ഓര്‍മ്മകളുടെ സമൃദ്ധിയിലാണ് ഇന്ന് വയനാടിന് വിഷുക്കണി. പോയ കാലത്തിന്റെ കാര്ഷികപെരുമയില് വിത്തും കൈകോട്ടുമേന്തി വയലിലേക്ക് നടന്നുപോയ കര്‍ഷകര്‍ ഈ നാടിന് ഇന്ന് അന്യമായി.പുതുമഴ പെയ്യുമ്പോള്‍ ഉഴുതുമുറിക്കുന്ന പാടത്തേക്ക് വിഷുപിറ്റേന്ന് തന്നെ വിത്ത് വിതയ്ക്കും.വയലിന്റെ ഒരു മൂലയില്‍ പ്രത്യേകം തയ്യാറാക്കിയ ഇടത്ത് പൊടിമണ്ണില്‍ വിഷുക്കണിക്കാഴ്ചയില്‍ നാഴിയില്‍ നിറച്ചുവെച്ച വിത്താണ് വിതയ്ക്കുക.
ഈ വിത്തിന്റെ പൊടിപ്പ് കണ്ടാണ് ഒരാണ്ടിന്റെ സമൃദ്ധി കര്‍ഷകര്‍ കണക്കാക്കിയിരുന്നത്. വര്‍ഷം മുഴുവന്‍ കഴിയാനുള്ള പത്തായം നിറയെ നെല്ലും ചെലവിനായുള്ള മുഴുവന്‍ കാര്‍ഷിക ഉത്പന്നങ്ങളും ഈ നാടിന് സ്വന്തമായുണ്ടായിരുന്നു.സ്വയം പര്യാപ്തമായ കാര്‍ഷിക നാടിന്റെ സ്പന്ദനങ്ങളെല്ലാം വിസ്മൃതിയിലാകുമ്പോള്‍ അയല്‍ നാടിന്റെ കാരുണ്യത്തിലാണ് ഇന്ന് വയനാടിനും വിഷുക്കണി.
കണ്ണിമാങ്ങമുതല് കണിക്കൊന്നവരെ വിപണിയില്‍ നിറഞ്ഞിരിക്കുന്നു.കണിവെള്ളരിയും കര്‍ണ്ണാടകയുടെ പാടത്തുനിന്നും വരുന്നു.നാഴിയില്‍ നിറച്ചുവെക്കാന്‍ മറുനാട്ടില്‍ നിന്നും വരുന്ന അരി തന്നെയാണ് ആശ്രയം.വിശാലമായ നെല്‍ക്കളങ്ങളും നടുമുറ്റങ്ങളും നാലുകെട്ടുമുള്ള വയനാടിന്റെ തറവാടുകളെല്ലാം ശിഥിലമായി.ഇതിനൊപ്പം വയലുകളും നികന്നു തീര്‍ന്നു.കൃഷിയോട് പൊരുത്തപ്പെട്ടു കഴിഞ്ഞ ആചാരങ്ങളും കീഴ്വഴക്കങ്ങളുമെല്ലാം കൈമോശം വന്നതോടെ വിഷുവെന്ന കാര്‍ഷിക ഉത്സവത്തിനും മാറ്റുകുറഞ്ഞു.
വയലിന് അഭിമുഖമായി വീട് നിര്‍മ്മിച്ച് പച്ചപ്പിന്റെ നല്ലകാഴ്ചകള്‍ കണികണ്ടുണരാന്‍ പരിശ്രമിച്ച മുന്തലമുറകളാണ് ഇതെല്ലാം കാലങ്ങളോളം സൂക്ഷിച്ചത്.കന്നുകാലികളും കൃഷിയിടത്തില്‍ നിറയെ പണിയാളുകളുമായി ജന്മി ഭവനങ്ങള്‍ കര്ഷനാടിന്റെ അഹങ്കാരമായിരുന്ന പഴയകാലത്തില്‍ വിഷു ഒരു മഹോത്സവം തന്നെയായിരുന്നു.തമ്പ്രാക്കന്മാരില്‍ നിന്നും വിഷു കൈനീട്ടം വാങ്ങാന്‍ കുടുംബസമേതം തറവാടുകളില്‍ എത്തിയിരുന്ന പണിയാളുകള്‍ക്കും ഇതൊന്നും മറക്കാന്‍ കഴിയുന്നതായിരുന്നില്ല.
