മലയാളികളുടെ കാര്‍ഷികോത്സവമാണ് വിഷു. കന്നിവിളയുടെ സന്നാഹങ്ങള്‍ വിഷുനാളില്‍ തുടങ്ങുന്നു. വിഷുക്കാളയെ പൂട്ടി, വിഷുക്കഞ്ഞി കുടിച്ചാരംഭിക്കുന്ന ചെളിക്കണ്ടമുഴല്‍ കഴിഞ്ഞാല്‍ പണിയാളര്‍ക്ക് വിഷുസ്സദ്യയും വിഷുക്കോടിയും കിട്ടുമായിരുന്നു. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട മനുഷ്യര്‍ക്കു മാത്രമല്ല, മൃഗങ്ങള്‍ക്കും വിഷുനാളില്‍ പ്രത്യേക പരിഗണനയുണ്ട്. വിഷുപ്പക്ഷിയുടെ പാട്ടിലും കേരള ഗ്രാമങ്ങളുടെ പ്രസാദാത്മകമായ മാനുഷികതയാണ് നിറയുന്നത്. 'ഓമനക്കുട്ടന്‍ ' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ രാമവര്‍മ എഴുതിയ വിഷുഗാനം ചുവടെ...

കണികാണും നേരം കമലാ നേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍ 

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ! കണി കാണാന്‍

ബാലസ്ത്രീകള്‍ തന്‍ തുകിലും വാരി
ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍

എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും തന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