പൊന്കണിക്കൊന്നകളാണ് വഴിയോരം നിറയെ... സ്വര്‍ണവര്‍ണത്തില്‍ ചാലിച്ച ഇതളുകള്‍ പൊഴിഞ്ഞുവീണ് വഴികളിലും മഞ്ഞപ്പൊട്ടുകള്‍... വിപണിയിലും വിഷുച്ചൂട് തുടങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ചയോടെ ഇത് പാരമ്യത്തിലേക്കെത്തും. ശനിയാഴ്ചയാവുന്നതോടെ ഒരുക്കങ്ങള്‍ ഏറെക്കുറെയാവും. കുട്ടികളെയേറെ ആകര്‍ഷിക്കുന്ന പടക്കവിപണി നഗരത്തില്‍ പലയിടത്തും തുടങ്ങിക്കഴിഞ്ഞു. കണിക്കൊന്നകള്‍ വിഷുവിന്റെ തലേദിവസം വില്‍പ്പനയ്ക്കെത്തും. പ്ലാസ്റ്റിക് കണിക്കൊന്നകളും വിപണികള്‍ കീഴടക്കാനെത്തിക്കഴിഞ്ഞു.
വിഷുക്കണിയുമായി കൃഷിവകുപ്പ്
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തൃശഅശൂര് ജില്ലയില്‍ 107 വിഷുവിപണികളാണ് 'വിഷുക്കണി 2018' എന്ന പേരില്‍ ഒരുങ്ങുന്നത്. ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും ന്യായവിലയ്ക്ക് വിപണിയില്‍ ലഭ്യമാക്കുകയാണ് വിഷുക്കണിയുടെ ലക്ഷ്യം. കൃഷിവകുപ്പിന്റെ കീഴിലുള്ള 38 ആഴ്ചച്ചന്തകള്‍ വഴി പഞ്ചായത്തുകളിലാണ് വിഷുച്ചന്തകള് നടത്തുക. കൃഷിവകുപ്പ് - 38, കുടുംബശ്രീ - 48, വി.എഫ്.പി.സി.കെ. - എട്ട്, ഹോര്‍ട്ടികോര്‍പ്പ് - ഒന്ന് എന്നിങ്ങനെയാണ് ചന്തകള്‍ നടത്തുന്നത്. ഓരോ പഞ്ചായത്തിലും നടത്തുന്ന വിഷുച്ചന്തയ്ക്കാവശ്യമായ പച്ചക്കറികള്‍ പരമാവധി പ്രദേശത്തെ കര്‍ഷകരില്‍നിന്നാണ് സംഭരിക്കുക.
ഈ കര്‍ഷകര്‍ക്ക് പൊതുവിപണിയില്‍നിന്ന് ലഭ്യമാവുന്ന അതത് ഇനങ്ങളുടെ സംഭരണവിലയേക്കാള്‍ 10 ശതമാനം കൂടുതല്‍ വില നല്‍കും. ഉപഭോക്താക്കള്‍ക്ക് 30 ശതമാനം കുറഞ്ഞ വിലയ്ക്ക് പച്ചക്കറികളും പഴങ്ങളും ലഭിക്കും. വിഷുക്കണി 2018-ന്റെ ജില്ലാതല ഉദ്ഘാടനം 13-ന് രാവിലെ 8.30-ന് ചെമ്പുക്കാവ് അഗ്രിക്കള്‍ച്ചറല്‍ കോംപ്ലക്സിലെ അഗ്രോ ഹൈപ്പര്‍ ബസാറില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും.
ഠോ, ഠോ...പൊട്ടിച്ചുകളിക്കാം
തേക്കിന്‍കാട് മൈതാനത്ത് ജില്ലാ പടക്കനിര്‍മാണ സഹകരണ സൊസൈറ്റിയുടെ വില്‍പ്പനസ്റ്റാള്‍ ഒരുങ്ങി. ഗിഫ്റ്റ് ബോക്സുകളാണ് ഇക്കൊല്ലത്തെ പ്രത്യേകത. നാലുതരം കിറ്റുകളിലാണ് ഗിഫ്റ്റ് ബോക്സുകള്‍ ഒരുക്കിയിട്ടുള്ളത്. ഫാന്റസി- 850, സ്പ്ലെന്‍ഡര്‍- 720, മിര്‍ച്ചി- 700, ഫാബുലസ്- 530 എന്നിങ്ങനെയാണ് വിലനിലവാരം.
മേശപ്പൂവ് ഫാന്‍സി വിഭാഗത്തില്‍ ക്രിസ്മസ് ട്രീയുമുണ്ട്. അഞ്ചെണ്ണമടങ്ങിയ പാക്കറ്റിന് 250 രൂപയും ഒരെണ്ണത്തിന് 60 രൂപയുമാണ്.
റോക്കറ്റ് ബോംബ് പാക്കറ്റിന് 90 രൂപയും ഇതിന്റെതന്നെ ഡബിള്‍ സൗണ്ടിന് 140 രൂപയുമുണ്ട്. ഏഴുമുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ നീളമുള്ള കമ്പിത്തിരികള്‍ വില്‍പ്പനയ്ക്കുണ്ട്. ചുവപ്പും പച്ചയും നിറത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യങ്ങളാണ് കമ്പിത്തിരിയിലുള്ളത്. പത്ത് പാക്കറ്റുകള്‍വീതം വാങ്ങുമ്പോള്‍ വിലക്കുറവുമുണ്ട്.
