പുലര്‍കാല നിലാവ് മയങ്ങുന്നു കിഴക്കേ ഗോപുരനടയില്‍. അകത്ത് ശംഖനാദവും നാദസ്വരവും മുഴങ്ങി. ഭഗവാന് പള്ളിയുണരുകയാണ്. ഗോപുരവാതില്‍ തുറന്നപ്പോഴേ കണ്ടു, വാകച്ചാര്‍ത്തില്‍ കുളിച്ചുനില്ക്കുന്നു കണ്ണന്. കണ്ണുകളില്‍ കുസൃതിയുടെ നിഴലാട്ടം. കണ്ണനെ തൊഴുതുകൊണ്ട് തിരക്കിനിടയിലൂടെ ഇറങ്ങി വന്നു രാജശ്രീ വാര്യര്‍.
''ഭഗവാനെക്കാണാന്‍ തോന്നുമ്പോഴൊക്കെ ഞാനിങ്ങോട്ട് ഓടിയെത്തും. ഇവിടെയിരിക്കുമ്പോള്‍ എന്നിലൊരുപോസിറ്റീവ് എനര്‍ജി നിറയുന്നുണ്ട്'' അവതാരകയും പാട്ടുകാരിയും നര്‍ത്തകിയുമായ രാജശ്രീ വാര്യരുടെ മുഖത്ത് പ്രസാദംനിറഞ്ഞു. അവര്‍ കണ്ണനുമുന്നില്‍ വീണ്ടും കൈകൂപ്പി നിന്നു. ഇടയ്ക്ക് ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങളെക്കുറിച്ച് രാജശ്രീയൊരു കഥപറഞ്ഞു. ''വലിയ ജന്മിയുടെ മകളായിരുന്നു രാധ. ജനിച്ച സമയത്ത് അവള്‍ക്ക് കാഴ്ചയുണ്ടായിരുന്നില്ല. രാധക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് കൃഷ്ണന് ജനിക്കുന്നത്. യശോദ കണ്ണനെയും കൊണ്ട് രാധയുടെ പിറന്നാള്‍ ആഘോഷത്തിന് പോവുകയാണ്. രാധയെക്കണ്ടപ്പോള്‍ കൃഷ്ണന് മുഖത്ത് ചെറുതായൊന്ന് തലോടിയത്രേ. അത്ഭുതം. അപ്പോളവള്‍ക്ക് കാഴ്ച തിരികെക്കിട്ടി. ആദ്യം കണ്ണനെ കാണാന്‍ വേണ്ടിയിട്ടാണത്രേ അതുവരെ രാധ അന്ധയായത്. കൃഷ്ണന് നമ്മുടെ ജീവിതത്തിലും പ്രകാശം ചൊരിയാനെത്തും. എനിക്കനുഭവമാണത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നപ്പോഴൊക്കെ ഞാനിങ്ങോട്ട് ഓടിപ്പോരാറുണ്ട്്. ശരിയായൊരു കാഴ്ച തരൂ എന്നുപറയും. എപ്പോഴും അത് കിട്ടിയിട്ടുമുണ്ട്.''
പുറത്ത് ഭക്തരുടെ കടല്‍ വലുതായിക്കൊണ്ടിരുന്നു. മഞ്ഞച്ചേല ചുറ്റിയ അമ്മയുടെ ഒക്കത്തിരുന്ന് ഒരു കുഞ്ഞ് 'കൃഷ്ണന്' കൊച്ചരിപ്പല്ലുകാട്ടി ചിരിച്ചു. പിന്നെ അടുത്തുകണ്ട തൂണിലേക്ക് ചാടിക്കയറി. അവനെ വാരിയെടുത്ത് കൊണ്ട് അമ്മ മഞ്ചാടിക്കുരു വാരിക്കാന്‍ പോയി.'ഉണ്ണിക്കണ്ണന്മാരുടെ വികൃതിമാറ്റാനുള്ള വഴിയാണ് മഞ്ചാടിക്കുരു വാരിക്കല്‍' കണ്ടുനിന്നൊരാള് കഥ പറഞ്ഞു.
