ര്‍മകളെ നെഞ്ചില്‍ നിന്നടര്‍ത്തി നിവര്‍ത്തി മണക്കുമ്പോള്‍ കാലത്തിന്റെ ഒറ്റവാതില്‍പ്പൊളി ചാരിനിന്നാരോ ഗതകാലങ്ങളുടെ ഉള്ളറകളിലേക്ക് കൈമാടി വിളിക്കും. മധ്യവേനലവധിക്കാല തിമര്‍പ്പില്‍ തോന്നിയത് കാട്ടി നടക്കുമ്പോഴാകും കൂട്ടത്തില്‍ മുന്‍പേ നടക്കുന്ന ഏതെങ്കിലും ഒരുത്തന്‍ അപ്രതീക്ഷിതമായ പടക്ക ശബ്ദംകൊണ്ട് വിഷുക്കാലത്തിന്റെ വരവറിയിക്കുക. വിഷു എത്താന്‍ ദിവസമേറെയുണ്ടെങ്കിലും പിന്നെയങ്ങ് വിഷു ഒരുക്കങ്ങളാണ്, വിഷു എത്തും വരേയും. 

വിഷുവിനെന്ന പേരും പറഞ്ഞ് വാങ്ങിക്കൂട്ടുന്ന പടക്കങ്ങള്‍ മുതിര്‍ന്നവര്‍ കണ്ടും കാണാതെയും പൊട്ടിക്കാന്‍ മിടുക്കനാണനിയന്‍. പടക്കത്തോടുള്ള എന്റെ കടുത്ത പേടി ശരിക്കുമറിയുന്നതിനാലവന്‍ കോമ്പല പടക്കം പോലും ഒന്നിച്ചു പൊട്ടിക്കാതെ ഓരോന്നോരോന്നായി അടര്‍ത്തിയെടുത്ത് പൊട്ടിക്കും. ഓരോ പൊട്ടലിനുമൊപ്പം എന്റെ ഹൃദയം 'ഝക്' എന്നു ഞെട്ടിച്ചാടി പൊട്ടുന്നതായിരുന്നു അവന്റെ ഹരം. അവന്‍ വാങ്ങിക്കൂട്ടുന്ന ഓലപ്പടക്കങ്ങളുടെ എണ്ണമായിരുന്നു എന്റെ മറ്റൊരാധി. 

പൊട്ടാസ് എന്നൊരു സാധനം കൊണ്ടുള്ള ശല്യം വേറെയും. ഇത്തിരി വെടിമരുന്ന് കടുകുമണിപോലെ പറ്റിച്ചുവെച്ച പൊട്ടാസിന്റെ ചുവന്ന നാട കളിത്തോക്കില്‍ തിരുകിവെച്ച് എനിക്ക് പിന്നില്‍ പതുങ്ങിനിന്നും പിന്നെ നേര്‍ക്കുന്നേരെ പച്ചയ്ക്ക് നിന്നും പൊട്ടിച്ച് വിഷുക്കാലങ്ങളില്‍ എന്നെയവന്‍ ദയാരഹിതമായി കൊല്ലാക്കൊല ചെയ്യും. എന്റെ പാവം ഹൃദയം വിഷുക്കാലം കഴിയുമ്പോഴേക്കും ഞെട്ടിച്ചാടിഞെട്ടിച്ചാടി ഒരു പരുവമാകും. അതിജീവനശേഷി കൊണ്ടും മാത്രം രക്ഷപ്പെട്ടു പോരുന്ന ഒന്ന്.