വിഷു ആദിവാസികളിലും വ്യത്യസ്ത ഭാവങ്ങളില്‍ നിറഞ്ഞു.അടിയാന്മാരുടെ ഗദ്ദികയെല്ലാം വിഷുകഴിഞ്ഞ് മാത്രമാണ് വീടുവീടാന്തരം കയറിയിറങ്ങിയത്.തേന്‍കുറുമര്‍ വനാവാസം കഴിഞ്ഞ് നിറയെ കൊന്നപ്പൂക്കള്‍ ശരീരത്തില്‍ ചമയങ്ങള്‍ കെട്ടി വിഷുന്നാളില് നാട്ടിലിറങ്ങും.സ്ത്രി വേഷം കെട്ടിയ അടിയാന്മാരിലെ പുരുഷന്മാരും വിഷുവിന്റെ വരവറിയിച്ചുകൊണ്ട് നാട്ടുവഴിയിലൂടെ വന്നണയുമ്പോള്‍ ഇവരയെല്ലാം ദക്ഷിണയായി നെല്ലും കൈനീട്ടവും നല്‍കിയാണ് കര്‍ഷക ഭവനങ്ങള്‍ സ്വീകരിച്ചത്.
കാലത്തെ പിന്നിലാക്കി വനസ്ഥലിയിലെ കര്‍ണ്ണികാരം
വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്‍പ്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കുക എന്നത് നിയോഗമാണ്.കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട ജീവിതചര്യയുമാണിത്.ഇവിടുത്തെ വിഷുക്കാഴ്ചകളും കാര്‍ഷിക വയനാടിന്റെ സമൃദ്ധിയാണ്.വനമദ്ധ്യത്തിലെ ഈ പൗരാണികമായ ക്ഷേത്രത്തില്‍ വിഷുവിന് അതിരാവിലെ നന്മയുടെ കണികാണാന്‍ തലേദിവസം തന്നെ നിരവധിയാളുകള്‍ വിദൂരത്തു നിന്നു പോലും എത്തിച്ചേരുന്നു.കാലങ്ങളായുള്ള ഈ ശീലങ്ങള്‍ക്ക് ഇന്നും മാറ്റമില്ല.സൗകര്യങ്ങളുടെ പരിമിതികള്‍ ഏറെയുള്ളതിനാല്‍ പഴയ കാലത്ത് സ്വന്തം വീടുകളില്‍ താമസത്തിന് സൗകര്യമൊരുക്കി തിരുനെല്ലി നിവാസികളും മാതൃകയായിരുന്നു.
ഇന്നലെകളിലെ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മകളില്‍ സമ്പന്നമായ ക്ഷേത്രമുറ്റത്ത് അടിയാന്മാരും ആദിവാസികളുമൊക്കെ ഒത്തുചേരുന്നതോടെ പഴയകാലങ്ങള്‍ തിരിച്ചെത്തുകയായി.കണിക്കൊന്നകള്‍ പൂത്തുലഞ്ഞ തിരുനെല്ലിക്കാടുകളും ഏവരെയും ഇവിടേക്ക് സ്വീകരിക്കുന്നു.കാല്‍നടയായി പോലും തിരുനെല്ലി അമ്പലത്തിലെത്തി പെരുമാളിന്റെ സന്നിധിയില്‍ നിന്ന് വരുകാലത്തിന്റെ നല്ല കാഴ്ചകളിലേക്ക് കണ്ണുതുറന്നവരാണ് വയനാട്ടിലെ മുന്‍തലമുറകള്‍.തിരുനെല്ലിലെ വിഷു ഉത്സവം അതുകൊണ്ട്തന്നെ ഗോത്രനാടിന്റെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു.