പ്രണയിനികളാം ഗോപികമാര്‍
അകത്ത് വാകച്ചാര്‍ത്ത് കഴിഞ്ഞു. ഇനി ശീവേലിയാണ്. ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് ഭഗവാന് നേരില്‍ കാണുകയാണ്. ശീവേലി എഴുന്നള്ളിപ്പിന് ഗജരാജന്‍ തിടമ്പുമായി വന്ന് ഭഗവാനുമുന്നില്‍ മുട്ടുകുത്തുന്നു. അതുകാണാന്‍ വാതില്‍മാടം കടന്നൊഴുകുന്ന പുതിയ 'ഗോപികമാര്‍'. അവരുടെ മുടിക്കെട്ടില്‍ നിന്ന് മുല്ലമുത്തുകള് പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. പൂമണംപരന്നുകിടക്കുന്ന പടിഞ്ഞാറേ നട.
രാജശ്രീയും കണ്ണനുമുന്നിലൊരു പ്രണയിനിയായിനിന്നു. 'സ്ത്രീകളുടെയെല്ലാം സങ്കല്പലോകത്തിലെ ഏകപുരുഷനല്ലേ കൃഷ്ണന്. പണ്ടുളളവര്‍ പറയും. കൃഷ്ണനെ ഒരുപാട് ഭജിക്കരുതെന്ന്. ഭജിച്ചാല്‍ കൃഷ്ണന് എല്ലാവരില്‍ നിന്നും അകറ്റിക്കളയുമത്രേ. പക്ഷേ ഭഗവാന്റെ സാന്നിധ്യം നമ്മുടെ കൂടെയുണ്ടെങ്കില്‍ വേറൊരാളെന്തിനാ. ഒരു പുരുഷന്റെ തന്റേടത്തോടെ ജീവിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട് എനിക്ക്. ഇപ്പോള്‍ സ്ത്രീയെന്ന തോന്നലുണ്ടാകുന്നത് ഇവിടെയെത്തുമ്പോഴാണ്. ഇവിടെയെത്തുമ്പോഴേ എനിക്ക് തലയില്‍ പൂവെക്കണമെന്ന് തോന്നാറുള്ളൂ. ഇതൊരു ഭ്രാന്തായിരിക്കും. പക്ഷേ ഈ ഭ്രാന്ത് എനിക്കൊരു സന്തോഷം തരുന്നുണ്ട്. കൃഷ്ണനെനിക്കൊരു പുരുഷചൈതന്യം തന്നെയാണ്. ഈയൊരു ശക്തിക്ക് മുന്നില്‍ ഞാന്‍ ശരിക്കുമൊരു അടിമയാണ്'' അവരുടെ കണ്ണുകളില്‍ ഭക്തി തുളുമ്പിനിന്നു.
കണികാണും നേരം
വിഷുവിന്റെ മഞ്ഞവെയില്‍ പരന്നുവീഴുന്നു നാലമ്പലമുറ്റത്ത്. തൊട്ടുമുന്നിലെ മതില്‍ക്കെട്ടിനരികില്‍ പൂത്തുനില്ക്കുന്ന കണിക്കൊന്നകള്‍. മനസ്സ് കാണിക്ക വെച്ചു ഭഗവാനില്‍ത്തന്നെ മനസ്സര്‍പ്പിച്ചിരിക്കുന്ന ഭക്തര്‍. 'വിഷുദിനത്തില്‍ പാതിരാനേരത്ത് രണ്ടരക്കാണ് നടതുറക്കുക. അതും കാത്ത് ക്ഷേത്രമതിലിനുള്ളില്‍ തമ്പടിച്ചിരിക്കും. ഓരോ പുതുവര്‍ഷത്തിലും ആദ്യം കണ്ണനെ കണികാണണം.'മാല കോര്ത്തെടുക്കുന്നതിനിടയില് കുന്ദംകുളത്തുകാരനായ ഭാര്ഗവപണിക്കര് ഓര്‍മിപ്പിച്ചു. തിടപ്പള്ളിയില്‍ ഭഗവാനുള്ള നിവേദ്യമൊരുങ്ങുന്നു. ഇഷ്ടപ്പെട്ട പാല്പ്പായസംതിളച്ചുവരുന്നു.
