രു യാഥാസ്ഥിതിക നസ്രാണി കുടുംബത്തിൽ ജനിച്ചുവളർന്ന എന്നെ സംബന്ധിച്ചിടത്തോളം ‘തെക്കേലെ അമ്മൂമ്മ’ മടിയിൽെവച്ച്‌ കൊണ്ടുതരുന്ന കൈനീട്ടത്തിന്റെ മാധുര്യമായിരുന്നു വിഷു. അതിനപ്പുറം കണികാണുക എന്നതുപോലുള്ള ശീലങ്ങൾ സ്വഭാവികമായും ഉണ്ടായിട്ടില്ല. അമ്മൂമ്മയുടെ കൈനീട്ടം ഒരു ശീലമായപ്പോൾ ഞാനത് മറ്റുള്ളവരിലേക്ക് വ്യാപിപ്പിച്ചു. വിഷു ആയാൽ അച്ചാച്ചൻ മുതൽ വല്യപ്പച്ചൻവരെ എല്ലാവരുടെയും മുന്നിൽ മടിയില്ലാതെ കൈനീട്ടി. എല്ലാവരും എന്തെങ്കിലുമൊന്ന് കൈയിൽ െവച്ചുതന്ന് ആ ദിവസത്തെ സന്തോഷിപ്പിച്ചു. അങ്ങനെ വിഷു കൈനിറയെ ചില്ലറപ്പൈസ കിട്ടുന്ന ദിവസത്തിന്റെ ഓർമയായി മാറി. മറ്റൊരോർമ ആറിനക്കരെ താമസിക്കുന്ന വല്യവല്യപ്പച്ചന് ‘പൊയില’യുമായി പോകുന്നതാണ്.

മുറുക്ക് ശീലമായിരുന്ന വല്യവല്യപ്പച്ചന് ഓണത്തിനും ക്രിസ്മസിനും ഈസ്റ്ററിനും വിഷുവിനുമെല്ലാം കൊച്ചുമക്കളും അവരുടെ മക്കളും സമ്മാനിക്കുന്ന പുകയിലയും ഒറ്റമുണ്ടും ഒരാഹ്ലാദമായിരുന്നുതാനും.  ഇത്രയുമായാൽ എന്റെ നാട്ടിലെ വിഷുസ്മരണ അവസാനിക്കും. എന്നാൽ, പിന്നീട് പ്രവാസലോകത്ത് എത്തിപ്പെട്ടപ്പോഴാണ് വിഷുവിന്റെ ആഘോഷം ഒരനുഭവമായി മനസ്സിൽ കയറിക്കൂടുന്നത്. അത് സ്വഭാവികമാണ്. അകലെയായിരിക്കുമ്പോഴാണ് എന്തിനും ആകർഷണീയത കൂടുന്നത് എന്നതുകൊണ്ടാണത്. അതുകൊണ്ടാണ് വിഷുമാത്രമല്ല കേരളത്തിന്റെ ഓരോ ആഘോഷവും യഥാർഥമായും ആഘോഷിക്കപ്പെടുന്നത് പുറംദേശങ്ങളിലാവുന്നത്. കേരളത്തിൽ അവ പലതും ലഹരിക്ക് റെക്കോഡ് വില്പനയുണ്ടാക്കുന്ന ഒരു സാധാരണ ആണ്ടുത്സവം മാത്രമാണെങ്കിൽ വിദേശത്തായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം തങ്ങളിൽനിന്ന് അകലെയായിപ്പോയ അനേകം ഓർമകളെ തിരിച്ചുപിടിക്കാനുള്ള അവസരങ്ങളാണ്.

