namithaകോവിഡ് പ്രോട്ടോകോള്‍ എന്ന കടമ്പ തട്ടിയിടാതെ വിഷു പരമാവധി നന്നായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നമിത

സവുസാരിയുടുത്ത്, പൊട്ടുതൊട്ട്, നീളന്‍ കമ്മലണിഞ്ഞ് കണ്ണാടിയില്‍ നോക്കി പുഞ്ചിരി തൂകുമ്പോള്‍ നമിതയുടെ കണ്ണുകളിലാണ് ഓര്‍മകളുടെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞത്. വിഷുനാളില്‍ അമ്മ ഒരുക്കുന്ന വിഷുക്കണി മുതല്‍ തേനിയിലെ കരിമ്പിന്‍കാട്ടിലെ പൂവു വരെയായി എത്രയോ ഓര്‍മകള്‍. കോവിഡ്കാലത്ത് വിരുന്നെത്തുന്ന വിഷുവിലും നടി നമിത പ്രമോദ് പക്ഷേ, നിറഞ്ഞ സന്തോഷത്തിലാണ്. വിഷുവിശേഷങ്ങള്‍ പങ്കിട്ട് നമിത പ്രമോദ് 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

ഗണപതിയെ കണികണ്ടു

വിഷുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നും എപ്പോഴും നമിതയുടെ മനസ്സില്‍ ആദ്യം തെളിയുന്നത് ഗണപതിയുടെ രൂപമാണ്. അതിനു പിന്നിലെ കഥ നമിത തന്നെ പറയും.

''വിഷുവിന് കണിയൊരുക്കുന്നത് അമ്മയുടെ ഡ്യൂട്ടിയാണ്. അതില്‍ ആരും ഇടപെടാന്‍ അമ്മ അനുവദിക്കാറില്ല. പ്രത്യേക തരത്തിലാണ് അമ്മ കണിക്കൊന്നയും കണിവെള്ളരിയുമൊക്കെ ഒരുക്കുന്നത്.

രാവിലെ കണ്ണുതുറന്ന് വരുന്നതിനു മുമ്പുതന്നെ നമുക്കറിയാം, അമ്മ എങ്ങനെയാകും അത് ഒരുക്കിവെച്ചിരിക്കുന്നതെന്ന്. കണികാണാന്‍ സാധാരണ എല്ലാവരും കൃഷ്ണന്റെ വിഗ്രഹമാണ് ഒരുക്കിവെക്കാറുള്ളതെങ്കില്‍ അമ്മ വിഷുക്കണിയില്‍ ഗണപതിയുടെ രൂപമാണ് വെക്കാറുള്ളത്. അമ്മയുടെ കുട്ടിക്കാലത്ത് കിട്ടിയ ഗണപതിവിഗ്രഹം ഇപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ട്. കണികാണല്‍ ചടങ്ങില്‍ ഗണപതി കഴിഞ്ഞേ ഞങ്ങള്‍ക്ക് മറ്റെന്തുമുള്ളൂ'' - നമിത പറഞ്ഞു.

സദ്യയും ഉച്ചയുറക്കവും

വിഷുനാളിലെ സദ്യയെക്കുറിച്ചുള്ള മധുരമുള്ള ഓര്‍മകളും നമിതയുടെ മനസ്സില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. ''നേരത്തെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നപ്പോള്‍ വിഷുസദ്യ ഉണ്ടാക്കാന്‍ അമ്മയോടൊപ്പം വല്യമ്മയും മറ്റു ബന്ധുക്കളുമൊക്കെ കൂടുമായിരുന്നു. ഇപ്പോള്‍ ഇവിടെ കൊച്ചിയിലെ വീട്ടില്‍ ഞാനും അച്ഛനും അമ്മയും അനിയത്തി അകിതയുമാണുള്ളത്. വിഷുവിന് സദ്യ ഉണ്ടാക്കുന്നത് അമ്മതന്നെയാണ്.

കറികള്‍ക്ക് പച്ചക്കറി അരിയുന്നതു പോലെയുള്ള സൈഡ് ജോലികള്‍ മാത്രമേ ഞങ്ങള്‍ക്ക് ചെയ്യേണ്ടതുള്ളു. ബാക്കിയെല്ലാം അമ്മയുടെ ഡിപ്പാര്‍ട്ട്മെന്റാണ്.

സദ്യ കഴിഞ്ഞാല്‍ ഒരു ഉച്ചയുറക്കവും പതിവാണ്. വൈകുന്നേരം നഗരത്തില്‍ ചുറ്റിയടിക്കലാണ് മറ്റൊരു ഇഷ്ടപരിപാടി. ഇത്തവണ കോവിഡായതിനാല്‍ അത്തരം കലാപരിപാടികളൊന്നും നടക്കില്ല''-നമിത പറഞ്ഞു.