''ഭഗവാനെ കാണാനുള്ള ആദ്യവരവ് ആറാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു. അന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ വന്നതാണ് .ദശാവതാരം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കറണ്ടുപോയി. ഭയങ്കരസങ്കടമായി. എന്നിട്ടും കളിതുടര്‍ന്നു. അത്ഭുതം, കൃഷ്ണാവതാരമെത്തിയപ്പോള് കറണ്ടുവന്നു. അപ്പോള്‍ ടീച്ചര്‍മാരൊക്കെ പറയുകയാണ്. കണ്ടില്ലേ ഭഗവാന്റെ ഇഷ്ടക്കൂടുതലെന്ന്. ഇതൊക്കെ മനസ്സില്‍ ചില ബന്ധങ്ങളുണ്ടാക്കും. ഒപ്പം ആത്മവിശ്വാസവും. കൃഷ്ണന് എനിക്കൊരു ഉറപ്പാണ്.
എന്റെ എല്ലാനൃത്തങ്ങളും ആദ്യം ഇവിടെയാണ് അവതരിപ്പിക്കാറ്. അതൊരു നല്ല തുടക്കമാവാറുണ്ട്്. നല്ലൊരു നൃത്തംചെയ്യുമ്പോഴൊക്കെ എനിക്ക് കൃഷ്ണനെ തൊടാനാവും. ആ ഒരു ഉന്മാദത്തിനുവേണ്ടിയാണ് ഞാന്‍ നൃത്തം ചെയ്യുന്നത് തന്നെ. അതെനിക്ക് കിട്ടാറുമുണ്ട്.'' പഴയൊരു നൃത്തകാലം ഓര്‍ത്താവാം രാജശ്രീ ഭഗവാനുമുന്നില്‍ വീണ്ടും ചുവടുകള്‍ വെച്ചു. അത് കണ്ടിട്ടാവണം 'ദെ ന്തൂട്ടാ' എന്ന കൗതുകത്തോടെ കുറെ 'ഗഡി ' കള്‍ ചുറ്റും കാഴ്ചക്കാരായി. ഒരു ചുവടിന്റെ ഇടവേളയില്‍ രാജശ്രീയില്‍ നിന്നൊരു ഗീതം ഒഴുകിവീണു.
'ഹരിനാമകീര്‍ത്തനം പാടി ഞാനിന്നെന്റെ,
ഗുരുവായൂരപ്പന്റെ തിരുമുന്നില്‍,
ഹരിപത്മദളം ചൂടി മണിമുരളികയൂതി,
മമ മുന്നില്‍ നിന്നുനീ,
കൃഷ്ണകമലങ്ങള് ചൂടിയെന്‍ മനം തെളിഞ്ഞു.....' ഞാനാദ്യം പഠിച്ച പാട്ടാണിത്. അമ്മ മടിയിലിരുത്തി പാടിപ്പഠിപ്പിച്ച പാട്ട്. നഴ്സറിയിലെ മത്സരത്തിനുപാടാന് വേണ്ടിയായിരുന്നു.'' അവര്‍ കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ മുങ്ങിനിവര്‍ന്നു
അകത്തുനിന്ന് ഇടയ്ക്കയുടെ ശബ്ദം, പിന്നാലെ അഷ്ടപദിയുടെ മേളം. ഉച്ചപൂജയ്ക്കുസമയമായി. ഇനി നടയടയ്ക്കുകയാണ്. ഭഗവാന്റെ മുന്നില്‍ ഭക്തര്‍ വീണ്ടും കാത്തിരിപ്പുതുടങ്ങി. അവര്‍ക്കിടയിലേക്ക് അകലെ 'മഞ്ജുളാലില്‍' നിന്നൊരുകാറ്റ് ഒഴുകിയെത്തി. ഭക്തിയില്‍ ലയിച്ചുചേര്‍ന്ന മഞ്ജുളയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട്....
