C K Janu Vishuന്റെയൊക്കെ ചെറുപ്പകാലത്ത് വിഷു എന്നൊന്നും കേട്ടിട്ടുപോലുമില്ലായിരുന്നു. സാധാരണ മലയാളികളുടെ മനസ്സിൽ തെളിയുന്ന കണിക്കൊന്നയോ കൈനീട്ടമോ കോടിയോ ഒന്നുമില്ല, അന്നുമിന്നും. ആദിവാസികളിലേറെയും പണ്ടൊക്കെ അടിമപ്പണി ചെയ്യുന്നവരായിരുന്നല്ലോ. വിഷുവിനും ഓണത്തിനുമൊക്കെ അവധി കിട്ടും. അതുകൊണ്ടുതന്നെ പണിചെയ്യേണ്ടാത്ത ഒരു ദിവസം-അതായിരുന്നു ഞങ്ങൾക്ക് വിഷു. അതല്ലാതെ ആഘോഷമോ കണിവെക്കലോ സദ്യയോ ഒന്നുമില്ല. പണിക്കുപോകാതെ വീട്ടിലിരിക്കുന്നതിന്റെ ഒരു സന്തോഷമുണ്ടാകും. അതിനപ്പുറം ഒരു നിറപ്പകിട്ടുമില്ലാത്തതായിരുന്നു എന്റെയൊക്കെ വിഷു. തിരിഞ്ഞുനോക്കുമ്പോൾ ഓർമകളിലൊന്നും ആഘോഷമോ ആരവങ്ങളോ ഇല്ലായിരുന്നു. കഷ്ടപ്പെട്ട് അധ്വാനിക്കുന്ന മുതിർന്നവരുടെ രൂപമാണ് മനസ്സിലെത്തുന്നത്. ഞങ്ങളുടേതൊക്കെ അടിമപ്പണി എടുത്തിരുന്ന വീടാണ്. കുട്ടികൾക്ക് നാലുനേരം ഭക്ഷണം കൊടുക്കാൻപോലും ബുദ്ധിമുട്ടുകയായിരുന്നു അച്ഛനുമമ്മയും. നേരാംവണ്ണം വസ്ത്രംപോലുമില്ല. പുതിയതൊക്കെ കിട്ടുന്നത് എപ്പോഴെങ്കിലുമായിരിക്കും. അങ്ങനെയൊരു ജീവിതസാഹചര്യത്തിൽ ആഘോഷത്തെപ്പറ്റി ചിന്തിക്കാൻപോലും പറ്റുമായിരുന്നില്ല. 

മലയാളികൾ ഓണവും വിഷുവുമെല്ലാം പാരമ്പര്യമായി ആഘോഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയേറെ പ്രാധാന്യം. ഞങ്ങൾക്കത് ശീലമില്ല. അതുകൊണ്ട് ആഘോഷം വേണമെന്ന് തോന്നിയിട്ടുമില്ല. അയ്യോ, ഞങ്ങൾക്ക് ആഘോഷമൊന്നുമില്ലല്ലോയെന്ന പരാതിയോ വിഷമമോ ഒരിക്കലും ഉണ്ടായിരുന്നില്ല. ആ ഒരു രീതിയിലുള്ള ഇടപെടൽ ഞങ്ങൾക്കിടയിലില്ല. ഗോത്രാചാരങ്ങളും വിശ്വാസങ്ങളുമൊക്കെ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽനിന്ന് ഏറെയകലെയാണ്. പൊതുവേ ആഘോഷങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവങ്ങളുമായി ചേർത്തുള്ളതല്ലേ. ഞങ്ങൾക്കാണെങ്കിൽ പ്രകൃതിയാണ് ഈശ്വരൻ. വിഷ്ണുവോ ശിവനോ കൃഷ്ണനോ പാർവതിയോ ഒന്നുമല്ല. പ്രകൃതിവിഭവങ്ങളും മരങ്ങളും പാറക്കൂട്ടങ്ങളുമെല്ലാമാണ് ഞങ്ങളുടെ മൂർത്തികൾ, ഞങ്ങളുടെ ദൈവസങ്കല്പവും അതാണ്. 

