സ്വർണവളകൾ അണിഞ്ഞ കൈകൾ നീട്ടി കണിക്കൊന്ന ഒരു നവവധുവിനെപ്പോലെ നാണംകുണുങ്ങുന്നു. മേടമാസപ്പുലരി എന്നും മലയാളിക്ക് സമൃദ്ധിയുടെ ഭാവിയിലേക്കുള്ള കണികാണലാണ്. പൊള്ളുന്ന സൂര്യന്റെ തീക്ഷ്ണതയിൽ ‘കർണികാരം’ എന്ന സ്വർണക്കലവറയുടെ പൊന്നിൻകാഴ്ചയാണ് പ്രകൃതി കണിയായി ഒരുക്കുന്നത്. കർണികാരം പൂത്തുതളിർത്തതിനെക്കുറിച്ച് ഭാസ്കരൻമാഷ് എഴുതിയിട്ടുണ്ട്. കൃഷിയുടെ വിളവെടുപ്പുകാലം മലയാള ഗാനരചയിതാക്കൾ എന്നും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രണയത്തിന്റെയും ബിംബകല്പനകളിൽ നിറച്ചിട്ടുണ്ട്. വിഷുസങ്കൽപ്പവും ശ്രീകൃഷ്ണനുമായി ചേർന്നുകിടക്കുന്നതുകൊണ്ടാകാം വിഷുപ്പാട്ടുകളിൽ പ്രണയം നിറഞ്ഞിരിക്കുന്നതെന്ന് വയലാർ ശരത് ചൂണ്ടിക്കാട്ടുന്നു. മറ്റ് ദേവൻമാരെക്കുറിച്ച് എഴുതുമ്പോഴുള്ള പരിമിതി കൃഷ്ണനെക്കുറിച്ച് എഴുതുമ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വയലാർ-ദേവരാജൻ സഖ്യം ‘കൂട്ടുകുടുംബം’ എന്ന സിനിമയ്ക്കു വേണ്ടി ഒരുക്കിയ ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’ എന്ന ഗാനത്തിൽ ഇങ്ങനെ പാടുന്നുണ്ട്.
‘കളപ്പുരക്കളത്തിൽ മേടപ്പുലരിയിൽ
കണികണ്ട് കണ്ണുതുറന്നപ്പോൾ
വിളക്കുകെടുത്തി നീ ആദ്യമായി നൽകിയ
വിഷുക്കൈനീട്ടങ്ങളോർമയില്ലേ
പ്രേമത്തിൻ വിഷുക്കൈനീട്ടങ്ങളോർമയില്ലേ...’

മേടപ്പൊന്നണിയുന്ന കൊന്നപ്പൂക്കണിയെക്കുറിച്ച് ‘ദേവാസുര’ത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയപ്പോൾ ഈണത്തിന്റെ പൊന്നണിയിച്ചത് എം.ജി. രാധാകൃഷ്ണനായിരുന്നു. വിഷുവും വിഷുസംക്രമവും മേടമാസപ്പുലരിയും വിഷുപ്പക്ഷിയും എല്ലാക്കാലത്തും ഗാനരചയിതാക്കളെ മോഹിപ്പിച്ചിട്ടുണ്ട്. വിരഹ-ദുഃഖഗാനങ്ങളിലും ഇത് പ്രതിഫലിച്ചു. 1973-ൽ ‘ചുക്ക്’ എന്ന സിനിമയ്ക്കുവേണ്ടി വയലാറും ദേവരാജനും ഒന്നിച്ചപ്പോൾ പി. ലീലയുടെ മധുരശബ്ദത്തിൽ മനോഹരഗാനം പിറന്നു.
‘സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ
പൊന്മണിച്ചുണ്ടിനാൽ കാലത്തിൻ ചുമരിലെ
പുഷ്പപഞ്ചാംഗങ്ങൾ മാറ്റി നീയെത്ര
പുഷ്പപഞ്ചാംഗങ്ങൾ മാറ്റി...’

 വിഷുവിന്റെ വരവിനെക്കുറിച്ച് മനോഹരമായ പാട്ടുകൾ എഴുതിയിട്ടുള്ളയാളാണ് മധു ആലപ്പുഴ. ‘ഇലഞ്ഞിപ്പൂക്കൾ’ എന്ന സിനിമയിൽ കണ്ണൂർ രാജൻ ഈണം നൽകിയ ഗാനം എക്കാലവും ഓർമിക്കപ്പെടുന്നതാണ്.

