മാനത്തും പൊന്നുരുളി നിറയെ-
    ത്തങ്കനാണ്യങ്ങള്‍! വാരി-
ത്തൂകുംമേടപ്പുലരി, വിഷുസം-
    ക്രാന്തിയായ്ജ്ജീവിതത്തില്‍.
തീരാബാല്യപ്പുളകമണികൃഷ്-
    ണന്റെ തൃക്കിങ്ങിണിയ്‌ക്കൊ-
ത്താപാദം പൊന്നണിയുമഴകായ്
    മണ്ണിലെക്കര്‍ണികാരം!
കാണുന്നീലേ തിരികള്‍ തെളിയും
    പൊന്‍വിളക്കിന്‍ പ്രഭാതം?
കാവ്യഗ്രന്ഥം? പുതിയപുടവ-
    ച്ചന്തം? ആനന്ദകൃഷ്ണം?
ധന്യം ധാന്യം തനിമയരുളും-
    നാളികേരം തുടങ്ങി-
ത്തുല്യം തുല്യം മധുരഭരിതം
    മണ്ണിലെപ്പുണ്യമെല്ലാം?
പത്തായത്തിന്‍ നിറവു കുറയായ്
    കെന്നു, മുത്സാഹവിത്തും-
കൈക്കോട്ടുംകൊണ്ടമൃതവിജയോ-
    ന്മാദമാര്‍ജിക്കുകെന്നും
ഉച്ചസ്ഥം തന്‍ ശ്രുതിയിലരുമ-
    പ്പാട്ടുപാടുന്ന മേട-
പ്പക്ഷിക്കിന്നെന്‍ കവിതയിതു കൈ-
    നീട്ടമാമിഷ്ടദാനം!