പഴയ കാലമാണ് എനിക്കിഷ്ടം. പഴയകാലത്തെ ആണുങ്ങളുടെ തലയെടുപ്പ്, പെണ്ണുങ്ങളുടെ നോട്ടവും ചിരിയും, കുട്ടികളുടെ കുരുത്തക്കേടുകൾ, പഴയ കാലത്തെ വെളുത്ത ചുമരുകളുള്ള ചെറിയ വീടുകൾ, പൊട്ടിയ ഓടുകൾ പാകിയ ചെരിഞ്ഞ മേൽപ്പുരകളോടുകൂടിയ സ്കൂളുകൾ, എരിയുന്ന നെയ്വിളക്കുകളുടെ മണമുള്ള നാട്ടമ്പലങ്ങൾ. പഴയ കാലത്തെ ആളൊഴിഞ്ഞ നിരത്തുകൾ, ആടും പശുവും മേയുന്ന ഇടവഴികൾ, വരമ്പുകളിൽ പറവകൾ ഒറ്റക്കാലിൽ നിൽക്കുന്ന വയലുകൾ... അതുപോലെ പഴയകാലത്തെ വിഷു ആഘോഷങ്ങളാണ് എനിക്കിഷ്ടം.
അതുപോലെ പുതിയകാല മയ്യഴിയിലാണ് ജീവിക്കുന്നതെങ്കിലും പഴയകാല മയ്യഴിയാണ് ഞാനിഷ്ടപ്പെടുന്നത്. കേരളത്തിലാണെങ്കിലും ഞങ്ങളുടെ നാടിന് ചില പ്രത്യേകതകളുണ്ട്; ചരിത്രപരമാണത്. ഇത്തിരിവട്ടംമാത്രം പോന്ന ഈ പ്രദേശം പണ്ട് ഫ്രാൻസിന്റെ ഭാഗമായിരുന്നു. 1954-ൽ അവർ പോയി. അവരുടേതായ വളരെയൊന്നും ഇവിടെ അവശേഷിച്ചിരിപ്പില്ല; എന്നെപ്പോലുള്ള ചില പഴയ തലമുറക്കാരുടെ മങ്ങിയ ഓർമകളല്ലാതെ. ആ ഓർമകളിലെ വിഷു ആഘോഷങ്ങൾ, ആ കാലംപോലെതന്നെ എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. നിറങ്ങളില്ലാത്തതും മങ്ങിയതുമായ എന്തും ഞാൻ ഇഷ്ടപ്പെടുന്നു.
വെള്ളക്കാർ വിഷുവടക്കമുള്ള ഞങ്ങളുടെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുമായിരുന്നു. കുംഭമാസം പുത്തലംകാവിലെ തിറയുത്സവത്തിന് പൂക്കുട്ടിച്ചാത്തൻ തിറ കാണാൻ വെള്ളക്കാർവന്ന് മുമ്പിൽത്തന്നെ ഇരിക്കുന്നുണ്ടാവും. കൂടെ മദാമ്മമാരും കുട്ടികളുമുണ്ടാവും. അവർക്കിരിക്കാൻവേണ്ടി പ്രത്യേകം പന്തലിടും. അവരുടെ ഇരുവശവും കോട്ടും കളസവുമിട്ട തിയ്യപ്രമാണിമാരും അവരുടെ പിറകിൽ ചുവന്ന തൊപ്പിവെച്ച പോലീസുകാരുമുണ്ടാകും (എല്ലാം മാറിയെങ്കിലും ഞങ്ങളുടെ നാട്ടിലെ പോലീസുകാരുടെ തൊപ്പിയുടെ നിറംമാത്രം മാറിയിട്ടില്ല. അതിപ്പോഴും ചുവന്നിട്ടുതന്നെ).
അക്കാലം ഏതാനും സങ്കരവർഗക്കാരുടെ വീടുകളും മയ്യഴിയിലുണ്ടായിരുന്നു. പൊതുവേ അവരും വിഷു ആഘോഷിക്കുമായിരുന്നു. ഡക്കി എന്നു വിളിക്കുന്ന ഡഗ്ലസും ആൽഫി എന്നുവിളിക്കുന്ന ആൽഫ്രഡും എന്റെ കൗമാരപ്രായത്തിലെ ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായിരുന്നു. (കൗമാരപ്രായത്തിലും യൗവ്വനകാലത്തും എനിക്ക് ഒട്ടേറെ ചങ്ങാതിമാരുണ്ടായിരുന്നു. ഇപ്പോഴാണ് ആരുമില്ലാത്തത്). ക്രൈസ്തവരുടെ, സങ്കരവർഗക്കാരുടെ വീടുകളിൽ കുട്ടികൾ പടക്കങ്ങൾ പൊട്ടിക്കുമായിരുന്നു. മയ്യഴി മാതാവിന്റെ ദേവാലയമുറ്റത്തും പടക്കങ്ങൾ പൊട്ടുന്നത് കണ്ടതായി ഞാനോർക്കുന്നു.