‘വിഷുപ്പക്ഷി ചിലച്ചു നാണിച്ചുചിരിച്ചു
വസന്തം കളിയാക്കിച്ചിരിച്ചു...’

‘ആദ്യത്തെ അനുരാഗം’ എന്ന സിനിമയിൽ രവീന്ദ്രനാണ് മധു ആലപ്പുഴയുടെ വരികൾക്ക് ഈണമിട്ടത്. എസ്. ജാനകി പാടി.

‘മഞ്ഞക്കണിപ്പൂവുകൾ ചൂടും
മേടപ്പുലരിപ്പെണ്ണേ...’

അദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്ന് ‘മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം’ എന്ന സിനിമയിലായിരുന്നു. മേടമാസപ്പുലരിയിലെ കായലും വയലേലകളും ആറ്റുകിളിയും പൂക്കൈതയും തെങ്ങിൻതോപ്പുകളും കന്നിത്തുമ്പിയുമൊക്കെയായി ഏതൊരു മലയാളിക്കും ഗൃഹാതുരത്വമുണർത്തുന്ന വരികൾക്ക് രവീന്ദ്രൻമാഷ് ഈണത്തിന്റെ കുളിർത്തെന്നൽ നൽകുകയായിരുന്നു.
‘മേടമാസപ്പുലരി കായലിൽ
ആടിയും കതിരാടിയും
നിൻ നീല നയന ഭാവമായി...’

 വിഷുക്കാലം വരികളിൽ നിറയുന്ന ഗാനങ്ങളുമുണ്ട്. ഭാവഗായകൻ പി. ജയചന്ദ്രൻ മലയാള സിനിമയിലേക്ക് ചുവടുവെച്ച ആദ്യഗാനത്തിൽ (പുറത്തുവന്ന ആദ്യഗാനം) പി. ഭാസ്കരൻ നിറച്ചുവെച്ചത് ഇതാണ്. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്നാരംഭിക്കുന്ന ഗാനത്തിൽ ഭാസ്കരൻ മാഷ് ഇങ്ങനെയെഴുതുന്നു:

‘കർണികാരം പൂത്തുതളിർത്തു
കൽപ്പനകൾ താലമെടുത്തു...’

‘ലാൽസലാം’ എന്ന സിനിമയിൽ വിപ്ലവഗാനം എന്ന്‌ വിശേഷിപ്പിക്കാവുന്ന പാട്ടിൽ വിഷുക്കാലത്തെ ഒ.എൻ.വി. ഓർമപ്പെടുത്തുന്നുണ്ട്.
‘ആരോ പോരുന്നെൻകൂടെ...
പോരാം ഞാനും നിൻ കൂടെ
ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാലിപ്പക്ഷി
വിത്തും കൈക്കോട്ടും കൊണ്ടേ എത്താൻ വൈകല്ലേ...’

‘സമ്മാനം’ എന്ന സിനിമയിലൂടെ വയലാറും ദക്ഷിണാമൂർത്തിയും വിഷുവിന്റെ എല്ലാ വികാരവും നൽകുന്ന അതിമനോഹരമായ ഗാനം മലയാളികൾക്ക് സമ്മാനിച്ചു. വാണിജയറാമായിരുന്നു ഗായിക.

‘എന്റെ കൈയിൽ പൂത്തിരി
നിന്റെ കൈയിൽ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കണ വിഷുപ്പുലരി
പുലരിക്ക് പൊൻപണം കൈനീട്ടം, ഈ
പുഞ്ചിരിക്ക് പുഞ്ചിരി കൈനീട്ടം...’

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയിൽ വയലാർ മനോഹരമായ ബിംബകല്പനകൾ ഒരുക്കുന്നുണ്ട്. ദേവരാജൻ-യേശുദാസ് സഖ്യമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. ‘അമ്പലപ്പറമ്പിലെ ആരാമത്തിലെ...’ എന്ന് തുടങ്ങുന്ന ഗാനത്തിൽ വയലാർ ഇങ്ങനെ എഴുതുന്നു:
‘വിഷുസംക്രാന്തി വിളക്കുകൾ കൊളുത്താൻ
ഉഷസ്സെഴുന്നേൽക്കും നേരം പുത്തൻ
ഉഷസ്സെഴുന്നേൽക്കും നേരം
വരികില്ലേ കോർത്തുതരികില്ലേ
ഹൃദയരാഗമാല്യം...’