പ്രകൃതിയെ ആരാധിക്കാൻ ഒരു പ്രത്യേക ദിവസമോ സമയമോ ഒന്നും വേണ്ടല്ലോ. എപ്പോഴാണോ ഞങ്ങൾക്ക് തോന്നുന്നത് അപ്പോൾ പ്രാർഥിക്കും. മിക്കപ്പോഴും മരച്ചുവടോ മറ്റോ ആയിരിക്കും ആരാധന നടത്തുന്ന ഇടം. ഒരിടത്ത് വലിയ പാറക്കൂട്ടങ്ങളുണ്ടെങ്കിൽ അത്‌ പൊട്ടിക്കുകയോ മലിനമാക്കുകയോ ചെയ്യില്ല. അത് ദൈവികമായ ഒന്നാണെന്നാണ് സങ്കല്പം. ആ ഒരു രീതി പിന്തുടർന്നുവന്നവരായതിനാൽ പുറംലോകത്തിന്റെ കാഴ്ചകളോട് ഒരിക്കലും ഭ്രമം തോന്നിയിട്ടില്ല.

വിഷുവോ ഓണമോ ആഘോഷിക്കാനുള്ള ഭൗതികസാഹചര്യവും ഇല്ലായിരുന്നു. സദ്യയൊരുക്കണമെങ്കിൽ, കോടി വാങ്ങണമെങ്കിൽ അതിനുള്ള സംവിധാനം വേണ്ടേ? വ്യത്യസ്തമായ ആചാരവും സംസ്കാരവും ഭാഷയുമൊക്കെയായതിനാൽ അതിനൊന്നും ഒരു പ്രാധാന്യവും ഉണ്ടെന്ന് തോന്നിയിട്ടുമില്ല. ഗോത്രത്തിന്റെ കൂട്ടായ്മയിൽ ചില ആചാരകർമങ്ങൾ നടത്താറുണ്ട് ഞങ്ങൾ. അത് ഓണത്തിനോ വിഷുവിനോ ഒന്നുമല്ല. അവിടെ എല്ലാ വിഭാഗക്കാരും ഒത്തുകൂടും. പരസ്പരം പങ്കുവെക്കലാണ് പ്രധാനം. കൊച്ചുകുഞ്ഞുപോലും തങ്ങളുടെ കൈയിലുള്ളതെന്താണോ അത് നൽകാൻ തയ്യാറാകും. കോളനികളിൽ എല്ലാവരും ഒപ്പമായതിനാൽ അതിന്റെയൊരു അടുപ്പമൊക്കെയാണ് മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നത്.

പിന്നെ എനിക്ക് തോന്നിയിട്ടുള്ളൊരു കാര്യം, ആദിവാസിസമൂഹത്തിനിടയിലും ചെറിയ മാറ്റങ്ങൾ വരുന്നുണ്ടെന്നതാണ്. ഇപ്പോൾ വിഷുവിനും ഓണത്തിനും ചെറിയ രീതിയിലുള്ള സദ്യയൊരുക്കിത്തുടങ്ങിയിട്ടുണ്ട്. ഉള്ളവർ ഉണ്ടാക്കും, ഇല്ലാത്തവർ ഇല്ല. അതിലപ്പുറം നിർബന്ധമൊന്നുമില്ല. പടക്കംപൊട്ടിക്കുന്നത് വളരെ വിരളമാണ്. ഒന്നോ രണ്ടോ കുടുംബങ്ങളിൽമാത്രം ഒതുങ്ങുന്നത്. അതിനപ്പുറം ഒന്നുമില്ല. മനസ്സിലേക്ക് മറ്റൊരു വിഷുക്കാഴ്ചയും ഇതുവരെ എത്തിയിട്ടില്ല.
(എൻ. സൗമ്യയോട് പറഞ്ഞത്)