നാടുണരുന്ന മേടവിഷു. കുളിച്ചൊരുങ്ങി സർവാഭരണവിഭൂഷിതയായി കണിയൊരുക്കുന്ന പൊൻപുലരി. പ്രകൃതി ഒരു പൊന്നുരുളി. ആകാശം നിറഞ്ഞു പൂത്ത നക്ഷത്രങ്ങൾ കർണികാരപ്പൂക്കൾ!

എല്ലാ ഉത്സവങ്ങളും നമുക്ക്. വിഷുവുത്സവം പ്രകൃതിക്ക്. മണ്ണിൽത്തന്നെയാണ് പൊന്ന്. ഋഷിമനസ്സിന് കനകവും മൺകട്ടയും ഒന്ന്. എങ്കിലും ഇവിടെ ജീവിതം വിളയിച്ചേപറ്റൂ. ഓർമയുടെ സന്ദേശഗാനവുമായി വിഷുപ്പക്ഷികൾ പറന്നുവന്ന് വിവരം തരുന്നു.

‘വിത്തും കൈക്കോട്ടും...’ വൈകരുത്. ഭൂമി അമ്മയാണ്. അന്നം തരുന്ന നന്മയാണ്. നന്മയിലേക്ക് ഉണരുക. നല്ലതു വിതയ്ക്കുക.

കൃഷി തൊഴിലല്ല. ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്. സംസ്കാരമാണ്. അതു തുടങ്ങുന്നിടത്ത് ജീവിതം തുടങ്ങുന്നു. ‘ബഹ്വന്നം കുർവീത’ എന്നു ഋഗ്വേദം.

പത്താമുദയത്തിനുവേണം മണ്ണിൽ വിത്തെഴുതാൻ. അത് പത്തായഗണിതത്തിൽ പതിനായിരപ്പറ നിറയ്ക്കും. ഒന്നും അധികമാവണ്ട. ഒട്ടും കുറയ്ക്കുകയും വേണ്ട. എല്ലാം തുല്യമാവട്ടെ!

ഇല്ലായ്മകണ്ട് പണ്ട് ഏതോ ഒരു കൃഷ്ണമേഘം ഊരിക്കൊടുത്ത പൊന്നിൻ കിങ്ങിണി. അതു തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അടിമുടി പൊന്നുപൂത്ത് വാർഷികപ്പലിശ കൊടുക്കുകയാണ് കണിക്കൊന്ന.

ഇല്ലത്ത് എന്തില്ലെങ്കിലും ഇല്ലെന്നു വരില്ല ഒരു ഗ്രന്ഥം. അതിലുണ്ട് തലമുറകളുടെ അർഥം. മുഷിഞ്ഞ ഇന്നലെകളെ മാറ്റി വെണ്മയുടുക്കണം. തുടുത്ത കിടാങ്ങളെ ചേർത്തുറങ്ങുന്ന വെള്ളരിവള്ളികളെ വിളിച്ചുണർത്തി അനുവാദം വാങ്ങി കണിവെള്ളരി ദത്തെടുക്കണം. ഗുരുത്വത്തിനു വെറ്റിലടയ്ക്ക വേണം.

വെളിച്ചത്തിന് ഏഴുതിരിവിളക്കുവേണം. സ്വയം കാണാൻ വാൽക്കണ്ണാടി വേണം. ഉരുളിയിൽ ഉണക്കലരിവേണം. കദളിയും മാങ്ങയും പനസവും കൺമുമ്പിൽക്കാണണം. സമൃദ്ധി കണ്ടുനിറയണം. കണികാണുന്നേരം ‘കമലനേത്രൻ നിറമേറുന്ന മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൈമോതിരം’ അണിഞ്ഞ് തൊട്ടുമുമ്പിൽ നിൽക്കണം.

ഒരുവർഷത്തെ ഫലമാണ്. കാണുക. കണ്ടുനിറയുക. ഒന്നും വിഫലമാവരുത്. എന്നും സഫലമാവട്ടെ അനുഭവങ്ങൾ. ഹൃദയത്തിന്റെ ഓട്ടുകിണ്ടിയിൽ കുളിരു നിറയട്ടെ. കുങ്കുമവും കൺമഷിയും സൗന്ദര്യം തരട്ടെ. ദീർഘമംഗളമരുളട്ടെ. വിളക്കിലെ നാളങ്ങൾ പ്രകാശം പെയ്യട്ടെ. ഉരുളിയിലെ സ്വർണം ഉദയത്തിനു വർണമേകട്ടെ.

കാലമാണ്‌ കാരണവർ. സൂര്യനാണയം കൈനീട്ടം. എത്രകണ്ട് ധൂർത്തടിച്ചാലും വർഷാന്തം വരെയുള്ള വഴിച്ചെലവിനു പാകമാണ് ആ വെട്ടം. കവിതയുടെ മേടത്തിനു പലവട്ടം കണിവെച്ചവരാണു കവികൾ. വിശേഷിച്ച് ശ്രീയും പിയും.

വിഷുവേല മലയാളത്തിന്റെ സൗഭാഗ്യം. കാടും നാടും വീടും പ്രതീക്ഷയുടെ പൊൻവെട്ടം കാണുന്ന സന്തോഷം. നിറപറവയ്ക്കുന്ന പൂക്കുലച്ചാർത്തുകൾ. നാളങ്ങൾക്ക്‌ താളപ്പകർച്ച നൽകുന്ന ഓട്ടുവിളക്കുകൾ. മൂവന്തിക്ഷേത്രത്തിൽ മുകിലുകൾ. നിരനിരെ തോരണമിട്ടുകഴിഞ്ഞു. പൗർണമിക്കൊന്ന പതിവിൻപടി പൂത്തുലഞ്ഞു. കുന്നുകൾ നെറ്റിപ്പട്ടം കെട്ടിനിൽക്കുന്നു.

അർഥങ്ങൾ പൂക്കുന്ന അനശ്വരഗ്രന്ഥമായ പ്രകൃതി നമ്മെ അക്ഷരമുണ്ണാൻ മാടിവിളിക്കുന്നു. അഷ്ടമംഗല്യവും ദശപുഷ്പവും ഇഷ്ടവരമേകാൻ മുന്നിലെത്തുന്നു. എത്ര പൂത്തിരികൾ കത്തിച്ചാണ് മാനം നിലാവെട്ടം ചൊരിയുന്നത്. ഈ ജന്മം തന്നെയാണ് കൈനീട്ടം.

അതു കളയാതെ കാക്കുക. നാളെകൾ നന്മ നിറഞ്ഞതാവട്ടെ. ഉള്ളതുകൊണ്ട് നല്ലതുവരട്ടെ. മനസ്സിൽ ഗ്രാമത്തിന്റെ വിശുദ്ധിയും മണവും വെളിച്ചവും മണ്ണിനോടുള്ള മമത്വവും ഒരു കുല കൊന്നപ്പൂവും എന്നുമുണ്ടാവട്ടെ; അതുണ്ടായിരിക്കുന്നിടത്തോളം വിഷു മംഗളവിഷുവാകട്ടെ!