ശ്വര്യപൂർണമായൊരു വർഷത്തിലേക്കുള്ള പ്രതീക്ഷയാണ് വിഷു. വിഷുവാഘോഷത്തിൽ ഏറ്റവും പ്രധാനം വിഷുക്കണി തന്നെ. പ്രതീക്ഷയുടെ പൊൻകണിയാണത്. വരുംവർഷത്തിന്റെ നൻമകളിലേക്കാണ്, നിറവിലേക്കാണ് വിഷുക്കണി വാതിൽതുറക്കുന്നത്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കേണ്ടത്. ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ, ചിത്രത്തിന്റെയോ മുന്നിലാകണം കണിവയ്ക്കേണ്ടത്. ഓട്ടുരുളിയിൽ പകുതിയോളം ഉണക്കലരി നിറയ്ക്കും. ഉണക്കലരിയും നെല്ലും ചേർത്ത് നിറയ്ക്കണമെന്നാണ് സങ്കൽപ്പം. ഇതിൽ സ്വർണനിറത്തിലുള്ള കണിവെള്ളരിയും നാളികേരമുറി, ചക്ക, മാങ്ങ, മാമ്പഴം, കദളിപ്പഴം എന്നിവയും വാൽക്കണ്ണാടിയും വയ്ക്കും. ചിലർ നാളികേരമുറിയിൽ എണ്ണയൊഴിച്ച് തിരി കത്തിക്കാറുണ്ട്.

ഉരുളിയോട് ചേർന്ന് താലത്തിൽ അലക്കിയ കസവു മുണ്ട്, ഗ്രന്ഥം, വെറ്റിലയിൽ നാണയം, പഴുക്കടയ്ക്ക എന്നിവ വയ്ക്കും. സ്വർണം, കുങ്കുമച്ചെപ്പ് എന്നിവയുമുണ്ടാകും. കണിക്കൊന്നകൊണ്ടാണ് കൃഷ്ണവിഗ്രഹവും ഓട്ടുരുളിയുമെല്ലാം അലങ്കരിക്കുക. ഓട്ടുരുളിക്കടുത്തായി തെളിച്ചുവയ്ക്കുന്ന നിലവിളക്കിന്റെ വെളിച്ചത്തിലാണ് കണി കാണേണ്ടത്. ഓട്ടുകിണ്ടിയിൽ വെള്ളവും വയ്ക്കും. നിലവിളക്കിന്റെ നിഴൽ കൃഷ്ണവിഗ്രഹത്തിൽ വീഴാത്ത തരത്തിലായിരിക്കണം. കണികണ്ട് തൊഴുതശേഷം ഉരുളിയുടെ അരികിൽപ്പിടിച്ച് കണി മുഴുവനായി കാണണം.

തേച്ചുമിനുക്കിയതായിരിക്കണം നിലവിളക്കും ഉരുളിയുമെല്ലാം. കിഴക്ക് ദർശനമായി നിന്നാണ് കണി കാണേണ്ടത്. കുടുംബനാഥയോ മറ്റു മുതിർന്ന അംഗങ്ങളോ ആണ് എല്ലാവരെയും വിളിച്ചുണർത്തുക. കണ്ണ് പൊത്തിപ്പിടിച്ച് കണിക്ക്‌ മുന്നിൽ കൊണ്ടുവരും. തുടർന്ന് വെള്ളംതൊട്ട് കണ്ണുകൾ നനച്ച് കണികാണിക്കും. ബ്രാഹ്മമുഹൂർത്തത്തിൽ വിഷുക്കണി കാണണമെന്നാണ് മുതിർന്നവർ പറയുന്നത്.  വീട്ടിലുള്ള എല്ലാവരും വിഷുക്കണി കാണണമെന്നത് പണ്ട് നിർബന്ധമായിരുന്നു. ഇതിനുശേഷം പാടത്തെ നെൽച്ചെടികളെയും വീട്ടുവളപ്പിലുള്ള മരങ്ങളെയും തൊഴുത്തിലെ കാലികളെയുമെല്ലാം കണി കാണിക്കും.