കസവുസാരിയും കൈനീട്ടവും 

പൊള്ളാച്ചിയില്‍ നടക്കുന്ന 'രജനി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി വിഷു ദിനത്തില്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ കസവുസാരിയും കൈനീട്ടവും നിറഞ്ഞ ഓര്‍മകളും നമിത പങ്കുവെച്ചു.

''സാരിയുടുക്കുന്നത് എനിക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്. വിഷുദിനത്തില്‍ കസവുസാരി ഉടുത്ത് രാവിലെ തന്നെ ഞാന്‍ റെഡിയാകും. സെല്‍ഫിയെടുക്കലും മറ്റും കഴിയുന്നതോടെ സാരി വലിയൊരു ബാധ്യതയാകും. ഉച്ചനേരമാകുമ്പോള്‍ ചൂട് കൂടി വരുന്നതോടെ സാരി എങ്ങനെയെങ്കിലും ഊരിക്കളഞ്ഞാല്‍ മതിയെന്നാകും ചിന്ത. വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടമാണ് മറ്റൊരു വലിയ സന്തോഷം. പണ്ട് ബന്ധുക്കളില്‍ നിന്നൊക്കെ എനിക്ക് ഒരുപാട് കൈനീട്ടം കിട്ടുമായിരുന്നു. ഇപ്പോള്‍ അനിയത്തിക്കാണ് എല്ലാവരും കൈനീട്ടം കൊടുക്കുന്നത്'' - സംസാരം നിര്‍ത്തുമ്പോള്‍ ഒരു കാര്യം കൂടി നമിത പറഞ്ഞു: ''ഇപ്പോള്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് കൈനീട്ടം നല്‍കണമെന്നാണ് അവരെല്ലാം പറയുന്നത്. പക്ഷേ, എന്നിലെ കുട്ടി എപ്പോഴും ആഗ്രഹിക്കുന്നത് കൈനീട്ടം ഇങ്ങോട്ടു കിട്ടാനാണ്''.

തേനിയിലെ കരിമ്പിന്‍കാട്ടില്‍

എല്ലാ വിഷുവിനും വീട്ടില്‍ത്തന്നെയാകാനാണ് ആഗ്രഹിക്കുന്നതെങ്കിലും സിനിമാ ഷൂട്ടിങ് മൂലം നഷ്ടപ്പെട്ടുപോയ ആഗ്രഹങ്ങളുടെ കഥയും നമിത പറഞ്ഞു.

''സിനിമയില്‍ എത്തിയതോടെ ചില വിഷു എനിക്ക് വീട്ടില്‍ ആഘോഷിക്കാന്‍ പറ്റാതെ പോയിട്ടുണ്ട്. 'കമ്മാരസംഭവം' എന്ന സിനിമയുടെ ഷൂട്ടിങ് തമിഴ്നാട്ടിലെ തേനിയില്‍ നടന്നത് ഒരു വിഷുക്കാലത്തായിരുന്നു. പട്ടണത്തില്‍നിന്ന് ഏറെ ദൂരെ ഒരു കരിമ്പിന്‍കാട്ടിലായിരുന്നു ഷൂട്ടിങ്.

താമസിക്കാനൊന്നും സ്ഥലമില്ലാത്ത പ്രദേശമായതിനാല്‍ കരിമ്പിന്‍കാട്ടില്‍ ടാര്‍പോള കൊണ്ട് ടെന്റ് വലിച്ചുകെട്ടിയായിരുന്നു ഞങ്ങള്‍ താമസിച്ചത്. ശരിക്കൊന്ന് നില്‍ക്കാന്‍ പോലും ഇടമില്ലാത്ത വിധം ചെറിയ ടെന്റില്‍ താമസിക്കുമ്പോള്‍ വിഷു വന്നത് എങ്ങനെ ആഘോഷിക്കാനാണ്. തലേന്നു രാത്രി തുടങ്ങിയ ഷൂട്ടിങ് വിഷുദിനത്തിന്റെ അന്ന് രാവിലെ വരെ തുടര്‍ന്നതോടെ കണികാണാന്‍ പോലുമായില്ല. ഉറങ്ങിയെണീക്കുമ്പോഴല്ലേ കണികാണുന്നത്. ഉറങ്ങാതെ കഴിഞ്ഞ രാവിനൊടുവില്‍, ആ വിഷു ദിനത്തില്‍ കണികണ്ടത് കരിമ്പിന്‍പൂക്കളായിരുന്നു'' - നമിത പറഞ്ഞു.