കുസൃതിക്ക് കുട്ടികളെ തോല്‍പ്പിക്കുന്ന അമ്മമ്മയാവട്ടെ മുറ്റത്ത് സ്വസ്ഥമായിരുന്ന് പൊട്ടാസിന്റെ ചുവന്ന നാട നീട്ടിപ്പരത്തി വെച്ച് കല്ലുകൊണ്ട് താളത്തില്‍ കുത്തിപ്പൊട്ടിക്കും. കരിങ്കല്ലുമായുള്ള ഘര്‍ഷണത്തില്‍ അത്ര ചെറുതല്ലാത്ത ശബ്ദമുയര്‍ത്തി, മിന്നാമിന്നി തിളക്കമുതിര്‍ത്ത് ആ ഇത്തിരി നുള്ള് വെടിമരുന്ന് പൊട്ടിത്തെറിക്കുമ്പോള്‍ അനിയനോട്  തോറ്റ കലി ഞാന്‍ അമ്മമ്മയോട് തീര്‍ക്കും. ആക്രമണോത്സുകതയോടെ പൊട്ടാസ് പിടിച്ചെടുത്ത് വീട്ടിലെല്ലാവരും വിവിധ സന്ദര്‍ഭങ്ങളില്‍ പലയാവര്‍ത്തി അമ്മമ്മയോട് ചോദിച്ച ചോദ്യം സകല കലിപ്പോടെയും ഞാന്‍ ചോദിക്കും. 'ങ്ങക്ക് പ്രായമെത്രെയായീന്നാ വിചാരം?'പ്രായമാവുക എന്ന ഗുരുതരകുറ്റം ചെയ്ത ആ 'കുറ്റവാളി' എനിക്ക് നേരെ മുഖം കോക്രിച്ച് കാട്ടി പതുക്കെ അനിയന്‍ വെയിലത്ത് ഉണക്കാനിട്ട പടക്കശേഖരത്തിനടുത്തേക്ക് നടക്കും. 

മിന്നുന്ന കടലാസ് തൊട്ട് എന്തിനോടും കൗതുകം തോന്നുകയും കൗതുകം തോന്നുന്നതെല്ലാം സ്വന്തമാക്കി സൂക്ഷിക്കുകയും ചെയ്തിരുന്ന അമ്മമ്മയുടെ ആ പോക്ക് പരത്തിയിട്ട പടക്കങ്ങളില്‍ കൗതുകം തോന്നുന്ന ഐറ്റങ്ങള്‍ അടിച്ചു മാറ്റാനാണ്. പിന്നെ, വിഷുക്കാലമൊക്കെ കഴിഞ്ഞ് ഏതെങ്കിലുമൊരു മുഷിഞ്ഞ ദിവസത്തില്‍ പടക്കം വിദൂര സ്വപ്നസാധ്യതകളില്‍പ്പോലും ഇല്ലാത്ത സന്ധ്യകളില്‍, അമ്മമ്മ അടിച്ചുമാറ്റിയ പടക്കങ്ങളുമായെത്തും. വെടിമരുന്നിന്റെ വീര്യമൊക്കെ നശിച്ച് തണുത്തുറഞ്ഞ അത് കത്തിപ്പിടിക്കാതെ തീയില്‍ പിറുപിറുത്ത് കരിഞ്ഞൊടുങ്ങുമ്പോള്‍ ഞങ്ങള്‍ സംഘം ചേര്‍ന്ന് അമ്മമ്മയ്ക്ക് എതിരെ തിരിയും. 'വേണ്ട സമയത്ത് കത്തിക്കാന്‍ തരാണ്ട് ഒക്കെ നശിപ്പിച്ചപ്പൊ തൃപ്തിയായില്ലേ?!'എന്നിട്ടുമെന്നിട്ടും എല്ലാ വിഷുക്കാലങ്ങളിലും അമ്മമ്മ പടക്കങ്ങള്‍ അടിച്ചുമാറ്റി ഒളിപ്പിക്കുകതന്നെ ചെയ്തു.