പൊതുവേ ആളുകളുടെ കൈയിൽ പണമില്ലാത്ത കാലമായിരുന്നു അത്. പണക്കാരുടെ വീടുകളിലാണ് ഉച്ചത്തിൽ പടക്കങ്ങൾ പൊട്ടുന്നതും പുക്കൂറ്റികൾ ഉയരങ്ങളിൽ തീപ്പൊരികൾ ചിതറിക്കുന്നതും. അച്ഛന്റെ കൈയിൽ അത്യാവശ്യച്ചെലവിനുള്ള പൈസമാത്രം കാണും. ഞങ്ങൾ പാവങ്ങളായിരുന്നു. ഒരു വിഷുവിന് പടക്കംവാങ്ങാൻ പൈസ ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു: ‘ടാ, അങ്ങട്ടേലെ കുട്ട്യേള് പൊട്ടാസ് പൊട്ടിക്കും. ഇഞ്ഞി അത് പോയി കണ്ടോളൂ’ എന്ന്. അയൽപക്കത്തിന് മയ്യഴി ഭാഷയിൽ അങ്ങട്ടേൽ എന്നാണ് പറയുക. പടക്കം ഞങ്ങൾക്ക് പൊട്ടാസാണ്. അങ്ങട്ടേൽ താമസിക്കുന്നത് ഞങ്ങൾ മാധവൻ മാമൻ എന്നുവിളിക്കുന്ന മാധവൻ കമ്പൗണ്ടറായിരുന്നു. ചെറിയ വിഷുവിനും വലിയ വിഷുവിനും രാത്രി ഉടനീളം അവിടെ പടക്കങ്ങൾ പൊട്ടും.
അക്കാലത്ത് കമ്പൗണ്ടർമാർ ധനികരും തറവാട്ടുകാരുമായിരുന്നു. ഒാടത്തിനകം റോഡിൽ പാർക്കുന്ന ദാമു കമ്പൗണ്ടർ കളസവും സ്ലാക്കും തൊപ്പിയും ധരിച്ച് ആസ്പത്രിയിലേക്ക് പോകുന്നത് എന്റെ വീടിന്റെ മുമ്പിലൂടെയായിരുന്നു. ചിലപ്പോൾ അദ്ദേഹം ജഡ്കവണ്ടിയിലാണ് പോവുക. ആ പോക്ക് അദ്ഭുതത്തോടെയും ആദരവോടെയും ഞാൻ നോക്കിനിൽക്കും. വലുതായാൽ ഒരു കമ്പൗണ്ടറാകാൻ ഞാൻ ആഗ്രഹിച്ചു. വിഷുവിന് എന്റെ മക്കൾക്ക് രാത്രിയുടനീളം പൊട്ടിക്കാൻ പടക്കങ്ങൾ വാങ്ങിക്കൊടുക്കാൻ വേണ്ടി.
വിഷുവിന് മാസങ്ങൾക്കുമുമ്പുതന്നെ ഞാൻ പടക്കം വാങ്ങാനുള്ള പൈസ സ്വരൂപിക്കാൻ തുടങ്ങും. കൈയിൽ വന്നുചേരുന്ന നാണയത്തുട്ടുകൾ ഒരു കുട്ടിക്കൂറ പൗഡറിന്റെ ഡബ്ബയിലിട്ട് ഭദ്രമായി സൂക്ഷിച്ചുവെയ്ക്കും. അഴിയൂരിൽനിന്ന് വടിയും കുത്തി കുഞ്ഞിരാമമ്മാൻ വന്നപ്പോൾ എനിക്ക് അരയണ തന്നു. ‘ഇഞ്ഞി ഒയലച്ച മുട്ടായി വാങ്ങി തിന്നോടാ’ എന്നു പറഞ്ഞാണ് തന്നത്. ബുദ്ധിമുട്ടിന് ഒയലച്ച എന്നാണ് മയ്യഴി ഭാഷാന്തരം. അപ്പക്കൂടിലാണ് ഒയലച്ച മുട്ടായി കിട്ടുക. വായിലിട്ടാൽ അലിയാതെ നാവിന്മേലും പല്ലിന്മേലും ഒട്ടിപ്പിടിക്കുന്ന, ഇറക്കാൻ ബുദ്ധിമുട്ടുള്ള മുട്ടായിയാണത്. ഞാൻ ഒയലച്ച മുട്ടായി വാങ്ങിയില്ല. ആ അരയണയും കുട്ടിക്കൂറ പൗഡറിന്റെ ഡബ്ബയിലിട്ടു. ഓലപ്പടക്കങ്ങളുടെയും കമ്പിത്തിരികളുടെയും പൂക്കുറ്റികളുടെയും വില എനിക്ക് മനപ്പാഠമായിരുന്നു. ഇടക്കിടെ ഡബ്ബയി‚ൽനിന്ന് പൈസയെടുത്ത് എണ്ണി നോക്കും.