 കണ്ണനെ കണികാണുന്നതും നിരവധി പാട്ടുകളിൽ നിറഞ്ഞിട്ടുണ്ട്. ‘നന്ദനം’ എന്ന സിനിമയിൽ ഗിരീഷ് പുത്തഞ്ചേരി ഭക്തിയുടെ പുഴയൊഴുക്കുകയാണ്. രവീന്ദ്രൻ ഈണമിട്ട വരികൾ പാടിയത് ചിത്ര.

‘മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപ്പട്ടാംബരം ചാർത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം...’

‘ഓമനക്കുട്ടൻ’ എന്ന സിനിമയിൽ വയലാറാണ് ഗാനരചയിതാവെങ്കിലും ഒരു പാട്ടിൽ പൂന്താനത്തിന്റെ വരികൾ ദേവരാജൻ മാഷ് ഉപയോഗിച്ചിട്ടുണ്ട്. പി. ലീലയും രേണുകയും ചേർന്നുപാടിയ ഗാനം എക്കാലത്തെയും വിഷുപ്പാട്ടുകളിൽ മുൻനിരയിലുണ്ട്.
‘കണികാണുംനേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ...

‘ആഭിജാത്യം’ എന്ന സിനിമയ്ക്ക് പി. ഭാസ്കരൻ-എ.ടി. ഉമ്മർ എന്നിവർ ഒന്നിച്ചപ്പോൾ മറ്റൊരു കൃഷ്ണഭക്തിഗാനം പിറന്നു.

‘മഴമുകിലൊളിവർണൻ ഗോപാലകൃഷ്ണൻ
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടി...’

‘അടിമ’കളിൽ വയലാർ-ദേവരാജൻ-സുശീല ഹിറ്റ് സഖ്യമാണ് ഒന്നിച്ചത്. ഗൂരുവായൂരപ്പനെ കണികാണുന്നതാണ് പാട്ടിന്റെ ഉള്ളടക്കം.

‘ചെത്തിമന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണണം...’

‘കർണികാരം പൂത്തുതളിർത്തു’വെന്ന് എഴുതിയ ഭാസ്കരൻ മാഷ് ‘കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ ഇന്നെന്നെ കണ്ടാൽ എന്തു തോന്നും കിങ്ങിണിപ്പൂവേ...’ എന്ന വരികൾ എഴുതിയത് ‘അമ്മയെ കാണാൻ’ എന്ന സിനിമയ്ക്കു വേണ്ടിയാണ്. കെ. രാഘവൻ ഈണമിട്ട വരികൾ പാടിയത് എസ്. ജാനകി. ‘മൂന്നുപൂക്കൾ’ എന്ന സിനിമയിൽ ഭാസ്കരൻമാഷ് ഇങ്ങനെയെഴുതി:
‘തിരിയോ തിരി പൂത്തിരി കണിയോ കണി വിഷുക്കണി...’ (സംഗീതം പുകഴേന്തി -പാടിയത് ജാനകി).

 ‘വിഷുക്കിളീ കണിപ്പൂ കൊണ്ടുവാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ...’ (ഇവൻ മേഘരൂപൻ, ഒ.എൻ.വി.- ശരത്), ‘വാകച്ചാർത്ത് കഴിഞ്ഞൊരു ദേവന്റെ മോഹന മലർമേനി കണികാണണം’ (ഇരുട്ടിന്റെ ആത്മാവ് -പി. ഭാസ്കരൻ, ബാബുരാജ്), ‘വിഷുസംക്രമം വിടർന്ന മംഗളം’ (പാഞ്ചജന്യം-മങ്കൊമ്പ് ഗോപാലകൃഷ്ണൻ-ശങ്കർ ഗണേഷ്), ‘വിഷുക്കിളി വിളിച്ചതെന്തിനെന്നെ ജനലരികിൽ വന്നു മധുരമൊഴി കൊഞ്ചി (ഒളിയമ്പുകൾ-ഒ.എൻ.വി., എം.എസ്. വിശ്വനാഥൻ) ‘വിഷുപ്പക്ഷി വിളിക്കുന്ന വണ്ണാത്തിക്കിളി ചിലയ്ക്കുന്ന’ (മംഗല്യപ്പല്ലക്ക്-ഗിരീഷ് പുത്തഞ്ചേരി-ബാലഭാസ്കർ), ‘പാടുന്നു വിഷുപ്പക്ഷികൾ മെല്ലെ മേടസംക്രമ സന്ധ്യയിൽ’ (പുനരധിവാസം-പുത്തഞ്ചേരി-ജി. വേണുഗോപാൽ) തുടങ്ങിയവ വിഷുവരികളിൽ വരുന്ന നിരവധി പാട്ടുകളിൽ ചിലത് മാത്രമാണ്.