഷുച്ചാലില്‍ വിതയ്ക്കാന്‍ പാകത്തില്‍ വല്യമ്മാമ ഒരു കുട്ടിച്ചാക്കില്‍ വിത്തു നനച്ചുവെച്ചിരുന്നത് ബാല്യത്തിലെ കൗതുകം നിറഞ്ഞ ഒരോര്‍മയാണ്. വിഷു ഒന്നാം തീയതി ചാക്കില്‍നിന്ന്, വെളുത്ത താടിമീശ മുളച്ചതുപോലെ മുള പൊടിച്ചുവരുന്നതു കാണാം.

വിഷുച്ചാലിടുമ്പോള്‍ ദേശത്തെ പുള്ളുവനും പുള്ളുവത്തിയും വരമ്പത്തിരുന്ന് പാടുന്നത് മലബാറിലെ വളരെ പഴയ ഒരാചാരമായിരുന്നു. ഇറക്കാന്‍ പോവുന്ന വിത്തിനും വിളവിനും ഈതിബാധകളില്‍നിന്നു രക്ഷകിട്ടാനുള്ള ഒരു നാട്ടുപ്രാര്‍ഥനയായിരുന്നു അത്:
'പൊലികാ പൊലികാ
ദൈവമേതാന്‍
നെല്‍പൊലികാ
പൊലികണ്ഠന്‍ തന്റേതൊരു
വയലകത്ത്
ഏറോടെ ഉപ്പുകുന്നോ-
രെരുതും വാഴ്കാ
ഉഴമയല്ലോ എരിഷികളേ
നെല്‍പൊലികാ
മൂരുന്ന ചെറുമനുഷ്യര്‍
പലരും വാഴ്കാ...'

പാടത്തുഴുന്ന കാളകളും കര്‍ഷകനും ഒരുപോലെ വാഴാനും നെല്‍പൊലിച്ചളന്ന് പത്തായം നിറയാനുമുള്ള, നാട്ടുഗായകരായ പുള്ളുവരുടെ കര്‍ഷകത്തോറ്റം വിഷുവെന്ന കാര്‍ഷികവേലയുടെ പഴയ ഓര്‍മകളിലെവിടെയോ മറഞ്ഞുപോയി. പാടങ്ങളെ ചൂഴ്ന്നുനിന്ന വള്ളുവനാടന്‍ കുന്നിന്‍ ചെരിവുകളില്‍നിന്ന് കൊന്നപൂത്തുനിറഞ്ഞ സമൃദ്ധിയുടെ താഴ്വാരങ്ങളിലേക്ക് പുള്ളോര്‍ക്കുടം മുറുകിമൂളുന്ന ഗ്രാമീണ സംഗീതം ഒഴുകിപ്പരന്നിരുന്ന കാലം.
വിഷുവിന്റെ ഗ്രാമീണമായ അഴകുകളും ആചാരങ്ങളും നാട്ടറിവുകളും ഇങ്ങനെ പലതും ഓര്‍മയില്‍ വരുന്നുണ്ട്. വിഷുവരുന്നതിനു മുമ്പ് പറമ്പിലെ ചപ്പുചവറുകളെല്ലാം അടിച്ചുകൂട്ടി കത്തിക്കുന്നത് കുട്ടികളുടെ ജോലിയും വിനോദവുമായിരുന്നു. 'കുമ്പിരി കത്തിക്കുക' എന്നതാണിതിന് പറഞ്ഞിരുന്നത്. കത്തിക്കുമ്പോള്‍ ചവറുകൂനയുടെ രൂപം മാറുന്നതിനനുസരിച്ച് 'കാളക്കുമ്പിരി, പോത്തുംകുമ്പിരി, ആനക്കുമ്പിരി' എന്നിങ്ങനെ ആര്‍ത്തുവിളിച്ചു കളിച്ചിരുന്നത് ഞങ്ങള്‍ക്ക് ഒരു പഴയ വിഷുവിനോദമായിരുന്നു.