ആ പൈസകൊണ്ട് എത്ര ഓലപ്പടക്കവും കമ്പിത്തിരിയും നിലാത്തിരിയും പൂക്കുറ്റിയും വാങ്ങാൻ കഴിയുമെന്ന് മനസ്സിൽ കണക്കുകൂട്ടും. വിഷുവിന് ഒരാഴ്ച മുമ്പുതന്നെ ആ പൈസ മുഴുവൻ ചെലവഴിച്ച് പടക്കംവാങ്ങി കട്ടിലിനടിയിൽ സൂക്ഷിച്ചുവെച്ചു. പടക്കങ്ങൾ ഇടക്കിടെ വെയിലത്ത് വെക്കണം. അല്ലെങ്കിൽ ഈർപ്പംതട്ടി പൊട്ടാതെ പോകും. ഒരിക്കൽ ഉച്ചകഴിഞ്ഞ നേരം ഞാൻ വെയിലത്ത് കടലാസ് വിരിച്ച് പടക്കങ്ങൾ ഉണങ്ങാൻവെച്ചു. എങ്ങനെയോ ഞാ‚ൻ ഉറങ്ങിപ്പോയി. കണ്ണുതുറന്ന് നോക്കുമ്പോൾ പടക്കങ്ങൾക്കുമുകളിൽ മഴ പെയ്യുന്നു.
ചെറിയ വിഷുവിന് പാതിരാവിൽ ഞങ്ങൾ കുട്ടികൾ കണിവെക്കാനുള്ള കണ്ണിമാങ്ങകൾ പറിക്കാൻ പോകും. അതൊരു രസമായിരുന്നു. പകൽ ഏതൊക്കെ വീടുകളിലെ മാവുകളിലാണ് കണ്ണിമാങ്ങകൾ ഉള്ളതെന്ന് ഞങ്ങൾ കണ്ടുവെയ്ക്കും. മാങ്ങകൾ പറിക്കാൻ ആരും സമ്മതിക്കില്ല. ഞങ്ങൾ രഹസ്യമായാണ്, വീട്ടുകാർ അറിയാതെയാണ് മാങ്ങകൾ പറിച്ചോടുന്നത്. ഒരിക്കൽ ഞാനും എന്റെ ചങ്ങാതി ഹരിഹരനും മറ്റുചിലരുംകൂടി പാതിരാവിൽ മാങ്ങകൾ മോഷ്ടിക്കാനിറങ്ങി.
‘‘അദ്രുമാൻ മാഷ്ടെ മാവിൽ നെറയെ കണ്ണിമാങ്ങകളാണ്’’ -ഹരിഹരൻ പറഞ്ഞു. തീവണ്ടിയാപ്പീസ് റോഡിലെ ഒന്തത്തിനടുത്താണ് അദ്രുമാൻ മാഷ്ടെ വീട്. വീട്ടുമുറ്റത്ത് പടർന്നുപന്തലിച്ച ഒരു മാവുണ്ട്. മതിൽ ചാടിക്കടന്ന് മാങ്ങ പറിക്കാമെന്ന് ഹരിഹരൻ പറഞ്ഞു. അതുകേട്ടപ്പോ‚ൾ ഞാൻ നടുങ്ങി. വേണ്ട, അദ്രുമാൻ മാഷ്ടെ വീട്ടില്മാത്രം പോകരുത്. ഞാൻ ഭയത്തോടെ പറഞ്ഞു. തുർക്കിത്തൊപ്പിവെച്ച് ക്ലാസിൽ വരുന്ന അദ്രുമാൻ മാഷുടെ കൈയിൽ എപ്പോഴും ചൂരലുണ്ടാകും. എനിക്ക് ചൂരലിനെ പേടിയില്ലായിരുന്നു.