കുടിയേറ്റജീവിതത്തെക്കുറിച്ച് പറയുമ്പോൾ Imaginary Home land എന്നൊരു ആശയം സൽമാൻ റുഷ്ദി അവതരിപ്പിക്കുന്നുണ്ട്. ഓരോ കുടിയേറ്റക്കാരനും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ സാങ്കല്പികമായൊരു സ്വദേശത്തെ തന്റെ ചുറ്റും പണിതുയർത്തിക്കൊണ്ടാണ് ആ ജീവിതത്തിന്റെ വിവിധ സങ്കീർണതകളെയും ദുരിതങ്ങളെയും മറികടക്കുന്നത്. ഗൾഫിലെ പല തെരുവുകളിലും കടകളുടെ പേരുകൾ മലയാളത്തിൽ കാണാം. പല റെസ്റ്റോറന്റുകളുടെയും പേരുകൾ നാട്ടിലെ ഗ്രാമങ്ങളുടേതാണ്. നാടൻ ഷാപ്പുകളും മാടക്കടകളും ചില തെരുവുകൾതന്നെയും അവനവിടെ പുനഃസൃഷ്ടിക്കുന്നു. അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ ഓസ്‌ട്രേലിയയിലേക്കോ പോകുന്ന ഒരാൾ തന്റെ കാറിന്റെ നമ്പർ പ്ലേറ്റിന്‌ ഗ്രാമത്തിന്റെയോ വീടിന്റെയോ പേരുനൽകിക്കൊണ്ടോ വീടിന്റെ മുന്നിലെ തെരുവുകൾക്ക് ഗ്രാമപാതയുടെ പേരിടുന്നതിലൂടെയോ വീടിനുചുറ്റും വാഴയും കപ്പയും നട്ടുപിടിപ്പിച്ചുകൊണ്ടോ വളർത്തുമൃഗങ്ങൾക്ക് നാടൻപേരുകൾ നൽകിക്കൊണ്ടോ ഒക്കെയാണ് ആ സാങ്കല്പികഗ്രാമം വളർത്തിയെടുക്കുന്നത്. അക്കൂട്ടത്തിൽ കുടിയേറ്റക്കാരൻകൂടെ കൊണ്ടുപോയിട്ടുള്ള ഒന്നാണ് അവന്റെ ആഘോഷങ്ങൾ. അതുകൊണ്ടുതന്നെ ഓണമായാലും വിഷു ആയാലും ക്രിസ്മസായാലും പള്ളിപ്പെരുനാളായാലും കുംഭഭരണിയായാലും പൂരമായാലും അവൻ നാട്ടിലേതിനേക്കാൾ മനോഹരമായി ആഘോഷിക്കാനും ആസ്വദിക്കാനും ശ്രമിക്കുകയും ചെയ്യുന്നു.  

ബാല്യത്തിലെയും കൗമാരത്തിലെയും യൗവ്വനത്തിലെയും അനേകം ഓർമകളെ ഓരോ മനുഷ്യനും ഈ അവസരത്തിൽ വീണ്ടെടുക്കുകയും തങ്ങളാലാവുംവിധം പുനരാവിഷ്കരിക്കുകയും ചെയ്യും. ഗൃഹാതുരതയാണ് പ്രവാസിയുടെ ജീവൻ. ഭൂരിപക്ഷവും അതിലാണ് ഉണ്ണുകയും ഉറങ്ങുകയും ജീവിക്കുകയുംചെയ്യുന്നത്. കേരളത്തിലെ ഏത് നഗരത്തിലോ ഗ്രാമത്തിലോ കാണുന്നതിലും അനുഭവിക്കുന്നതിലും കൂടുതൽ തനിമയോടെ കൂടുതൽ നിറവോടെ കൂടുതൽ പൊലിമയോടെ വിഷുവിന്റെ ആഘോഷങ്ങൾ നമുക്ക് ഗൾഫിലെ നഗരങ്ങളിൽ കാണാൻ കഴിയും.  കേരളത്തിൽനിന്ന് തീർത്തും അന്യമായിക്കൊണ്ടിരിക്കുന്ന,  കേരളത്തിലെ പുതുതലമുറ ഒരിക്കലും കണ്ടിട്ടില്ലാത്ത പലതരം നാടൻകളികൾ കാണാനും  നാടൻപാട്ടുകൾ കേൾക്കാനും  നാടൻശീലങ്ങൾ  അനുഭവിക്കാനുമുള്ള അവസരം ഇന്ന് ഗൾഫിലെ കുട്ടികൾക്കുണ്ട് എന്നത് ഒരു അതിശയോക്തിയല്ല. 