വാഴയിലയില്‍ പൊതിഞ്ഞ കൊന്നപ്പൂ 

പാമ്പു ഗുളിക എന്നൊരിനം മാത്രമായിരുന്നു എനിക്കിഷ്ടം. തീ കൊടുത്താല്‍ മൂക്ക് നീറുന്ന തീക്ഷ്ണ വെടിമരുന്ന് ഗന്ധമുതിര്‍ത്ത് അത് പാമ്പിനെപ്പോല്‍ പുളഞ്ഞു കത്തി ഉയരും. കത്തിതീര്‍ന്നാലും അതങ്ങനെ നില്‍ക്കും. വിരലുകൊണ്ടു ഒന്നു തൊട്ടാല്‍ കരിഞ്ഞ പഞ്ഞിക്കട്ടപ്പോലെ ഉടഞ്ഞു വീഴും പാമ്പ്. ഞങ്ങളെക്കാള്‍ കൂടുതല്‍ പടക്കം പൊട്ടിച്ച അയല്‍പക്കത്തെ കൂട്ടുകാരനെ അവനറിയാണ്ടെ വെല്ലുവിളിച്ച് എനിക്ക് മുന്നിലാളാവും അനിയന്‍. 'അടുത്ത വിഷൂന് നെനക്ക് ഞാന്‍ കാണിച്ച് തരണ്ട്.' അയല്‍പക്കത്തിരുന്നവന്‍ തൊടുത്തു വിടുന്ന റോക്കറ്റിനങ്ങള്‍ ഉന്നം തെറ്റിയെന്ന മട്ടില്‍, കൃത്യമായ ഉന്നത്തോടെ ഞങ്ങളുടെ മുറ്റത്ത് വന്ന് വീഴുന്നത് അനിയന് വല്യനാണക്കേടായിരുന്നു. 

'കണ്ടോടത്ത് പോയി വീഴ്ണ കുണ്ടാമണ്ടികളൊന്നും ഇവിടെ വേണ്ടെന്ന' അമ്മയുടെ കടുത്ത നിലപാടുകാരണം റോക്കറ്റും ഗുണ്ടുമൊക്കെ അനിയന് അപ്രാപ്യമായിരുന്നു. അവന്റെ കിട്ടാക്കനികളായ റോക്കറ്റും ഗുണ്ടും കൈകാര്യം ചെയ്യുന്ന കൂട്ടുകാരന്റെ ധൈര്യത്തെ പ്രതികാരബുദ്ധിയോടെ ഞാന്‍ പ്രശംസിക്കുമ്പോള്‍ അവന്റെ കാല്‍ എനിക്ക് നേരെ പൊങ്ങും. അവന്‍ എന്നോടു ചെയ്യുന്ന പടക്കശല്യത്തിന്റെ ചൊരുക്ക് ഉള്ളിലിട്ടൊരു കാരണംകാത്തുനില്‍ക്കുന്ന എന്റെ കൂര്‍ത്ത നഖങ്ങള്‍ അവന്റെ ദേഹം മാന്തിപ്പൊളിക്കും. കിനിയുന്ന ചോര അവന്റെ വീറ് കൂട്ടും. പടക്കം പൊട്ടുന്ന ഒച്ചയില്‍ അമ്മയുടെ കൈയില്‍നിന്നും രണ്ടാള്‍ക്കും രണ്ട് കിട്ടുംവരേയും തുടരും ആ അങ്കം!