പരമഭക്തയായിരുന്നു മഞ്ജുള. ഒരിക്കല്‍ അവള് ദേവന് ചാര്‍ത്താന്‍ മാല കൊണ്ടുവന്നപ്പോഴേക്കും നട അടച്ചിരുന്നു. പെണ്‍കുട്ടി വാവിട്ടുകരഞ്ഞു. ഇതുകണ്ട പൂന്താനം പറഞ്ഞത്രേ. 'കുട്ടി വിഷമിക്കേണ്ട, ഭഗവാന് സര്‍വവ്യാപിയാണ്. മാല ആലിനുചുവട്ടിലെ കല്ലില്‍ വെച്ചോളൂ.' മാല ഭഗവാന്റെ മാറിലണിഞ്ഞെന്ന വിശ്വാസത്തോടെ പെണ്‍കുട്ടി മടങ്ങി. പിറ്റേന്ന് മേല്‍ശാന്തി അമ്പലത്തിനകത്തെ വിഗ്രഹത്തിലെ മാലകള്‍ മാറ്റിയിട്ടും മാറ്റിയിട്ടും തീരുന്നില്ല. അപ്പോള്‍ പൂന്താനമാണ് പെണ്‍കുട്ടിയുടെ കാര്യം ഭക്തരോട് പറഞ്ഞത്. അതുകേട്ടപ്പോള്‍ അരയാല്‍ പരിസരത്തെത്തിയ ഭക്തര്‍ ഭഗവാനെ വാഴ്ത്തിപ്പാടിയെന്നാണ് വിശ്വാസം.അന്നുമുതല്‍ ആലിന് പെണ്‍കുട്ടിയുടെ പേരായി.
ദീപാരാധനാ നേരമായ്
നാലമ്പലത്തിനുചുറ്റുമുള്ള മരത്തണലില്‍ ഒറ്റയ്ക്കിരിക്കുന്ന യുവതികള്‍. അവര്‍ക്കരികിലിരുന്നു രാജശ്രീ. ''ഇവിടെ വന്നിരുന്നാല്‍ ആരും എണീറ്റുപോകാന്‍ പറയില്ല. വേറെ അമ്പലത്തില്‍ പോയിരുന്നുടെയെന്ന് ചോദിക്കാം, എന്റെ പുരുഷന് ഇവിടെയിരിക്കുമ്പോള്‍ ഇവിടെത്തന്നെ വരണമെന്നുതോന്നും. അങ്ങനെയൊരുതരം ഇഷ്ടമുണ്ട് കൃഷ്ണനോട്. ഇവിടുത്തെ കൃഷ്ണന് വേറെന്തോ ആണ്. സങ്കല്പങ്ങളും സ്വപ്നങ്ങളുമൊക്കെ വേണ്ടേ നമുക്ക് ജീവിക്കാന്‍. അങ്ങനെയൊരു സങ്കല്പലോകത്തിലാണ് ഞാനിന്ന് ജീവിക്കുന്നത്'' . ഭക്തമാനസങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന കണ്ണനെ അവര്‍ വീണ്ടും കൈകൂപ്പി. അരികിലെ കടയില്‍നിന്നൊരു പാട്ട് മുഴങ്ങിയെത്തി...'തൊഴുതിട്ടും തൊഴുതിട്ടും കൊതിതീരുന്നില്ലല്ലോ കണ്ണാ....'
വീണ്ടും നട തുറക്കുന്നു. ഒറ്റവസ്ത്രം തറ്റുടുത്തുകൊണ്ട് മേല്‍ശാന്തി ശ്രീകോവിലില്‍നിന്ന് ഇറങ്ങിവന്നു. ഭഗവാന്റെ തിടമ്പെഴുന്നള്ളിച്ച് ഗജരാജന്‍ മൂന്നുവട്ടം പ്രദക്ഷിണം ചുറ്റി. അനുഗ്രഹവര്‍ഷം തേടി ഭക്തര്‍ കണ്ണടച്ചുപ്രാര്‍ത്ഥിച്ചു.
എന്നെനോക്കി ചിരിക്കുന്ന കണ്ണന്
''ഗുരുവായൂര്‍ അമ്പലത്തിനകത്തൊരു പ്രത്യേകസ്ഥലമുണ്ട്. അവിടെനിന്നാല്‍ കൂടുതല്‍ എനര്‍ജി കിട്ടും. വളരെക്കാലമായി വരുന്ന ആള്‍ക്കാര്‍ക്കൊക്കെ ആ സ്ഥലം അറിയാം. അവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്. എനിക്കവിടെ എപ്പോഴും നില്ക്കാന്‍തോന്നും. അതിലൂടെ നടക്കുമ്പോള്‍ എനിക്ക് ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയാനായിട്ടുണ്ട്.'' രാജശ്രീ വാര്യര്‍ പറയുന്നു.