കുറേക്കാലംമുൻപുവരെയെങ്കിലും ഗ്രാമങ്ങളിൽ ക്ലബ്ബുകളുടെയും കലാസംഘങ്ങളുടെയും നേതൃത്വത്തിൽ വിഷുവിന്റെ ആഘോഷങ്ങൾ നടന്നിരുന്നു. അതിന്നില്ല. ആഘോഷദിവസങ്ങളിൽ എല്ലാവരുംചേർന്ന് ഒരു സിനിമയ്ക്ക് പോകുന്ന ഏർപ്പാടുപോലും അസ്തമിച്ചിരിക്കുന്നു. അണുകുടുംബം നമ്മെ ചുമരുകളുടെ തടവുകാരാക്കിയിരിക്കുന്നു. അയൽപക്കങ്ങൾ തമ്മിലുള്ള കൊടുക്കൽവാങ്ങലുകളും പോക്കുവരവുകളും അവസാനിപ്പിച്ചിരിക്കുന്നു. ‘അപ്പുറത്തെ അമ്മൂമ്മമാരുടെ കൈനീട്ടം’ ഇനിയൊരു സ്വപ്നംമാത്രമാണ്. നമ്മുടെ സഞ്ചാരത്തിന്റെ ഇടങ്ങൾപോലും നമ്മുടെ നാലതിരുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു വാട്‌സാപ് മെസേജിൽ നാം നമ്മുടെ ആഘോഷങ്ങളെല്ലാം അവസാനിപ്പിക്കുന്നു. 

ഇവിടെയാണ് ഇപ്പോഴും ഗൾഫ് രാജ്യങ്ങളിലെ പലതരം ആഘോഷങ്ങൾക്കും മഹത്ത്വമുണ്ടാവുന്നത്. ചെറിയരീതിയിലെങ്കിലും ഓരോതരം കൂട്ടായ്മകൾ പങ്കുവയ്ക്കലിന്റെയും പങ്കുകൊള്ളലിന്റെ ആഘോഷമായും അല്പമെങ്കിലും നിലനിൽക്കുന്നതും ഇപ്പോഴും ഗൾഫിൽത്തന്നെ. സംഘംചേരലിന്റെയും കൂട്ടുകൂടലിന്റെയും വിരുന്നുപോകലിന്റെയും ഒന്നിച്ചിരുന്നുണ്ണുന്നതിന്റെയും അനുഭവം  കുടിയേറ്റക്കാരന് ഏതെങ്കിലും ടി.വി.പ്രോഗ്രാമിൽകണ്ട് നിർവൃതിയടയാനുള്ളതല്ല,  ഈ അടഞ്ഞകാലത്തും നേരിട്ട് അനുഭവിച്ചറിയാനുള്ളതാണ്. വർഗത്തിന്റെയും വർണത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേർതിരിവുകളില്ലാതെ ഇപ്പോഴും മനുഷ്യന്, മലയാളിക്ക്‌ അവിടെ സംഘംചേരാൻ കഴിയുന്നുണ്ട്.  അതിനുള്ള ഇടങ്ങളുണ്ട്, അതിനുള്ള അവസരങ്ങളുണ്ട്, അതിനുള്ള മനസ്സുണ്ട്. പ്രവാസി  ശരീരംകൊണ്ട് സ്വന്തംനാട്ടിൽനിന്ന് ഏറെ അകലെയാണെങ്കിലും അവന് അന്യഭൂമിയിൽ കുറ്റബോധമില്ലാതെ ജീവിക്കാൻ കഴിയുന്നത് അതുകൊണ്ടുകൂടിയാണ്.  സമാജങ്ങൾ, ക്ലബ്ബുകൾ, കൂട്ടായ്മകൾ, സൗഹൃദസംഘങ്ങൾ ഒക്കെ അതിനായുള്ള ഒരുക്കങ്ങൾ വളരെ നേരത്തേ തുടങ്ങും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ. ബഹ്‌റൈൻ കേരളീയസമാജത്തിൽ ദീർഘകാലം അംഗമായും കുറച്ചുകാലം ഭാരവാഹിയായും പ്രവർത്തിച്ചതുകൊണ്ട് ഈ ഒരുക്കങ്ങളുടെ ആവേശം തൊട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്.  മലയാളിയെക്കാൾ അധികം മലയാളീകരിക്കപ്പെട്ട ഒരു  ജീവിതമാണ് വിദേശത്തുള്ള ഓരോ മലയാളിയും ഇപ്പോൾ ജീവിച്ചുതീർക്കുന്നത്. വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങൾ അതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.