അങ്ങനെയിരിക്കുന്നതിനെടേല്‍ ഒരു ദിവസം ശരിക്കും വിഷു എത്തും. പിന്നെയാകെ ധൃതിയാണ്. അമ്മയെ സോപ്പിട്ട് അനിയന്‍ വീണ്ടും പടക്കം വാങ്ങാനോടും. ഞാനും അമ്മമ്മയും പൂക്കുല വീഴാതെ കൊന്നപ്പൂ പറിച്ച് വാഴയിലയില്‍ പൊതിഞ്ഞു വെക്കും. പറമ്പില്‍ ചുറ്റി നടന്ന് കണിവെക്കാന്‍ തട്ടുകേടില്ലാത്ത ചക്കയും മാങ്ങയും കോവയ്ക്കയും പറിക്കും. അനിയന്‍ ഉച്ചവെയില്‍ മുഴുവന്‍ കൊള്ളിച്ച് പടക്കങ്ങളെ തീ കണ്ടാല്‍കത്തും പരുവത്തില്‍ ഉണക്കും. രാത്രിയാണ് കണിയൊരുക്കുക. വലിയ ഓട്ടുരുളിയില്‍ അരി നിറയ്ക്കാനും കണിവെള്ളരിയും ചക്കയും മാങ്ങയുമൊക്കെ സ്ഥാനം നോക്കി വെക്കാനും കൃഷ്ണവിഗ്രഹവും കസവുവേഷ്ടിയും മംഗല്യത്തട്ടും സംഘടിപ്പിക്കാനും ഞങ്ങളും മണ്ടിപ്പായും. കണിക്ക് ചുറ്റിപറ്റി നില്‍ക്കുന്ന ഞങ്ങളൊന്ന് കിടന്ന് കിട്ടാന്‍ വേണ്ടി 'ഇത്രേ ഉള്ളൂ ഇനി പോയി കിടന്നോ' എന്നും പറഞ്ഞ് കണിയൊരുക്കം അവസാനിപ്പിക്കും സൂത്രക്കാരി അമ്മമ്മയും സഹായി അമ്മയും. ഇനി വിഷുപുലര്‍ച്ചയ്ക്കുള്ള കാത്തുകിടപ്പാണ്. 

രാവിലെ, എവിടെ നിന്നെങ്കിലും കേള്‍ക്കുന്ന ആദ്യ പടക്ക ശബ്ദത്തില്‍ ഞെട്ടിച്ചാടി ഉണര്‍ന്ന്, ആരെങ്കിലും കണ്ണുപൊത്തി കണികാണിക്കാന്‍  കൊണ്ടുപോകാന്‍ വരുന്നതും കാത്തുകിടക്കും. കണ്ണുപൊത്തിയ അമ്മയുടെ നേര്‍ത്തു മെലിഞ്ഞ വിരലുകളെ പറ്റിക്കാന്‍ എളുപ്പമാണെങ്കിലും കള്ളത്തരം കൊണ്ടൊരു തുടക്കം വേണ്ടെന്ന തോന്നലിനാല്‍ 'ഇനി തുറന്നോ' എന്ന അനുമതി കിട്ടും വരെ കണ്ണു തുറക്കില്ല. കണ്ണു തുറന്നാല്‍ ഏതോ ദൈവീക ലോകത്തെത്തിയ പ്രതീതിയാല്‍ ആകെ അന്തം വിടും. തലേന്ന് കണ്ട തണുത്താറിയ വിഷുക്കണി, ഇപ്പോഴിതാ നാളികേരമുറിയിലെ എണ്ണത്തിരിയുടെ രക്താഭപ്രകാശമേറ്റ് അഗ്‌നിയെ വെല്ലുന്ന തീക്ഷ്ണപ്രഭയില്‍ ജ്വലിക്കുന്നു. 

പൂത്തുലഞ്ഞു നില്‍ക്കുന്ന മഞ്ഞക്കൊന്ന പൂക്കുലകള്‍ക്കിടയിലൂടെ എന്റെ പച്ചക്കല്‍ പതക്കമണിഞ്ഞ കാര്‍വര്‍ണന്‍ പാതിവിരിഞ്ഞ ചിരിയോടെ കണ്‍മുനയാല്‍ കള്ളനോട്ടമെറിഞ്ഞ് വേണു വായിക്കുന്നതെന്തു ഭംഗി! അച്ഛന്റെ കട്ടിസ്വര്‍ണമോതിരമിട്ട കോവയ്ക്ക, വാല്‍ക്കണ്ണാടിയേയും കസവുമുണ്ടിനേയും ചുറ്റിപിണര്‍ന്നൊഴുകി കിടക്കുന്ന മുല്ലമാല. വെള്ളിക്കോപ്പയില്‍ നാണയങ്ങള്‍, തലേന്ന് കാണാത്ത പലതും വിസ്മയതുണ്ടുകളായി തിളങ്ങുന്നു കണിയില്‍. കണിക്ക് പിന്നില്‍വെച്ച നിലകണ്ണാടിയില്‍ കൃഷ്ണനോട് ചേര്‍ന്ന് പ്രതിബിംബിക്കുന്ന ഞാന്‍! മറ്റാരെയോ കാണുംപോലെ, നോക്കീട്ടും നോക്കീട്ടും മതിവരാത്ത അവിശ്വസനീയത!

കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ

പ്രഭാതക്കുളിരില്‍ ചന്ദനത്തിരിയുടെ അഭൗമഗന്ധത്തിലാറാടി അഗ്‌നിവര്‍ണത്തില്‍ മുങ്ങിയങ്ങനെ ഇരിക്കുമ്പോള്‍ ഈ വര്‍ഷം മുഴുവനും ശുഭമെന്ന പ്രതീക്ഷയില്‍ ഉള്ളുനിറയും. അതല്ല, ഇനി മറിച്ചാണെങ്കിലും ഒരു കൈ നോക്കാമെന്ന ആത്മവിശ്വാസവും. അത്ര ഗംഭീരമായിരുന്നു ഞാന്‍ കണ്ട, എന്നെ കാട്ടിത്തന്ന ഓരോ വിഷുക്കണിയും. മണ്ണിനോടും കൃഷിയോടും തനതുകാല വിളകളോടും അഭേദ്യബന്ധം പുലര്‍ത്തുന്ന വിഷുവും വിഷുക്കണിയും വിഷുപ്പാട്ടുമെല്ലാം ജീവിതം നമുക്ക് മുന്നില്‍വെക്കുന്ന ശുഭപ്രതീക്ഷകളാണ്. 

കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ തിടുക്കം കൈനീട്ടത്തിനാണ്. മിതവ്യയം പാലിച്ച് ജീവിക്കുന്ന അച്ഛന്റെ കൈനീട്ടത്തില്‍ കാര്യമായ പ്രതീക്ഷ ഉണ്ടാവില്ല. കിട്ടിയതായി എന്നല്ലാണ്ട്. ആ 'കോട്ടം' അമ്മ തീര്‍ത്തോളണം എന്ന ഭീഷണിമണമുള്ള അപ്രഖ്യാപിത നിയമം ഞങ്ങള്‍ അമ്മയെക്കൊണ്ട് അനുസരിപ്പിച്ചിരുന്നു. ഇനിയുള്ള നടപടി വീട്ടിലുള്ള ബാക്കി മുതിര്‍ന്നവരെ മുമ്പൊരിക്കലുമില്ലാത്ത വിധം ബഹുമാനിക്കലാണ്. അതില്‍ വീഴാത്തവര്‍ക്ക് മുന്നില്‍ ഉളുപ്പില്ലായ്മയുടെ  മന്ദഹാസം പൊഴിച്ച് 'കിട്ടീലാട്ടൊ' എന്ന് സൂചിപ്പിക്കും. ഞങ്ങളെക്കൊണ്ട് ശരിക്കൊന്ന് നയിപ്പിച്ചിട്ടേ അമ്മമ്മ വിഷുക്കൈനീട്ടം പുറത്തെടുക്കൂ.