കേരളത്തിന്റെ അതിര്‍ത്തികള്‍ പിന്നിട്ട് ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് ഇതിനകം ഖ്യാതി പടര്്ന്ന ഈ ക്ഷേത്രം സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ വിസ്മയം പകരുന്നു. തെറ്റ് റോഡ് പിന്നിട്ട് നിബിഡവനങ്ങള്‍ക്ക് ഇടയിലൂടെ അമ്പലത്തിലേക്കുള്ള യാത്രതന്നെ മനസ്സിന് കുളിര്‍മ്മ പകരുന്നതാണ്.
മണിപ്രവാളകാലകൃതിയായ ഉണ്ണിയച്ചീചരിതത്തിലും ഭാസ്കരരവിവര്‍മ്മയുടെ തിരുനെല്ലി ശാസനത്തിലും വരെ ഈ ക്ഷേത്രത്തെക്കുറിച്ച് വിവരങ്ങളുണ്ട്. സംഘകാലത്തില്‍ പൂഴിനാട്ടില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു തിരുനെല്ലി. എ.ഡി.ഒമ്പതുമുതല്‍12വരെചേര രാജാക്കന്മാരുടെ കൈവശമായിരുന്നെങ്കിലും പിന്നീട്ചോള യുദ്ധകാലഘട്ടത്തോടെ രാജവംശം തകര്‍ന്നടിയുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ പലതും നശിച്ചെങ്കിലും ഇതിനെ അതിജീവിക്കുകയായിരുന്നു തിരുനെല്ലിക്ഷേത്രം.
പാപനാശിനിക്കരയിലെ പുണ്യക്ഷേത്രം
ബ്രഹ്മഗിരിയുടെതാഴ്വാരത്തിലാണ്പൗരാണികതകൈവെടിയാത്തപാപനാശിനിയും അമ്പലവുമുള്ളത്. കിണറില്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം എന്ന പ്രത്യേകതയും തിരുനെല്ലിക്ക് സ്വന്തമാണ്. ബ്രഹ്മഗിരിയിലെ ശുദ്ധജലം അങ്ങകലെയുള്ള മലച്ചരിവുകളില് നിന്നും കല്‍പ്പാത്തിയിലൂടെയാണ് തിടപ്പള്ളിയിലെത്തുന്നത്.കര്‍ണ്ണാടകയില്‍ നിന്നും വന്ന കെട്ടിലമ്മയാണ് ക്ഷേത്രത്തിലേക്ക് കിലോമീറ്ററുകളോളം നീളത്തില്‍ കല്‍പ്പാത്തി നിര്‍മ്മിക്കാനുള്ള ചെലവുകള്‍ വഹിച്ചത്.ഇതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്ര വരാഹവും ഇതുതന്നെ. തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രധാനമായും നാലുവാവുകള്ക്കാണ്പ്രസക്തി.
കര്‍ക്കടവാവ്, തുലാവാവ്, കുംഭവാവ്, വൈശാഖവാവ് എന്നിവയാണത്. കര്‍ക്കടകവാവിന് പതിനായിരങ്ങളാണ് പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് ബലിയര്‍പ്പിക്കുക. അമ്പലത്തിനോട് ചേര്‍ന്ന് അറുപത്തിനാല് തീര്‍ത്ഥങ്ങള്‍ മുമ്പ് ഉണ്ടായിരുന്നു എന്ന് നിഗമനമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ത്ഥം. ഇതിനു നടുവിലായി ഉയര്‍ന്നു നില്ക്കുന്ന പാറയില്‍ ശംഖ് ഗദാപത്മവും പാദവും കൊത്തിവെച്ചിട്ടുണ്ട്. പെരുമാളെ അഭിഷേകം ചെയ്യുന്ന ജലം ഭൂമിക്കടിയിലൂടെ പഞ്ചതീര്ത്ഥ്ത്തില് പതിക്കുന്നുവെന്നാണ് ഐതിഹ്യം.
