ണിക്കൊന്നക്കാട് പൂക്കുമ്പോഴാണ് കാടിനുള്ളില്‍ വിഷു വരവറിയുന്നത്. ചുട്ടുപൊള്ളുന്ന വെയിലില്‍ വന്‍മരങ്ങള്‍പോലും ഇലപൊഴിച്ചിടുമ്പോള്‍ കൊന്നമാത്രം പൊന്നിന്‍ നിറങ്ങളുമായി പൂത്തുലയും. തിരുനെല്ലിക്കാടുകളില്‍ സ്വര്‍ണവര്‍ണങ്ങളെഴുതി ഒരു വിഷുക്കാലംകൂടി എത്തുന്നു.

കാട്ടിനുള്ളിലെ കാട്ടുനായ്ക്കര്‍ക്കും തേന്‍കുറുമര്‍ക്കുമെല്ലാം വിഷുക്കാലം വേറിട്ടൊരു ആഘോഷത്തിന്റേതാണ്. കേരളത്തിലെ വിഷു ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ കാടിനുള്ളില്‍നിന്ന് വിഷുക്കളിയുമായി ഇവര്‍ ഗ്രാമത്തിലേക്കിറങ്ങും. കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളായ തോല്‍പ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കര്‍ഷകനാടിന്റെ മറ്റൊരു വര്‍ഷാരംഭത്തിലേക്ക് ഇവരും വന്നണയുന്നത്. അതുവരെയും പുറംലോകവുമായി കൂടുതലൊന്നും ഇടപെഴകാത്ത മുതിര്‍ന്ന തലമുറകളില്‍നിന്ന് വിഭിന്നമായി, വിഷുക്കാലത്തുമാത്രം ഇവര്‍ അനുഷ്ഠാനങ്ങളുമായി പുറത്തേക്കിറങ്ങുന്നു. കാടിനുള്ളില്‍ തളിര്‍ത്ത കണിക്കൊന്ന ശരീരമാകെ വെച്ചുകെട്ടി അതുകൊണ്ടു തന്നെ കിരീടമണിഞ്ഞ് മുഖത്താകെ ചായമെഴുതിയാണ് ഇവര്‍ താളത്തിനൊത്ത ചുവടുമായി ഇറങ്ങുക. പത്തിരുപതുപേര്‍ അണിനിരക്കുന്ന സംഘം. ഒരു മുഴം നീളത്തിലുള്ള കമ്പ് എല്ലാവരുടെയും കൈയിലുണ്ടാകും. കന്നഡയും തെലുങ്കും ഇടകലര്‍ന്ന ലിപിയില്ലാത്ത ഗോത്രഭാഷയില്‍ ഇവര്‍ വിഷുപ്പാട്ട് പാടി കോല്‍ക്കളി തുടങ്ങും. ചടുലമായ വേഗത്തില്‍ വലംചുറ്റി ദൈര്‍ഘ്യമേറിയ വിഷുക്കളി അങ്ങനെ ഈ നാടിന്റെ വീട്ടുമുറ്റത്ത് അരങ്ങേറുന്നു.

ധൂരീ.. ധുരീ

തിരുനെല്ലിയിലെ പോത്തുമൂലയില്‍നിന്ന് കാളിന്ദിക്ക് കുറുകെ ഗുണ്ടറപാലം കടന്നാല്‍ അക്കരെ കാടിറമ്പങ്ങളില്‍ കാട്ടുനായ്ക്കരുടെ സങ്കേതമായി. വിഷുവിങ്ങ് മുന്നിലെത്തിയപ്പോള്‍ കോളനിയില്‍ കോല്‍ക്കളിയുടെ ഒരുക്കങ്ങളും സജീവമായി. ഏഴുനാള്‍ വ്രതമെടുത്ത കോലധാരികളുടെ പെരുമാളിനെ പ്രകീര്‍ത്തിച്ചുള്ള ഒച്ചത്തിലുള്ള പാട്ട് അങ്ങകലെ കേള്‍ക്കാം. കോവിഡ് മഹാമാരി നാടിനെയാകെ ഉലച്ചപ്പോള്‍ മുടങ്ങിയതൊഴികെ, നൂറ്റാണ്ടുകളോളം വിഷുക്കാലത്ത് കോല്‍ക്കളിയുമായി ഇവരും മുന്‍ തലമുറകളും ഇറങ്ങിയിരുന്നു. ഇത്തവണ കോവിഡിന്റെ ആകുലതകള്‍ മാറാത്തതിനാല്‍ ഈ നാട്ടില്‍മാത്രം ഒതുങ്ങുകയാണ് ഇവരുടെ അനുഷ്ഠാനവും. നട്ടുച്ചവെയിലിലാണ് അയ്യപ്പന്‍മൂലയില്‍നിന്ന് വേഷമണിഞ്ഞ് ഇരുപതോളം പേരടങ്ങുന്ന കാട്ടുനായ്ക്കസംഘം കോളനിമൂപ്പന്‍ വെള്ളുവിന്റെ അനുഗ്രഹം വാങ്ങി വീടുകള്‍ കയറാനിറങ്ങിയത്.

