ശ്വര്യപൂര്‍ണമായൊരു വര്‍ഷത്തിലേക്കുള്ള പ്രതീക്ഷയാണ് വിഷു. വിഷുവാഘോഷത്തില്‍ ഏറ്റവും പ്രധാനം വിഷുക്കണി തന്നെ. പ്രതീക്ഷയുടെ പൊന്‍കണിയാണത്. വരുംവര്‍ഷത്തിന്റെ നന്‍മകളിലേക്കാണ്, നിറവിലേക്കാണ് വിഷുക്കണി വാതില്‍തുറക്കുന്നത്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കേണ്ടത്. ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ, ചിത്രത്തിന്റെയോ മുന്നിലാകണം കണിവയ്‌ക്കേണ്ടത്. ഓട്ടുരുളിയില്‍ പകുതിയോളം ഉണക്കലരി നിറയ്ക്കും. ഉണക്കലരിയും നെല്ലും ചേര്‍ത്ത് നിറയ്ക്കണമെന്നാണ് സങ്കല്‍പ്പം. ഇതില്‍ സ്വര്‍ണനിറത്തിലുള്ള കണിവെള്ളരിയും നാളികേരമുറി, ചക്ക, മാങ്ങ, മാമ്പഴം, കദളിപ്പഴം എന്നിവയും വാല്‍ക്കണ്ണാടിയും വയ്ക്കും. ചിലര്‍ നാളികേരമുറിയില്‍ എണ്ണയൊഴിച്ച് തിരി കത്തിക്കാറുണ്ട്.

ഉരുളിയോട് ചേര്‍ന്ന് താലത്തില്‍ അലക്കിയ കസവു മുണ്ട്, ഗ്രന്ഥം, വെറ്റിലയില്‍ നാണയം, പഴുക്കടയ്ക്ക എന്നിവ വയ്ക്കും. സ്വര്‍ണം, കുങ്കുമച്ചെപ്പ് എന്നിവയുമുണ്ടാകും. കണിക്കൊന്നകൊണ്ടാണ് കൃഷ്ണവിഗ്രഹവും ഓട്ടുരുളിയുമെല്ലാം അലങ്കരിക്കുക. ഓട്ടുരുളിക്കടുത്തായി തെളിച്ചുവയ്ക്കുന്ന നിലവിളക്കിന്റെ വെളിച്ചത്തിലാണ് കണി കാണേണ്ടത്. ഓട്ടുകിണ്ടിയില്‍ വെള്ളവും വയ്ക്കും. നിലവിളക്കിന്റെ നിഴല്‍ കൃഷ്ണവിഗ്രഹത്തില്‍ വീഴാത്ത തരത്തിലായിരിക്കണം. കണികണ്ട് തൊഴുതശേഷം ഉരുളിയുടെ അരികില്‍പ്പിടിച്ച് കണി മുഴുവനായി കാണണം.

തേച്ചുമിനുക്കിയതായിരിക്കണം നിലവിളക്കും ഉരുളിയുമെല്ലാം. കിഴക്ക് ദര്‍ശനമായി നിന്നാണ് കണി കാണേണ്ടത്. കുടുംബനാഥയോ മറ്റു മുതിര്‍ന്ന അംഗങ്ങളോ ആണ് എല്ലാവരെയും വിളിച്ചുണര്‍ത്തുക. കണ്ണ് പൊത്തിപ്പിടിച്ച് കണിക്ക് മുന്നില്‍ കൊണ്ടുവരും. തുടര്‍ന്ന് വെള്ളംതൊട്ട് കണ്ണുകള്‍ നനച്ച് കണികാണിക്കും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വിഷുക്കണി കാണണമെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.  വീട്ടിലുള്ള എല്ലാവരും വിഷുക്കണി കാണണമെന്നത് പണ്ട് നിര്‍ബന്ധമായിരുന്നു. ഇതിനുശേഷം പാടത്തെ നെല്‍ച്ചെടികളെയും വീട്ടുവളപ്പിലുള്ള മരങ്ങളെയും തൊഴുത്തിലെ കാലികളെയുമെല്ലാം കണി കാണിക്കും.

content highlights: vishu kani, vishu celebrations