ഗുണ്ഡിക ശിവക്ഷേത്രവും പാപനാശിനിക്കരയിലാണ്.ഇതൊരു ഗുഹാക്ഷേത്രമാണ്. പ്രധാന ക്ഷേത്രത്തിലെ ബ്രഹ്മ സാന്നിധ്യവും വിഷ്ണുപ്രതിഷുയും ഗുണ്ഡികാശിവനുംചേരുമ്പോല്ത്രിമൂര്ത്തികളുടെസംഗസ്ഥാനമായതിരുനെല്ലി ദേവലോകമായി മാറുകയാണ്.പരശുരാമന്റെപിതാവായ ജമദ മഹര്‍ഷി തിരുനെല്ലിയില്‍ പിതൃതര്‍പ്പണം നടത്തിയെന്ന് ഐതിഹ്യമുണ്ട്. ശങ്കരാചാര്യരും പാപനാശിനിയില്‍ മുങ്ങി മോക്ഷം തേടിയിട്ടുണ്ട്. 'ആമലകക്ഷേത്രം', 'ദക്ഷിണഗയ' എന്നീ അപരനാമങ്ങളിലും തിരുനെല്ലി അറിയപ്പെടുന്നു.
ഗതകാല പെരുമയില്‍ ഉത്സവമേളം
വിഷു കര്‍ഷക നാടിന്റെ ഉത്സവങ്ങളുടെ പരിസമാപ്തിയും കൃഷി ആരവങ്ങളുടെ തുടക്കവുമാണ്. ഗോത്ര താളത്തില്‍ നാടുമുഴുവന്‍ അലിയുമ്പോഴും കര്‍ഷകനാടിന്റെ കൃഷിയോര്‍മ്മകള്‍ പോയകാലത്തിലേക്ക് തിരിച്ചു നടക്കും. കൊരമ്പക്കൂട ചൂടിയ ആദിവാസി സ്ത്രീയും നാട്ടു പെരുമകളും വയനാടിന്റെ ഓര്‍മ്മ ചിത്രമാണ്.നിലം ഉഴുതുമുറിക്കാനുള്ള കലപ്പകള്‍ നിരത്താനുള്ള താവകള്‍ പുല്ല് ഇളക്കി മറിക്കാനുള്ള പക്കകള്‍ എന്നിങ്ങനെ കാര്‍ഷിക വയനാടിന്റെ കൃഷിയുപകരണങ്ങളെല്ലാം ഇന്ന് വിസ്മൃതിയിലാവുകയാണ്.കാര്‍ഷിക സമൃദ്ധിയുടെ ഭൂതകാലം ഗോത്രജീവിതത്തിന്റെ നല്ലകാലം കൂടിയാണ്.അടിയാന്മാരും ജന്മിമാരും പങ്കിട്ടെടുത്ത കാര്‍ഷിക സംസ്കാരമായിരുന്നു വയനാടിനും സ്വന്തമായിരുന്നത്.തികച്ചും ഒരു കാര്‍ഷിക വര്‍ഷത്തിന്റെ തുടക്കമെന്ന നിലയില്‍ വിഷുവിനും പ്രധാന്യം ഈ നാടിന് ഏറെയായിരുന്നു.
ഓണം കഴിഞ്ഞാല്‍ നേരം വെളുക്കുകയും വിഷുകഴിഞ്ഞാല്‍ നേരം മോന്തിയാവുകയും ചെയ്യും എന്നാണ് പഴമക്കാരും പറയുക. വിഷുകഴിയുന്നതോടെ കാര്‍ഷിക സമൃദ്ധിക്കായി മണ്ണിലേക്കിറങ്ങുന്ന കര്‍ഷകരെയാണ് വയനാട്ടിലും കാണാനുണ്ടായിരുന്നത്. വിശ്രമമില്ലാതെ പകലന്തിയോളം മഴയെത്തും എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകര്‍ തന്നെയായിരുന്നു ഈ നാടിന്റെ ഐശ്വര്യവും.