17 മുതല്‍ 65 രൂപവരെ വിലയുണ്ട് കമ്പിത്തിരികള്ക്ക്. മേശപ്പൂവിലും വൈവിധ്യങ്ങളേറെ. മേശപ്പൂവ് സ്പെഷ്യല്‍, മേശപ്പൂവ് സൂപ്പര്‍, മേശപ്പൂവ് ഡീലക്സ്, മേശപ്പൂവ് റെഡ്, മേശപ്പൂവ് പച്ച തുടങ്ങിയവയ്ക്ക് പാക്കറ്റിന് 100 രൂപമുതല്‍ 250 രൂപവരെ വിലയുണ്ട്. ചക്രം വലുപ്പത്തിലും പ്രത്യേകതയ്ക്കുമനുസരിച്ച് പാക്കറ്റിന് 40 രൂപമുതല്‍ 100 രൂപവരെയുണ്ട്. നിറമുള്ള ലാത്തിരി ഒരു പാക്കറ്റിന് 50-ഉം വലുതിന് 100-ഉം 120 സെന്റിമീറ്റര്‍ നീളമുള്ള വള്ളി ലാത്തിരിക്ക് 12 രൂപയുമാണ് വില. ജയന്റ് മത്താപ്പ് പാക്കറ്റിന് 90 രൂപയാണ്.
പടക്കവിഭാഗത്തില് വെള്ളമാല പാക്കറ്റിന് 190-ഉം 50 ഡീലക്സ് ഷോട്ട് പടക്കം ഒന്നിന് 120-ഉം ചുവപ്പ് ഒറ്റപ്പടക്കത്തിന് 30 രൂപയും ഇന്ത്യന്‍ കിങ് ഗ്രീനിന് പാക്കറ്റിന് 100-ഉം റെക്ടാംഗുലര്‍ ബോംബിന് ഒരെണ്ണത്തിന് എട്ടും പാക്കറ്റിന് 70 രൂപയുമാണുള്ളത്. ഫാന്‍സി വിഭാഗത്തില്‍ സ്റ്റാര്‍വാര്‍, സെവന് ഷോട്ട്, സ്കൈ വാരിയര്‍, സോണ, മന്ത്ര, ഫണ്‍, ടെര്‍മിനേറ്റര്‍, ഇലക്ട്രിക് ഡയമണ്ട് തുടങ്ങി നിരവധി ഇനങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. സെവന്ഷോട്ട് അഞ്ചെണ്ണമടങ്ങുന്ന പാക്കറ്റിന് 170 രൂപവരും.
രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുക. വില്‍പ്പന ശനിയാഴ്ച സമാപിക്കും. ജില്ലാ വെടിക്കെട്ട് നിര്‍മാണ തൊഴിലാളി സഹകരണസംഘത്തിന്റെ വില്‍പ്പനസ്റ്റാള്‍ തൃശ്ശൂര്‍ ശക്തന്‍നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കണികാണാന്‍ കണിവെള്ളരിയെത്തി
കാര്‍ഷികോത്സവമായ വിഷുവിന് 'കണി' ഏറ്റവും പ്രധാനമാണ്. വിഷുക്കണിയൊരുക്കാനുള്ള സ്വര്‍ണനിറത്തിലുള്ള കണിവെള്ളരികള്‍ ശക്തന് മാര്‍ക്കറ്റിലെ കച്ചവടകേന്ദ്രങ്ങളില്‍ നേരത്തേ സ്ഥലംപിടിച്ചുകഴിഞ്ഞു. കണിവെള്ളരികള്‍ തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും വരുന്നുണ്ട്. എങ്കിലും പ്രിയം നാടനുതന്നെ. നാടന്‍ വെള്ളരി കിലോയ്ക്ക് 20 രൂപയാണെങ്കില്‍ മറുനാടന്‍ 15 രൂപയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വിഷു പ്രമാണിച്ച് ഇക്കുറി കൂടുതല്‍ വെള്ളരി വരുന്നുണ്ടെന്ന് പച്ചക്കറി മൊത്തക്കച്ചവടക്കാരന് നെല്‍സണ്‍ പറഞ്ഞു.
നാടന്‍ പച്ചക്കറികള്‍ അപൂര്‍വമായി ചില കടകളില്‍ വില്‍പ്പനയ്ക്കുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറികളാണ് വിഷുവിപണിയിലേറെയും. മത്തന്‍ കിലോയ്ക്ക് എട്ടുരൂപയും വെണ്ടക്കയ്ക്ക് 35-40 രൂപയും പച്ചപ്പയറിന് 40 രൂപയും കുമ്പളത്തിന് 10-15 രൂപയും ബീന്‍സിന് 35 രൂപയും തക്കാളിക്ക് 20 രൂപയുമാണ് വിലവരുന്നത്.
വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീ
വിഷുവിന് വിഷരഹിത പച്ചക്കറികളുമായി കുടുംബശ്രീയും. കുടുംബശ്രീ വിഷുച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച 12.30-ന് തേക്കിന്‍കാട് മൈതാനത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയാവും. മേയര്‍ അജിതാ ജയരാജന്, കുടുംബശ്രീ ഗവേണിങ് ബോഡിയംഗം ഷീലാ വിജയകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. വിഷരഹിതപച്ചക്കറിയും കാര്ഷികോത്പന്നങ്ങളില്നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.