നമുക്ക് എറ്റവും വേണ്ടപ്പെട്ട ഒരിടത്തേക്ക് വരുന്നപോലെയാണ് ഗുരുവായൂര്‍. നമ്മുടെ തറവാട്ടിലേക്കൊക്കെ പോവുന്നതരത്തിലുള്ള ബന്ധം. അതെപ്പോഴുണ്ടായെന്ന് അറിയില്ല. എന്റെ പ്രായത്തിനൊപ്പം അതുംവളരുന്നേയുള്ളൂ. അതപ്പോഴൊക്കെ എന്റയുള്ളില്‍ കൂടുതല്വന്ന് നിറയുന്നുവോ അപ്പോഴൊക്കെ കൂടുതല്‍ സന്തോഷം തോന്നും. ആ അനുഗ്രഹം കിട്ടുമ്പോള്‍ ചുറ്റുമെന്ത് നടന്നാലും അതെന്നെ ബാധിക്കുന്നില്ല. നമുക്ക് തൊടാന്‍ പറ്റുന്ന ദൈവമാണ് കൃഷ്ണന്. ഇപ്പോള്‍ ജീവിക്കുന്ന ലോകത്തുതന്നെ നമുക്ക് സന്തോഷവും സമാധാനവും കണ്ടെത്താം എന്നു പ്രതീക്ഷ തരുന്ന ആള്.
കണ്ണടച്ചിരിക്കുന്ന ഒരാളെയല്ല എപ്പോഴും എന്നെ നോക്കിചിരിക്കുന്ന ഒരാളെയാണ് എനിക്കിഷ്ടം. എന്റെ സങ്കടങ്ങളില്പോലും എന്നെ ആശ്വസിപ്പിക്കണം. അതാണ് എന്റെ കൃഷ്ണന്. ഒറ്റയ്ക്കാണ് ഇവിടെ കൂടുതല്‍ വരുന്നത്. കണ്ണനെ കാണാന്‍ വേറെയാരും കൂടെ വരുന്നത് എനിക്കിഷ്ടമല്ല. ഇവിടെ വന്ന് വെറുതെയിരുന്നാലും മതി. ഒരുദിവസം മുഴുവന്‍ അങ്ങനെ ഇരുന്നിട്ടുണ്ട്.
വീട്ടിലെല്ലാവരും നന്നായി കഥ പറയുന്നവരായിരുന്നു. ചെറുപ്പത്തില്‍ അങ്ങനെയുള്ള കഥകള്‍ കേട്ടാണ് വളര്‍ന്നത്. കഥകളെ പുരാണസങ്കല്പങ്ങള്ക്കപ്പുറം പറഞ്ഞുതരും. അങ്ങനെയാണ് കൃഷ്ണനെയും പലരീതിയില്‍ സങ്കല്പിക്കാന് പറ്റുന്നത്. വളരുമ്പോള്‍ എന്റെ കളിക്കൂട്ടുകാരനായിരുന്നു കണ്ണന്. കൗമാരത്തിലെത്തുമ്പോള്‍ പുരുഷസങ്കല്പമായി. കാമുകനായി തോന്നും. ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നപ്പോള്‍ ആശ്രിതവത്സലനായി ഈ ഭഗവാന്.
സുഗതകുമാരിയുടെ അഭിസാരിക എന്ന കൃഷ്ണകവിതയില്ലേ. അതില്‍ മനസ്സുകൊണ്ട് കൃഷ്ണനിലേക്ക് ഓടിയെത്തുന്ന ഒരു സ്ത്രീയാണ്. എല്ലാ കെട്ടുപാടുകളുമുള്ള ഒരു സ്ത്രീ. അവര്‍ കൃഷ്ണനെ കാണാന്‍ പോവുന്ന വഴിയെത്ര ദുര്‍ഘടമാണ്. അത് ശരിക്കുമൊരു വൈകാരികയാത്രയാണ്. അതേപോലെ വൈകാരികമാണ് എന്റെയീ യാത്രകളും.''
Content Highlights: Vishu Memories, Rajasree Warrier, Vishu 2018, Spirituality,