കൃഷിയുമായി നേരിട്ട് ഇടപെട്ട ജനതയുടെ ഉത്സവങ്ങളെല്ലാം ഗോത്രജനതയുടെ ജീവിതങ്ങള്‍ക്ക് നിറം നല്കി.ജന്മിമാരുടെ തറവാടുകളിലും ഗോത്രങ്ങളുടെ സങ്കേതങ്ങളിലും ഒരുപോലെ സന്തോഷം നല്കിയ ഈ ദിനങ്ങളില്‍ പരമ്പരാഗത ആചാര ക്രമങ്ങള്‍ക്കും പ്രധാന്യമുണ്ടായിരുന്നു. വിഷുവോടെ വയനാട്ടിലെ എല്ലാ ഉത്സവങ്ങള്‍ക്കും പരിസമാപ്തിയാവും. പിന്നെ ഓണം കഴിഞ്ഞ് കൊയ്തുമെതിച്ച് വീണ്ടുമൊരു വേനലെത്തണം തിറക്കളങ്ങള്‍ മുതല്‍ പൊടിക്കളം വരെ നീളുന്ന ഈ നാടിന്റെ ഉത്സവമേളങ്ങള്ക്കെല്ലാം. ഗോത്ര ദൈവങ്ങള്‍ ഉറഞ്ഞു തുള്ളിയ പെരുംകളിയാട്ടത്തില്‍ വയനാടിന് ആത്മ നിര്‍വൃതി മാത്രം.കാലത്തെ ജീവിതത്തോടിണക്കിയും ജീവിതത്തെ കൃഷിയോടിണക്കിയുമായിരുന്നുഗതകാല വയനാടിന്റെ സംസ്കൃതി.ആര്‍ത്തു പെയ്യുന്ന മഴയില്‍ ഉഴുതുമുറിയുന്ന പാടത്ത് സമൃദ്ധിയുടെ വിത്തെറിഞ്ഞ് വയല്‍നാടിന്റെ ഓരോ കാലവും നന്മയുടെതായി.
മാരി പെയ്തിറങ്ങിയ കഷ്ടപ്പാടുകള്‍ക്കിടയിലും നുറ്റാണ്ടുകള്‍ക്ക് മുമ്പെ ഗോത്ര നാടിന്റെ മനസ്സില്‍ ഉത്സവങ്ങള്‍ നിറം നല്കി.തിറക്കളങ്ങളിലും ക്ഷേത്ര മുറ്റത്തും അനുഷ്ഠാനങ്ങളെ ഭവ്യതയോടെ സ്വീകരിച്ചും വള്ളിപ്പടര്‍പ്പുകള്‍ക്ക് മുന്നിലെ കാവുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ചു നിന്നും പോയകാലം ഭക്തി സാന്ദ്രമായി.തെയ്യങ്ങളുടെ വേഷ പകര്ച്ചയില് മലബാര്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ വയനാടിന്റെ കാവുകളില്‍ ഗോത്ര ദൈവങ്ങള്‍ നിറഞ്ഞാടുകയായിരുന്നു.അരയാല്ത്തറയിലും കോളിമരച്ചുവട്ടിലും പ്രതിഷ്ഠിച്ച ദൈവത്തിനു മുന്നില്‍ അസുര ചെണ്ടകള്‍ താളം മുറുക്കിയപ്പോള്‍ കുലദൈവങ്ങള്‍ ഉറഞ്ഞു കല്‍പ്പിച്ചതാണ് ഈ നാടിന്റെ വിശുദ്ധി.
