മൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു ആഘോഷത്തിന് നാടൊരുങ്ങി. ബുധനാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും കണിദര്‍ശനം.

മലയാളികള്‍ ദേശീയാഘോഷം പോലെ കൊണ്ടാടുന്ന മേടവിഷു കൊല്ലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് കേരളത്തിലെ ആണ്ടുപിറപ്പായിരുന്നു.

വിളവെടുപ്പിന്റെയും വസന്തഋതുവിന്റെയും ഈ വേളയില്‍ ഇല്ലവും വല്ലവും നിറയുന്ന കാര്‍ഷികോത്സവമായിട്ടാണ് വിഷു കൊണ്ടാടിപ്പോരുന്നത്. കണിക്കൊന്നകള്‍ മംഗളസൂചകമായ മഞ്ഞമേലാപ്പണിയിക്കുന്ന പുഷ്പാലംകൃതമായ പ്രകൃതിയില്‍, ആഹ്‌ളാദം പങ്കിട്ടാണ് വിഷു ആഘോഷം.

പുലര്‍ച്ചെ വിഷുക്കണിയോടെയാണ് തുടക്കം. കണി കണ്ട് മുതിര്‍ന്നവരില്‍നിന്ന് ലഭിക്കുന്ന വിഷുക്കൈനീട്ടം ഒരു വര്‍ഷത്തെ ഐശ്വര്യം പോലെയാണ് ഇന്നും ഇളമുറക്കാര്‍ കരുതുന്നത്.

വെളുപ്പിന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ വിഷുക്കണിദര്‍ശനം അതിവിശിഷ്ടമെന്നാണ് ആചാര്യമതം. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ നട തുറക്കുന്ന സമയക്രമം െവച്ചായിരിക്കും വിഷുക്കണി. ദര്‍ശനം നടത്തുന്ന ഭക്തര്‍ പൂജാരിമാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുകയും പ്രസാദം സ്വീകരിക്കുമ്പോള്‍ തിരിച്ച് ദക്ഷിണ കൊടുക്കുകയും ചെയ്യുന്ന പതിവുണ്ട്.

പരമ്പരാഗത രീതിയില്‍ പ്രഥമന്‍ ഉള്‍പ്പെടെ എല്ലാ വിഭവങ്ങളോടെയും ഒരുക്കുന്ന സദ്യയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. നാല്‍ക്കാലികളെ കുളിപ്പിച്ച് മാല ചാര്‍ത്തി ചന്ദനം തൊടുവിച്ച് സദ്യ നല്‍കും. ഊഞ്ഞാലാട്ടവും പാട്ടും പടക്കം പൊട്ടിക്കലും മറ്റുമായി കുട്ടികള്‍ ഇടവേളയില്ലാതെ ഉല്ലസിക്കും.

വിഷുക്കണി ഒരുക്കല്‍

തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി നിറച്ച് ദേവന്റെയോ ദേവിയുടെയോ വിഗ്രഹം െവയ്ക്കും(മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്ത് മുരളികയേന്തുന്ന ഉണ്ണിക്കണ്ണന്മാരുടെ വിഗ്രഹങ്ങളാണ് ഭവനങ്ങളില്‍ കണിയൊരുക്കലിന് കൂടുതലായും കണ്ടുവരുന്നത്. പ്രാദേശികമായി പ്രാധാന്യമുള്ള ദേവീദേവന്മാരുടെ വിഗ്രഹങ്ങളും ഉണ്ടാവും). ഏഴു തിരിയിട്ട നിലവിളക്കിന് മുന്നിലാണ് കണി െവയ്ക്കുന്നത്. ഉരുളിയില്‍ കൊന്നപ്പൂവ്, അഷ്ടമംഗല്യം, നാളികേരം, വെള്ളരിക്ക, ഫലവര്‍ഗങ്ങള്‍, വാല്‍ക്കണ്ണാടി, ചെപ്പ്, അലക്കി മടക്കിയ വസ്ത്രം, താളിയോല, സ്വര്‍ണം എന്നിവയും ഒരുക്കിവെയ്ക്കും.

വിഷുക്കണിയോടൊപ്പം ചില ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നിറപറയും നെല്‍ക്കതിരും െവയ്ക്കാറുണ്ട്. തലേദിവസം വിഷുസംക്രമത്തില്‍ സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടത്തിലേക്ക് കടക്കുന്ന രാവും പകലും തുല്യമായി വരുന്ന ഉത്തരായനത്തിലെ അതിവിശിഷ്ടദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. വിഷു കഴിഞ്ഞ് പത്താം ദിവസമാണ് സൂര്യന്‍ ഉച്ചസ്ഥാനത്താകുന്ന പത്താമുദയം. ഈ ദിവസങ്ങളിലെ ആദിത്യപൂജയും അനുഗ്രഹദായകമെന്നാണ് വിശ്വാസം.