ല്ലാവരും വിഷുവിന്റെ ആഘോഷത്തിമിര്‍പ്പിലാണ്. അതോടൊപ്പം പടക്കവിപണി സജീവമായി. പടക്കംപൊട്ടിച്ചും കത്തിച്ചും ആഘോഷിക്കുമ്പോള്‍ അതിനൊപ്പം ചില സുരക്ഷാകാര്യങ്ങളില്‍കൂടി ശ്രദ്ധവെക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അതികഠിനമായ വേനല്‍ ചൂടുള്ളതിനാല്‍ പടക്കം പൊട്ടിയുണ്ടാകുന്ന അപകടങ്ങളില്‍ കൂടുതലും കൈയിലേല്‍ക്കുന്ന പൊള്ളലുകളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളെ പടക്കവുമായി അടുത്തിടപഴകാന്‍ അനുവദിക്കരുത്. പടക്കം പൊട്ടിക്കുമ്പോള്‍ അടുത്ത് ഒരു ബക്കറ്റില്‍ വെള്ളം കരുതുക. അശ്രദ്ധകാരണം വലിയസ്ഫോടനം ഉണ്ടാകുന്നത് തടയാന്‍ പടക്കവുമായി 50 അടിയെങ്കിലും അകലം പാലിക്കണം. ഒരിക്കലും പടക്കം കൈയില്‍വെച്ച് തീ കൊളുത്തരുത്. അപകടം പറ്റിയാല്‍ പൊള്ളലേറ്റ കൈയിലും മറ്റുമുള്ള ആഭരണങ്ങള്‍ പെട്ടെന്നുതന്നെ നീക്കംചെയ്യണം. പടക്കം പൊട്ടിക്കുമ്പോള്‍ കണ്ണിന് സംരക്ഷണം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊള്ളലേറ്റാല്‍ സ്വയം ചികിത്സ ചെയ്യുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുകയേ ഉള്ളൂ. പൊള്ളലേറ്റ ഭാഗത്ത് നേരിട്ട് ഐസ് വെക്കരുത്. ചിലര്‍ ടൂത്ത് പേസ്റ്റ് തേക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ചൂട് പുറത്തേക്കുപോകാതെ കൂടുതല്‍ ഉള്ളിലേക്ക് ബാധിക്കാന്‍ കാരണമാകും. അതേപോലെ, വെണ്ണ പുരട്ടുന്നത് ബാക്ടീരിയകള്‍ പെരുകുന്നതിനും അണുബാധയ്ക്കും ഇടയാക്കും.

പൊള്ളിയഭാഗം ഒഴുകുന്ന വെള്ളത്തില്‍ വെക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വൃത്തിയുള്ള തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മൂടി അതിനുമുകളില്‍ ഐസ് പാക്ക് വെക്കാം. പരിക്കേറ്റ കൈ ഉയര്‍ത്തിവെക്കുക. ഉടന്‍തന്നെ വൈദ്യസഹായം തേടുക. കണ്ണിന് പരിക്കേറ്റാല്‍ അതായത് പടക്കം പൊട്ടുമ്പോള്‍ ചെറിയ കഷ്ണങ്ങളോ പൊടികളോ കണ്ണില്‍ തട്ടിയാല്‍ ഒരിക്കലും കൈകൊണ്ട് തിരുമ്മരുത്. അത് കൂടുതല്‍ പരിക്ക് ഉണ്ടാക്കുകയേയുള്ളൂ. കണ്ണില്‍ ധാരാളം വെള്ളം ഒഴിച്ച് കഴുകണം. ഉടന്‍തന്നെ ചികിത്സ തേടണം.

ഉയര്‍ന്നശബ്ദം പലപ്പോഴും കേള്‍വിത്തകരാറുകള്‍ക്ക് ഇടയാക്കാറുണ്ട്. ചിലത് താത്കാലിക പ്രശ്നങ്ങളാവാം. എന്നാല്‍ മറ്റുചിലപ്പോള്‍ സ്ഥായിയായ തകരാറുകള്‍ക്കും കാരണമാകാം. ശബ്ദത്തിന്റെ തീവ്രത 85 ഡെസിബെല്ലില്‍ കൂടുതലാണെങ്കില്‍ കേള്‍വിത്തകരാറിന് ഇടയാക്കാം. പടക്കം പൊട്ടുമ്പോള്‍ ചുരുങ്ങിയത് 50 അടി അകലമെങ്കിലും പാലിക്കണം. പടക്കം പൊട്ടുമ്പോള്‍ ചെവി പൊത്തിപ്പിടിക്കുന്നത് നല്ലതായിരിക്കും. ചെവിവേദന, മുരള്‍ച്ച എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക. പടക്കം പൊട്ടുമ്പോഴും മറ്റുമുണ്ടാകുന്ന പുകയില്‍ നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കണം. ആസ്ത്മ, അലര്‍ജി എന്നിവ ഉള്ളവര്‍ക്ക് അത് തീവ്രമാകാന്‍ പുക കാരണമാകും.

(കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജന്‍, കെ.ഡി.സി.എച്ച്, കോഴിക്കോട്, സെക്രട്ടറി, കൈരളി പ്ലാസ്റ്റിക് സര്‍ജന്‍സ് അസോസിയേഷന്‍)

content highlights: vishu crackers