വയനാടിന്റെ വിശ്വാസ പ്രമാണങ്ങളില്‍ തിറയായും കളിയാട്ടമായും ഗദ്ദികയായും ഗുഡയായും ഉത്സവങ്ങള്‍ ഓരോന്നായി കടന്നു പോയി.ഗോത്ര ജീവിതത്തെ ഒപ്പം കൂട്ടിയ ഈ ഉത്സവങ്ങള്‍ക്കെല്ലാം ചരിത്രം അകമ്പടി നല്കി.ഒന്നുമില്ലായ്മയില്‍ നിന്നാണ് ഈ നാടിന്റെ പൈതൃകങ്ങള്‍ അടിമുടി വളര്‍ന്നത്.അടിമ വേലയുടെ ഓര്‍മ്മകളില്‍ കൊടും മഴയുടെ തണുപ്പില്‍ കരിങ്കല്ലുപോലെ ദൃഢമായിരുന്നു ഈ വിശാസങ്ങളെല്ലാം.കെട്ടുകാഴ്ചകളും ആഢംബരങ്ങളുമായി മറ്റു നാടുകളൊക്കെ ഉത്സവങ്ങളുടെ പുതിയ മുഖം തേടുമ്പോള്‍ ഗോത്രനാട് ഇന്നും പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു.ചുറ്റമ്പലങ്ങളും വലിയ കമാനങ്ങളുമില്ലാതെ പച്ചപ്പുകള്‍ കുട പിടിക്കുന്ന കൂടാരത്തിനുള്ളിലാണ് ഇവിടുത്തെ ഗോത്ര കലകളും വളര്‍ന്നത്.
കാലത്തെ കാഴ്ചകളിലേക്ക് കൂട്ടി വായിക്കുന്നവര്‍ക്കും തനത് കലകള്‍ വിസ്മയമായി. പ്രകതിയോട് ഇണങ്ങിയ ജീവിതം മാത്രമായിരുന്നില്ല ഗോത്രങ്ങള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നത്.മഹത്തായ പൈതൃകമുള്ള സംസ്കാരത്തിന് പുറമെ ഒട്ടനവധി ഗോത്രകലകളും ഇവരുടെ ജിവിതത്തിന് ചാരുത പകര്‍ന്നു.വരേണ്യവര്‍ഗ്ഗത്തിന്റെ വേഷപകിട്ടുകള്‍ ദേശത്തിന്റെ കലകളായി പരിണമിച്ചപ്പോള്‍ കെട്ടുകാഴ്ചകളും ചമയങ്ങളുമില്ലാതെ ഗോത്ര കലകള്‍ ഇവരുടെ കുടിലിന് ചുറ്റും മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു.മേളപകര്ച്ചയില് താളം മുറുകുമ്പോള്‍ പരിഭവങ്ങളും പരാതികളുമില്ലാതെ ഇവയൊക്കെ നിറഞ്ഞാടി.
തുടിതാളവും ചീനിക്കുഴല്‍ വിളിയും താളത്തിനൊത്ത് ചിലങ്കയുമായി പണിയരുടെ കൂളികെട്ട് ഇന്ന് അപൂര്‍വ്വമാണ്.തുടിയും ചീനിയും പോയ്മറഞ്ഞു.സാംസ്കാരിക പൈത്രൃകത്തിന്റെ ഈറ്റില്ലമായ കേരളമെന്ന ഗോത്രഭൂമിയില്‍ ഇന്നലെയോളം പാരമ്പര്യത്തനിമയ്ക്ക് കുടപിടിച്ചുനിന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ആധുനിക പെരുമഴയില്‍ അലിഞ്ഞ് ഇല്ലാതാവുകയാണ്. ഇവിടെ ബാക്കിയാവുകയാണ് വയനാടിന്റെ വിഷുക്കാഴ്ചകളും അതിനോട് ചേര്‍ന്ന് നിന്ന ഓര്‍മ്മകളും കണിക്കൊന്ന പൂക്കളും.ദേഹത്തെല്ലാം സ്വര്‍ണ്ണ നിറമുള്ള കണിക്കൊന്നകള്‍ ചാര്‍ത്തി വിഷുക്കളിയുമായി വയനാടിന്റെ ഗ്രാമവഴിയില്‍ വിഷുക്കളിയുമായി എത്തുന്ന തേന്‍കുറുമരും എവിടെയോ പോയ്മറഞ്ഞു.വരുംകാലത്തിന്റെ വിഷുക്കാഴ്ചകളില് ഈ ഓര്‍മ്മകളും കോര്‍ത്തിണക്കാം.