തിരിച്ചറിവില്ലാക്കാലങ്ങളില്‍ വിഷുക്കൈനീട്ടത്തിന്റെ എണ്ണക്കൂടുതലായിരുന്നു സന്തോഷിപ്പിച്ചിരുന്നതെങ്കില്‍, അറിവിന്റെ കളങ്കം തൊട്ടുതുടങ്ങിയതോടെ മനസ്സതിന്റെ മൂല്യത്തിലേക്ക് കണ്ണുനട്ടു. വിഷുക്കൈനീട്ടമെന്നത് ഞങ്ങള്‍ക്ക് ചില്ലറക്കാര്യമല്ല. ഒരു കൊല്ലത്തേക്കുള്ള അന്തസ്സുള്ള  ചെലവുകാശാണത്. അത്യാവശ്യഘട്ടങ്ങളില്‍ കൊള്ളപ്പലിശയ്ക്കപ്പുറമുള്ള പലിശ പറഞ്ഞുറപ്പിച്ച് അമ്മയ്ക്കും അമ്മമ്മയ്ക്കും കടം കൊടുക്കും. എത്ര പലിശ തന്നാലും അത് മൊതല് തൊടുന്നില്ല എന്നാവുന്നതോടെ പിന്നെ സഹായക്കാശുമായി ചെല്ലുന്ന ഞങ്ങള്‍ക്ക് നേരെ അവര്‍ കൈകൂപ്പും ''വേണ്ട, നിന്റെ കാശ് കൈയില്‍ വെച്ചോ, വല്ല ബ്ലേഡ് അണ്ണാച്ചിയോടും വാങ്ങിക്കോളാം. അതാവുമ്പം ഒരു ചെറിയ മാനംമര്യാദയൊക്കെ കാണും.''

കണിയും കൈനീട്ടവും കഴിഞ്ഞാല്‍ അതിപുലര്‍ക്കാലമുറ്റമൊരു പൂരപ്പറമ്പാവും. പൊട്ടലും ചീറ്റലും കത്തലും മിന്നലും അയല്‍പ്പക്കത്തെ പൊട്ടലിന് മറുപടി കൊടുക്കലും തിരിച്ചുകിട്ടലും. പൂക്കുറ്റി കത്തുന്നതുപോലും ജനല്‍ച്ചില്ലുമറയിലൂടെയെ ഞാന്‍ കാണൂ. ഒരിക്കലൊരു പൂക്കുറ്റി കത്തിത്തീരാറായ നേരത്ത് പൊട്ടിത്തെറിച്ചൊരുനുഭവത്താല്‍. രാവിലെ മുറ്റമടിക്കുമ്പോള്‍ പ്രാകിപ്പോകും. അത്രയ്ക്കുണ്ടാവും പൊട്ടിച്ചിതറിയ വെടിമരുന്ന് പൊഴിച്ചിട്ട കടലാസുതോലുകള്‍. കരിഞ്ഞ പൂത്തിരിക്കമ്പികള്‍, ഒഴിഞ്ഞ പൂക്കുറ്റികള്‍, ചക്രങ്ങള്‍, മത്താപ്പുകോലുകള്‍ അങ്ങനെയങ്ങനെ...

ആണ്ടൊന്ന് കറങ്ങിത്തിരിഞ്ഞുവരുമ്പോള്‍

ഓണംപോലെ വിഷുവിന് ഗംഭീര സദ്യയൊന്നുമുണ്ടാവില്ല. എന്നാ ഒരുതരത്തിലാലോചിച്ചാല്‍ വിഭവങ്ങള്‍ക്ക് ഗംഭീരമൊട്ട് കുറവില്ലതാനും. മാമ്പഴപ്പുളിശ്ശേരി, ചക്കക്കൂട്ടാന്‍, ചക്കവറുത്തത്, ചക്കപ്പായസം, ഇഞ്ചിക്കറി, ഉപ്പേരി, പപ്പടം ഇത്യാദി. പിന്നെ, അന്നേദിവസം മനസ്സ് പറയുന്ന ആര്‍ഭാടത്തിനനുസരിച്ച് അവിയലോ ഓലനോ എരിശ്ശേരിയോ മറ്റോ...