വിഷുവിന് ദേശത്തെ ജോത്സ്യന്‍ ഓരോ വീട്ടിലും വന്ന് 'വിഷുഫലം' പറയുന്ന ഒരാചാരം വള്ളുവനാട്ടിലുണ്ടായിരുന്നു. 'ഈ വര്‍ഷം ഇത്രപറവര്‍ഷം' എന്നാണ് വിഷുഫലത്തിലെ പ്രധാന പ്രവചനം. അത് ആ വര്‍ഷമുണ്ടാവാന്‍ പോവുന്ന മഴയുടെ അളവിന്റെ കണക്കാണ്. അതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മുന്‍പൊക്കെ ഗ്രാമത്തിലെ കൃഷിയുടെ ആസൂത്രണം.
'സൂര്യോത്സവ'മാണ് വിഷു. സൂര്യന്റെ ദക്ഷിണായനവും ഉത്തരായനവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പൗരാണികമായ ഉത്സവം. 'വിഷുവം' എന്ന വാക്കിന് 'തുല്യതയോടുകൂടിയത്' എന്നാണര്‍ഥം. സൂര്യായനത്തിന്റെ ഭാഗമായി ദിനരാത്രങ്ങള്‍ സമമായി വരുന്ന രണ്ടുദിവസങ്ങളുണ്ട് വര്‍ഷത്തില്‍, തുലാവിഷുവും മേടവിഷുവും. അന്ന് രാവും പകലും സമമായിരിക്കും. തുലാവിഷു  'ദീപാവലി'യായും മേടവിഷു 'വിഷുവേല'യായും ആചരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലുടനീളം ഈ ആഘോഷങ്ങളുണ്ട്. ഉത്തരേന്ത്യയില്‍ പലയിടത്തും മേടവിഷു 'ബിഹു'വും 'ഉഗാദി'യുമൊക്കെയാണ്. പൂത്തിരിയും മത്താപ്പും കമ്പിത്തിരിയും പടക്കവുമൊക്കെ ഇരുട്ടുനീക്കുന്ന സൂര്യായനത്തെ വരവേല്‍ക്കാന്‍ ഭൂമിജീവിതം ഉയര്‍ത്തിക്കാട്ടുന്ന ചെറുവെളിച്ചത്തിന്റെ പ്രതീകങ്ങളാണ്. 
തെക്കന്‍കേരളത്തില്‍ പലയിടത്തും വിഷുപ്രഭാതത്തെ ആയിരക്കണക്കിനു തിരികളാല്‍ ആരതിയുഴിഞ്ഞു സ്വീകരിക്കുന്ന വിഷുവാചാരവുമുണ്ടായിരുന്നു. വെളിച്ചത്തിന്റെ ഉത്സവമാണ് വിഷു. തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയ ദിവസമായും നമ്മുടെ ഐതിഹ്യങ്ങളില്‍ വിഷുവുണ്ട്. നരകാസുരനും രാവണനും വധിക്കപ്പെട്ട ദിനമാണ് വിഷു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.
വിഷു എന്ന കാര്‍ഷികോത്സവം ഇന്ന് വ്യാപാരോത്സവമായി. വിഷുക്കണിയും വിഷുസദ്യയും കണിക്കൊന്നയുംവരെ വാങ്ങാവുന്ന വിഭവങ്ങളായി. കോവിഡ് കാലം വിഷുവ്യാപാരങ്ങളെയും അസാധുവാക്കിയിരിക്കുന്നു. പടിവാതിലിനപ്പുറം വന്ന് കണിവെള്ളരി കാഴ്ചവെച്ച കനകനിലാവുകള്‍ കേട്ടുമറന്ന പാട്ടിലെ പഴകിയ കാവ്യകല്പനയായി, ഓണ്‍ലൈന്‍ വിഷുക്കണിക്കുമുന്നില്‍ ഒരു പുതിയ തലമുറ വിഷുവേലയുടെ അവകാശികളായി വന്നുകഴിഞ്ഞു.
ഇരുപതാം നിലയിലെ ഫ്‌ളാറ്റില്‍, കോവിഡ് ഭയങ്ങളുടെയും അകല്‍ച്ചയുടെയും ഏകാന്തതയുടെയും കാലത്ത്, മണ്ണും മലരും വിഷുക്കിളിയും കിളിപ്പാട്ടുമില്ലാതെ കണ്ണുതുറന്നെഴുന്നേറ്റുവരുന്ന പുതിയ ശിശുവിന് നല്‍കാന്‍ എന്തു വിഷുവാശംസയാണ് എന്റെ കൈവശമുള്ളത്!.

'ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃതലോകത്തുപുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും'
എന്ന വൈലോപ്പിള്ളിയുടെ വിഷുവാശംസ അവര്‍ക്കു പറ്റുമോ!