കോവിഡിന്റെ പ്രതിസന്ധികളുണ്ടെങ്കിലും ലോകമെമ്പാടുമുള്ള മലയാളിക്ക് വിഷുവെന്നാല്‍ പ്രതീക്ഷയുടെ പൊന്‍വെളിച്ചമാണ്. ലോകത്തിന്റെ ഏതു കോണിലായാലും മേടം ഒന്നിന് കിട്ടാവുന്ന വിഭവങ്ങളെല്ലാമൊരുക്കി കൊന്നപ്പൂവും വെച്ച് മലയാളി കണികണ്ടുണരും. വരുന്ന ഒരു വര്‍ഷക്കാലത്തേക്കുള്ള എല്ലാ നന്മയും സമൃദ്ധിയും ഐശ്വര്യവും വിഷുക്കണിദര്‍ശനത്തിലൂടെ ലഭിക്കുമെന്നതാണ് വിശ്വാസം. മലയാളിക്ക് കഴിഞ്ഞ വര്‍ഷത്തേത്തും ഈ വര്‍ഷത്തേതും മുന്‍ വര്‍ഷങ്ങളിലേപ്പോലെയുള്ള വിഷുവല്ല. സാധാരണ ഒരുവര്‍ഷക്കാലത്തെ സമ്പത് സമൃദ്ധിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് വിഷുവെങ്കിലും ലോകം മുഴുവന്‍ വ്യാപിച്ച മഹാവ്യാധിയെ തരണം ചെയ്തു മുന്നേറുന്നതിനുള്ള ശക്തിയും മനഃസാന്നിദ്ധ്യവും ആര്‍ജിക്കല്‍ കൂടിയാണ് ഇത്തവണത്തെയും വിഷുവിന്റെ പ്രത്യേകത.

കണികണ്ടാല്‍ പിന്നെ കൈനീട്ടം

വിഷുവുണ്ടോ കൃഷിയുണ്ട്, കൃഷിയുണ്ടോ വിഷുവുണ്ട് എന്ന പഴഞ്ചൊല്ല് പതിരല്ല. കാര്‍ഷിക സംസ്‌കാരവുമായി അടുത്ത ബന്ധമാണ് വിഷുവിനുള്ളത്. എല്ലാം മംഗളമായിത്തീരാനാണ് പുതുവര്‍ഷം തുടങ്ങുന്ന ദിനത്തില്‍ കണി കാണുന്ന ശീലം മലയാളി തുടങ്ങിയത്.

തലേനാള്‍ രാത്രി എല്ലാവരും ഉറങ്ങിയശേഷം വീട്ടിലെ മുതിര്‍ന്ന അംഗമാണ് കണി ഒരുക്കാറ്. ഓട്ടുരുളിയില്‍ നെല്ല്, പൊതിച്ച തേങ്ങ, വാല്‍ക്കണ്ണാടി, കുങ്കുമച്ചെപ്പ്, കസവുമുണ്ട്, സ്വര്‍ണനാണയം, കണിവെള്ളരിക്ക, വെറ്റില, അടയ്ക്ക, കണിക്കൊന്നപ്പൂവ് എന്നിവ നിറച്ച് നിലവിളക്ക് കൊളുത്തിയാണ് കണി ഒരുക്കുന്നത്. നവധാന്യങ്ങളും കൃഷ്ണ വിഗ്രഹവും പലതരം പഴങ്ങളും കണികാണാന്‍ വെയ്ക്കുന്നവരുമുണ്ട്. ദേശഭേദമനുസരിച്ച് കണി ഒരുക്കലിലും ആചാരങ്ങളിലും മാറ്റങ്ങളുണ്ട്. കണികണ്ടു കഴിഞ്ഞാല്‍ വിഷുക്കൈനീട്ടം നല്‍കലാണ്.

കുടുംബത്തിലെ മുതിര്‍ന്ന അംഗം എല്ലാവര്‍ക്കും നാണയം നല്‍കും. അത് ഇരുകൈകളും നീട്ടി വാങ്ങിയശേഷം ഇരുകണ്ണുകളിലും ചുണ്ടിലും നെഞ്ചിലും ചേര്‍ത്ത് സ്വീകരിക്കും.

വിഷുസദ്യയും കലകളും

മീനം, മേടം മാസങ്ങളില്‍ കേരളത്തില്‍ സുലഭമാകുന്ന ചക്കയും മാങ്ങയും മുരിങ്ങക്കയും തൊടിയില്‍നിന്ന് ലഭിക്കുന്ന വിഭവങ്ങളുമുപയോഗിച്ചുള്ള കറികളാണ് വിഷുസദ്യയെ കേമമാക്കുന്നത്. മാമ്പഴ പുളിശേരിയും ചക്കപ്രഥമനും ചക്ക കൊണ്ടും മാങ്ങകൊണ്ടുമുള്ള വിഭവങ്ങളും പ്രധാനമാണ്. വിഷുവുമായി ബന്ധപ്പെട്ട് വിവിധ ദേശങ്ങളില്‍ പലതരം കലകളും കളികളും ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. മധ്യതിരുവിതാംകൂറില്‍ പടയണിക്കാണ് പ്രാധാന്യം.

വിഷുപക്ഷി നേരത്തേ എത്തി

വിഷുവിന്റെ വരവറിയിച്ച് വിഷുപക്ഷി മരക്കൊമ്പുകളിലിരുന്ന് ചിലച്ചുതുടങ്ങി. വിത്തും കൈക്കോട്ടും, ചക്കയ്ക്കുപ്പുണ്ടോ എന്നു തുടങ്ങി പല ഈണത്തില്‍ വിഷുപക്ഷിയുടെ ശബ്ദം പകല്‍ മുഴുവന്‍ മരക്കൊമ്പുകളില്‍നിന്ന് മുഴങ്ങിക്കേള്‍ക്കാം. ഒരേ ഈണത്തിലും താളത്തിലുമുള്ള ശബ്ദം മലയാളിക്ക് എന്നും സുപരിചിതമാണ്.