കൊടിയവേനല്‍ച്ചിതച്ചൂടില്‍ നിന്നു തീ-
ക്കനലു തിന്നുമ്പൊഴും കാത്തുവെക്കുവാന്‍
കഴിവതെങ്ങനെ നല്‍ക്കണിക്കൊന്നകള്‍-
ക്കരിയപൊന്നൊളിപ്പൂക്കളെന്നുള്ളൊരീ
പഴയ ചോദ്യത്തിനുത്തരമാകുവാന്‍
കഴിയണേ മനസ്സിന്റെ മേടങ്ങളേ...!
. . . . . . . . . . . . . . . . . . . . . . . 
. . . . . . . . . . . . . . . . . . . . . . . 

ഘനവിഷാദമൗനത്തിന്നിടയ്ക്കുവ-
ന്നുണരുമാനന്ദമന്ദസ്മിതംപോലെ
മറവി തന്നിരുള്‍ കീറി വന്നെത്തുന്ന
പ്രിയത ചേരും മുഖംപോലെ, നിദ്രത-
ന്നിടയിലൂറിപ്പിറക്കുന്ന സ്വപ്നത്തി-
ലുതിരുമാറുള്ള വര്‍ഷരേണുക്കള്‍പോല്‍
ഇരുളിലായിരത്തിരിയുഴിഞ്ഞാരെയും
നിറവിലേക്കാനയിക്കും നിലാവുപോല്‍
. . . . . . . . . . . . . . . . . . . . . . . 
. . . . . . . . . . . . . . . . . . . . . . . 

നിറപറയ്ക്കുള്ളില്‍നിന്നു നെന്മുത്തുകള്‍
നിബിഡമായ് വാര്‍ന്നുതൂവുന്നപോലെയും
ഗഗനഗോപുരങ്ങള്‍ക്കു ചുറ്റും ദീപ
നിരകളായിരം തെളിയുന്നപോലെയും
ഇരുളു ചൂഴും മനസ്സിന്‍ വിഹായസ്സി-
ലൊരു നിലാച്ചാര്‍ത്തിറങ്ങുന്നപോലെയും
നിറയുമെന്‍ കണ്ണിലിക്കര്‍ണ്ണികാരങ്ങള്‍
നിറയണേ കണ്ണുനീരിലൂടാകിലും! 
കണിയൊരുക്കുന്ന മേടമേ, കൈവിടാ-
തരികില്‍ നില്‍ക്ക നീ കാലമായെപ്പൊഴും!

content highlight: vishu kavitha, vishu specila, vishu 2021