പെടലാടിയിലെ ക്ഷേത്രമുറ്റത്ത് കോല്‍ക്കളിക്ക് തുടക്കമായി. ഒരാണ്ടിന്റെ കാര്‍ഷികസമൃദ്ധിക്കായി കാട്ടിനുള്ളില്‍നിന്ന് ഇവര്‍ പുറപ്പെട്ടിറങ്ങുന്നത് വീട്ടുമുറ്റങ്ങളിലേക്കാണ്. സന്ധ്യയാകുന്നതുവരെയും ഓരോ വീടിന്റെ മുറ്റത്തും പാട്ടുപാടി ചടുലതാളത്തില്‍ ഇവര്‍ കോലടിക്കും. മുഖത്തും ശരീരമാകെയും കറുപ്പും വെളുപ്പും ചായമെഴുതി അരയില്‍ കൊന്നപ്പൂക്കളും മണികളും കെട്ടി കണിക്കൊന്ന കിരീടമണിഞ്ഞ കോമാളിവേഷക്കാരനും സ്ത്രീവേഷമണിഞ്ഞ ഒരാളുമാണ് കോല്‍ക്കളിസംഘത്തിന് നേതൃത്വം നല്‍കുന്നത്. ഒന്നിലധികം പാട്ടുകള്‍ക്കൊപ്പമാണ് ഇവര്‍ ഓരോ വീട്ടുമുറ്റത്തും താളംചവിട്ടുക. ഏറ്റവും ഒടുവില്‍ ധുരി..ധൂരി പാടി വീട്ടുകാരില്‍നിന്ന് ദക്ഷിണ വാങ്ങി പടിയിറങ്ങും. ഗ്രാമാന്തരങ്ങള്‍ പിന്നിട്ട് വിഷുത്തലേന്ന് രാത്രിയിലാണ് ഇവര്‍ തിരുനെല്ലി പെരുമാളിന്റെ സന്നിധിയിലെത്തുക.

വിഷുവിന് ഒരാഴ്ചമുമ്പാണ് കാട്ടുനായ്ക്കര്‍ കോടാങ്കിയാട്ടത്തിന് വ്രതാനുഷ്ഠാനങ്ങളോടെ ഒരുങ്ങുക. പെരുമാളിന്റെ അനുഗ്രഹം വാങ്ങി മൂപ്പന്‍ വെട്ടിനല്‍കുന്ന വലിയ മുളങ്കമ്പുമായി കോല്‍ക്കളി തുടങ്ങും. ദേഹത്താകെ കരിയും ചായങ്ങളും തേച്ചുപിടിപ്പിച്ച് നിറയെ കണിക്കൊന്നകളും വെച്ചുകെട്ടിയാണ് വീടുവീടാന്തരം കോലാങ്കിയാട്ടത്തിനായി കയറിയിറങ്ങുക. ശിവപാര്‍വതിമാരെ സങ്കല്പിച്ച് സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും കൂടെയുണ്ടാകും. ദക്ഷിണയായി സ്വീകരിച്ച തുകയെല്ലാം പെരുമാളിന്റെ സന്നിധിയിലെത്തി വിഷുദിവസം കണികണ്ട് ഇവര്‍ വീതിച്ചെടുക്കും. അരിയും മറ്റുസാധനങ്ങളും എല്ലാവരുമായും പങ്കുവെക്കും.

കാടിന്റെ ചെപ്പിലെ പാട്ടുകാര്‍

കാര്‍ഷിക ഉത്സവമായ വിഷുവിന്റെയും കാടിന്റെയും കാഴ്ചകളാണ് ഇവരുടെ പാട്ടുകള്‍.

ഒരുകാലത്ത് വന്യമൃഗങ്ങളെ വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും തേനെടുത്തും ജീവിതം പൂരിപ്പിച്ച കാട്ടുനായ്ക്കരുടെ സ്വന്തം ജീവിതം തന്നെയാണ് പാട്ടിലൂടെ ഇവര്‍ പറയുന്നത്. ഓരോ വിഷുക്കാലവും ഈ പാട്ടുകളെ ഇവര്‍ നാടിന്റെ ഹൃദയത്തിലേക്ക് കുറിച്ചിടും.

content highlights: tribals vishu celebratioon