പ്രകൃതിയും മനസ്സുകളും സമൃദ്ധിക്ക് കണിയൊരുക്കുന്ന വിഷുവിന് നമുക്ക് ആശ്വസിക്കാം-പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും കാര്യമായ വിലവര്‍ധനയില്ല. മാങ്ങയൊഴികെ എല്ലാ ഇനങ്ങളും വിപണിയില്‍ സുലഭം.

കഴിഞ്ഞ വിഷുവിന് കോവിഡ് പൂട്ടിട്ട വിപണികളില്‍ ഇന്ന് പ്രധാന ഇനങ്ങള്‍ ലോഡുകണക്കിനാണ് എത്തുന്നത്. വിപണികളെല്ലാം സജീവം. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ നല്ല തിരക്കാണ്. കീശ ചോരാതെ വിഷുവുണ്ണാം. പഴങ്ങള്‍ വാങ്ങിക്കഴിക്കാം.

വലിയ ഉള്ളിക്ക് നല്ല വിലക്കുറവുണ്ട്- കിലോ 20 രൂപ മാത്രം. കൂടുതല്‍ വാങ്ങിയാല്‍ 18 രൂപയ്ക്ക് ലഭിക്കും. വേറെയും പല പച്ചക്കറികളും ഇതുപോലെ വിലക്കുറവിലാണ് വില്‍ക്കുന്നത്. വില വര്‍ധനയുള്ളത് മാമ്പഴത്തിന്-110 രൂപ. മൊത്തക്കച്ചവടവില 90 രൂപ. കാലം തെറ്റിപ്പെയ്ത മഴമൂലം മാങ്ങ കായ്ഫലം കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വരവുമാങ്ങയും ഇക്കുറി കുറവാണ്. ആപ്പിളിന് 160. പഴങ്ങളുടെ വിപണിയില്‍ പച്ചക്കറിക്കടകളിലെക്കാള്‍ തിരക്ക് കുറവാണ്.

നേന്ത്രപ്പഴം വില 40 രൂപയായി. ശര്‍ക്കര ഉപ്പേരിയും വറുത്തുപ്പേരിയുമൊക്കെ തയ്യാറാക്കാന്‍ ആളുകള്‍ കായ കൂടുതല്‍ വാങ്ങുന്നുണ്ട്. കണിവെള്ളരിക്ക് കഴിഞ്ഞവര്‍ഷത്തെക്കാള്‍ അല്പം വില കൂടി-കിലോ 70 രൂപ. പച്ചക്കറികളില്‍ പയറിന് വില കൂടുതലാണ്-55-65 രൂപയാവും.

മറ്റു പച്ചക്കറികളുടെ ചില്ലറ വില്‍പ്പന വില ചുവടെ (കിലോയ്ക്ക്) : വെള്ളരി - 20, കിഴങ്ങ്-25, തക്കാളി 15, പച്ചമുളക് -70, മുരിങ്ങക്കായ്-50, കാരറ്റ്-40, കാബേജ് -20, ചെറിയ ഉള്ളി-65

പഴങ്ങള്‍ : റോബസ്റ്റ-25, പൂവന്‍പഴം-50, ഞാലിപ്പൂവന്‍-40, ഓറഞ്ച്-120, മുന്തിരി-80, കായില്ലാത്ത മുന്തിരി - 100, മുസമ്പി (മുര്‍ത്തുക്കാല്‍) -120, വത്തക്ക-20. പഴങ്ങളും പച്ചക്കറികളും കൂടുതലും തമിഴ്നാട്ടില്‍ നിന്നാണ് എത്തിക്കുന്നത്. നാടന്‍ ഇനങ്ങള്‍ വരവ് തീരെ കുറവാണ്. വിഷുക്കാലത്ത് പ്രാദേശിക വിപണികളില്‍ത്തന്നെ അവ വിറ്റഴിയുന്നതാണ് കാരണം.

കൂടുതല്‍ വാങ്ങുന്നില്ല

വിഷുവാണല്ലോ, വില വര്‍ധനയില്ലല്ലോ എന്ന് കരുതി പച്ചക്കറികള്‍ ആളുകള്‍ കൂടുതലായി വാങ്ങുന്നില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു. 'എല്ലാം ആവശ്യത്തിനുമാത്രം' എന്നൊരു രീതിയാണ് ഉപയോക്താക്കാള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. കോവിഡ് സാഹചര്യം മിതത്വം ശീലിക്കാന്‍ പഠിപ്പിച്ചിരിക്കുന്നു. സാധാരണക്കാരായ ആളുകളുടെ കൈയില്‍ പണമില്ലെന്നതും പ്രശ്‌നമാണ്.

ഹോര്‍ട്ടികോര്‍പ്പ് ചില്ലറ വില്‍പ്പന വില : വഴുതന-36, വെണ്ട-45, പാവയ്ക്ക -43, പയര്‍-69, എളവന്‍-16, മത്തന്‍-20, പടവലം-26, മുളക്-59, കാരറ്റ്-39, ബീന്‍സ്-63, കാബേജ് -25, ഫ്‌ളവര്‍-31, ബീറ്റ് റൂട്ട് -46, ഉരുളക്കിഴങ്ങ് - 25, കോവയ്ക്ക -31, വെള്ളരി -19, തക്കാളി -13, മുരിങ്ങ -39, ഇഞ്ചി -49, ചേമ്പ് -34, ചേന -25, സവാള -20, ചെറിയ ഉള്ളി -62, മല്ലിയില - 80, കറിവേപ്പില-65, കക്കിരി -29, വെളുത്തുള്ളി-85, കൊത്തവര-28, ഏത്തപ്പഴം - 34, ഏത്തക്കായ-52.(കോഴിക്കോടിലെ വില)