എങ്ങനെ കണിയൊരുക്കാം തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കാരായ്മ മേല്‍ശാന്തി മാടമന തുരുത്തേല്‍മഠം കെ. മുരളി പറയുന്നു

ല ഭാഗങ്ങളിലും പ്രാദേശികമായും കാലികമായുമുള്ള മാറ്റങ്ങള്‍ വിഷു ആഘോഷത്തിന് വന്നിട്ടുണ്ടെങ്കിലും തിന്മയുടെ മേല്‍ നന്മ വിജയം വരിക്കുന്ന സന്ദേശമാണ് വിഷു നല്‍കുന്നത്. വിഷുവിന് കണിദര്‍ശനവും വിഷുക്കൈനീട്ടവുമാണ് ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങള്‍. അതിരാവിലെ എണീറ്റ് കണികാണുകയും കൈനീട്ടം വാങ്ങുകയും ചെയ്യുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം വര്‍ഷിക്കുമെന്നാണ് വിശ്വാസം.

'വര്‍ഷം മുഴുവന്‍ നന്മയും ഐശ്വര്യവും ജീവിതത്തില്‍ നിറയട്ടെയെന്ന സന്ദേശവുമായാണ് വീട്ടില്‍ വിഷുക്കണി ദര്‍ശനം ഒരുക്കുന്നത്. ദശാവതാരങ്ങളില്‍ ഏറ്റവും സൗന്ദര്യവും ഐശ്വര്യവുമുള്ള അവതാരമാണ് ശ്രീകൃഷ്ണാവതാരം. കൃഷ്ണവിഗ്രഹത്തില്‍നിന്നു ലഭിക്കുന്ന ചൈതന്യം ആത്മാവിനെ പ്രകാശിപ്പിക്കുന്നതാണ്. അതിനാല്‍ അലംകൃതമായ ശ്രീകൃഷ്ണവിഗ്രഹമായിരിക്കണം കണിയുടെ പ്രധാന ഘടകം. മൂന്ന് നാക്കിലവെച്ച് ഇതിലായിരിക്കണം കണി ഒരുക്കേണ്ടത്. ഇലയ്ക്ക് മുകളില്‍ വസ്ത്രം വിരിച്ച് അതിന് മുകളില്‍ ഓട്ടുരുളിവെച്ച് കണിയൊരുക്കുന്നതാണ് സാധാരണ രീതി'.

വിഷുവെന്നത് വിളവെടുപ്പിന്റെ ഉത്സവമായതിനാല്‍ ശ്രീകൃഷ്ണന് പ്രിയപ്പെട്ട കദളിപ്പഴം മുതല്‍ കണിവെള്ളരിയും ചക്കയും ചക്കക്കുരുവും വരെയുള്ള ഫലമൂലാദികളും കണിയൊരുക്കാന്‍ ഉയോഗിക്കാം. വിഷുവിന് വേണ്ടി മാത്രം വിരിയുന്ന കണിക്കൊന്ന പൂവും കണിക്ക് മിഴിവേകും. ഇവ കൂടാതെ നെല്ലും, ഉണക്കലരിയും നാളികേരവും കണ്ണാടിയും വെറ്റിലയും പാക്കും സ്വര്‍ണവും വെള്ളിനാണയങ്ങളുമെല്ലാം കണിക്ക് അലങ്കാരമായി കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ സമര്‍പ്പിക്കാവുന്നതാണ്. അതിരാവിലെ കണികാണുന്നതിനായി അഞ്ച് തിരിയിട്ട വിളക്കടക്കം തലേദിവസം രാത്രി തന്നെ തയ്യാറാക്കി വെക്കുന്നതാണ് നല്ലത്.

'കുടുംബാംഗങ്ങള്‍ക്ക് വീട്ടിലെ കാരണവരോ മുതിര്‍ന്ന അംഗമോ കൈനീട്ടം നല്‍കുന്നതും വിഷുവിന് മാത്രമായുള്ള ആചാരമാണ്. മുതിര്‍ന്ന കുടുംബാംഗം വടക്കോട്ടിരുന്നാണ് ബാക്കിയുള്ള കുടുംബാംഗങ്ങള്‍ക്ക് കൈനീട്ടം നല്‍കുന്നത്. കൂടാതെ വിഷുദിനത്തില്‍ പ്രകൃതിയില്‍നിന്നു സ്വാഭാവികമായി ലഭിക്കുന്ന ഫലമൂലാദികള്‍ കൊണ്ടാവണം സദ്യ ഒരുക്കേണ്ടത്. നാവിന് രുചിക്കുന്നതല്ല, ആത്മാവിനെ പ്രകാശിതമാക്കുന്നതായിരിക്കണം ഭക്ഷണമെന്നതാണ് ഹൈന്ദവ കാഴ്ചപ്പാട്.'

content highlights: vishu kani, 2021 vishu special