മണിപ്പേഴ്‌സിന്റെ കനം കൂടുമെന്നുറപ്പുള്ളതിനാല്‍ ഉച്ചകഴിഞ്ഞുള്ള ബന്ധുഗൃഹസന്ദര്‍ശനത്തിനുള്ള വെമ്പല്‍ ചില്ലറയല്ല. പിറ്റേന്ന് കാശെണ്ണി കണക്കാക്കി ഇത്തവണ വിഷു പൊടിപൊടിച്ചുവെന്നോ, കഴിഞ്ഞയത്ര ഗംഭീരമല്ലെന്നോ വിലയിരുത്തി, ഇനിയും വിഷുവരുമല്ലോ എന്ന ആശ്വാസത്തില്‍ തത്കാലം വിഷുക്കാലത്തിന് ഷട്ടറിടും. ആഘോഷങ്ങള്‍ ആഘോഷമായിത്തന്നെ ആഘോഷിക്കണമെന്ന അമ്മയുടെ നിര്‍ബന്ധത്തിന് പിന്നില്‍ നമ്മളിലൂടെയത് വരുംതലമുറയ്ക്ക് മധുരമയമാം ഓര്‍മയാകണമെന്നതായിരുന്നു. അനുഭവസമ്പന്നവും സര്‍വസ്വതന്ത്ര്യവുമായ അലഞ്ഞുതിരിച്ചിലിന്റെ കുട്ടിക്കാലം കൈയിലില്ലാത്ത എന്റെ മക്കള്‍ എത്ര കണ്ട് വിഷു ഉള്‍ക്കൊള്ളുന്നുവെന്നറിയില്ല. ഉള്‍ക്കൊള്ളലുകളുടെ ആഴം കുറഞ്ഞാലും ചിട്ടവട്ടങ്ങള്‍ തെറ്റിക്കാതെ ആഘോഷക്കാലങ്ങളിലൂടെ അവരെ എനിക്കൊപ്പം നടത്തുന്നത് എന്നിലൂടെ അവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ഒരു സംസ്‌കാരത്തിന്റെ ജീവനാണെന്ന അറിവുകൊണ്ടുതന്നെയാണ്. തലമുറകളില്‍നിന്ന് പകര്‍ന്നുകിട്ടിയ വിഷുക്കാലം തലമുറകളിലേക്ക് പകരുമ്പോള്‍ നേര്‍ത്ത് മെലിയാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചതും അതുകൊണ്ടുതന്നെ.

ആണ്ടൊന്ന് കറങ്ങിത്തിരിഞ്ഞുവരുമ്പോള്‍ എന്തെന്നും ആരെന്നും ആര്‍ക്കറിയാം എന്നു പറഞ്ഞിരുന്ന അമ്മമ്മയും ആഘോഷങ്ങള്‍ മതിവരാത്ത ജീവിതപങ്കാളിയും ഒരു വിഷുക്കാലം ഒടുവിലേത്തെതെന്നറിയാതെ ആഘോഷിച്ച് ജീവിതത്തിന്റെ പടിയിറങ്ങിപ്പോയി, ഞങ്ങളുടെ നിറമില്ലാത്ത വേദനാഭരിതമായ വിഷുക്കാലങ്ങള്‍ക്ക് തുടക്കമിട്ട്. മരണശേഷം അമ്മമ്മ നിധിപോലെ കൈവിടാതെ കാത്ത പെട്ടി തുറന്നപ്പോള്‍ മിന്നുന്ന കടലാസിനും റിബണുകള്‍ക്കും വളപ്പൊട്ടുകള്‍ക്കും വാസനസോപ്പിനും പൊട്ടിയ ചന്തക്കുടുക്കുകള്‍ക്കും ഒപ്പം ഒരു കൂട് പൊട്ടാസും കമ്പിത്തിരിയും മത്താപ്പും തണുത്തുറഞ്ഞ് കിടന്നിരുന്നു. ഏതൊക്കെയോ വിഷുവിന് അടിച്ചുമാറ്റിയത്. വിഷു വരുന്നു, പൂത്തുലഞ്ഞ കൊന്നയുടെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യവുമായ്! പിന്നെ മടങ്ങുന്നു, ചിതറിക്കൊഴിഞ്ഞ പൂക്കുലകള്‍കൊണ്ട് ചിലതൊക്കെ ഓര്‍മിപ്പിച്ച്.

Content Highlights: Vishu Memories, Vishu 2018, Hindu Ritual, kerala Hinduism