അദ്രുമാൻ മാഷുടെ വീട്ടിൽ ഒരു വലിയ തോക്കുണ്ട്. വീടിനുമുമ്പിലൂടെ കടന്നുപോകുന്നവർക്ക് ഇരിപ്പുമുറിയിലെ ചുമരിന്മേൽ വിലങ്ങനെ കൊളുത്തിവെച്ച ആ തോക്ക് കാണാം. അതിലേ കടന്നുപോകുമ്പോഴൊക്കെ ഭയത്തോടെ ഞാനാ തോക്കിൽ നോക്കാറുണ്ട്. ഞങ്ങൾ മതിൽ ചാടിക്കടന്ന് കണ്ണിമാങ്ങകൾ പറിക്കുമ്പോൾ ശബ്ദംകേട്ട് അദ്രുമാൻമാഷ് തോക്കുമായി വന്ന് വെടിവെച്ചാലോ? ഹരിഹരനും മറ്റുകുട്ടികളും ധൈര്യശാലികളായിരുന്നു. ഞങ്ങൾ മാങ്ങ പറിക്കാനായി അർധരാത്രി ഒച്ചവെക്കാതെ അദ്രുമാൻ മാഷുടെ വീട്ടിലേക്ക് നടന്നു.
എല്ലാവരും മതിൽച്ചാടിക്കടന്നു. ഞാൻ നിരത്തിൽത്തന്നെ നിന്നു. ‘‘പേടിക്കൊടലൻ’’ -ഹരിഹരൻ പറഞ്ഞു. അതിനുശേഷം അവൻ ഒരു തെറിയും പറഞ്ഞു. (അതിവിടെ എഴുതാൻ കൊള്ളില്ല. സമൂഹം നമുക്ക് തെറി പറയാൻ സമ്മതം തന്നിട്ടുണ്ട്. പക്ഷേ, എഴുതാൻ അനുവാദം തന്നിട്ടില്ല). ഞാൻ നിരത്തുവക്കിൽ നിന്നുകൊണ്ട് മറ്റുകുട്ടികൾ മാവിന്മേൽ വലിഞ്ഞുകയറുന്നത് ഉച്ചത്തിൽ മിടിക്കുന്ന നെഞ്ചോടെ നോക്കിനിന്നു.
അടുത്തനിമിഷം അദ്രുമാൻ മാഷുടെ വീട്ടുമുറ്റത്തെ വെളിച്ചം തെളിഞ്ഞു. നിറഞ്ഞ വൈദ്യുതിവെളിച്ചം മാവിന്റെ ചില്ലകളിൽ പരുന്നു. ഞാൻ ഇടംവലം നോക്കാതെ ഓടി. ഓടുമ്പോൾ പിറകിൽനിന്ന് വെടിപൊട്ടിയതായി എനിക്ക് തോന്നി. അദ്രുമാൻ മാഷ് മാവിൽനിന്ന് വലിഞ്ഞിറങ്ങുന്ന കുട്ടികളുടെ അരികിലേക്ക് ചെന്നു. ‘‘മക്കളേ, പേടിക്കേണ്ട, ഇഷ്ടംപോലെ കണ്ണിമാങ്ങ പറിച്ചോ’’ -ഓടാൻ തുടങ്ങുന്ന കുട്ടികളോട് മാഷ് പറഞ്ഞു.
പഴയ തപാലാപ്പീസിനുമുമ്പിലുള്ള ബെർണാർമാഷുടെ വീടിനുപിറകിൽ ഒരു വലിയ കൊന്നമരമുണ്ട്. കണ്ണിമാങ്ങകൾ പറിച്ചുകഴിഞ്ഞാൽ കൊന്നപ്പൂക്കൾ ശേഖരിക്കാനായി ഞങ്ങൾ അങ്ങോട്ടുചെല്ലും. അദ്ദേഹം പഠിപ്പിച്ചത് ഫ്രഞ്ച് സ്കൂളിലായിരുന്നു. ബെർണാർ മാഷും കളസവും തൊപ്പിയും ധരിച്ചാണ് സ്കൂളിൽവരിക. വിഷുവിന് ബെർണാർ മാഷുടെ വീട്ടുമുറ്റത്തുനിന്ന് പടക്കങ്ങൾ പൊട്ടുന്നത് ഒരിക്കൽ ഞാൻ കണ്ടിരുന്നു.
പണ്ട്, വിഷു ഞങ്ങൾ മുഴുവൻ മയ്യഴിക്കാരുടെയും ഉത്സവമായിരുന്നു. കണിവെക്കാനായി മുസ്ലിമായ അദ്രുമാൻ മാഷ് ഞങ്ങൾക്ക് കൈനിറയെ കണ്ണിമാങ്ങകൾ തന്നു. ക്രിസ്ത്യാനിയായ ബെർണാർ മാഷ് കൊന്നപ്പൂക്കൾ തന്നു. അവരുടെ മക്കൾ ഞങ്ങളോടൊപ്പം പുലർച്ചയ്ക്ക് പടക്കം പൊട്ടിച്ചു... അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. ആ കാലം എങ്ങോട്ടുപോയ്മറഞ്ഞു?