ധ്യകേരളത്തിലെ വിഷുവിഭവങ്ങളിൽ പ്രധാനമാണ് വിഷുക്കഞ്ഞി. പ്രാദേശികഭേദമനുസരിച്ച് ഇതിൽ മാറ്റം വരാറുണ്ട്. ചിലയിടങ്ങളിൽ കഞ്ഞിക്ക്‌ പകരം വിഷുക്കട്ടയാണ്. പച്ചരിയും വൻപയറും (ചിലയിടങ്ങളിലിത് ചെറുപയറാണ്) ശർക്കരയും ചേർത്തുണ്ടാക്കുന്ന കഞ്ഞിയുടെ മധുരം വിഷുവിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമയാണ്.

പുതുതലമുറയ്ക്കിടയിൽ വിഷുക്കഞ്ഞിയൊക്കെ അപൂർവമാണ്. സദ്യയെന്ന വിശേഷത്തിൽ മാത്രം ഒതുക്കുകയാണ് പലരും വിഷുദിനത്തിന്റെ ആഘോഷങ്ങൾ. പ്രായമായവരുള്ള തറവാടുകളിൽ ഇപ്പോഴും വിഷുക്കഞ്ഞി തയ്യാറാക്കലും കുടിക്കലുമൊക്കെ ഒരനുഷ്ഠാനം പോലെ തുടർന്നുവരുന്നുണ്ട്. വിഷുദിനത്തിൽ രാവിലെയാണ് ഇത് തയ്യാറാക്കുക. കണികണ്ട്, കൈനീട്ടം വാങ്ങലും കൊടുക്കലുമെല്ലാം കഴിഞ്ഞാൽ പിന്നെ വിഷുക്കഞ്ഞി കുടിക്കാം.

വിഷുക്കഞ്ഞി തയ്യാറാക്കാം

പച്ചരി - ഒരു കിലോ
വൻപയർ - അരക്കിലോ
ശർക്കര - ഒരു കിലോ (മധുരം കൂടുതൽ വേണമെന്നുള്ളവർക്ക് കൂടുതൽ ശർക്കര ചേർക്കാം)
തേങ്ങാപ്പാൽ - രണ്ട്‌ വലിയ തേങ്ങയുടേത് (ഒന്നാം പാലും രണ്ടാംപാലുമെല്ലാം വേർതിരിക്കണം)
ഏലയ്ക്ക, ജീരകം, നെയ്യ്, അണ്ടിപ്പരിപ്പ് - ആവശ്യത്തിന്

ചുവടുകട്ടിയുള്ള പാത്രത്തിൽ ആദ്യം പയർ വറുത്തെടുക്കണം. കഴുകിവച്ചിരിക്കുന്ന പച്ചരിക്കൊപ്പം പയർകൂടി ചേർത്ത് രണ്ടാം പാലൊഴിച്ച് വേവിക്കാം. പാൽ കുറവെന്ന് തോന്നിയാൽ മാത്രം വെള്ളം ചേർത്താൽ മതി. വെന്തുകഴിയുമ്പോൾ ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർക്കുക. അരിയും പയറും ശർക്കരയും ചേർന്ന് കഞ്ഞിയുടെ രൂപത്തിലാകുമ്പോൾ ഏലയ്ക്കയും ജീരകവും പൊടിച്ചത് ചേർക്കാം. നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പുമിടാം. (ചിലർ കിസ്മിസ് കൂടി ഇതിനൊപ്പമിടാറുണ്ട്). ഒന്നിളക്കി ഒന്നാം പാൽ ചേർത്ത് അടുപ്പിൽനിന്നിറക്കാം.