പനസം എന്നേ ചക്കയെ വിഷുവിന്റന്ന് വിളിക്കാവൂ എന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്താ കാരണമെന്ന് ചോദിച്ചാല്‍ അമ്മക്കറിയുകയുമില്ല. അപ്പോ വിഷുവിന്റന്ന് പ്ലാവിനെ എന്ത് വിളിക്കും എന്നും ചോദിച്ചാലും അമ്മക്കറിയില്ല
വിഷുസദ്യയില്‍ ചക്കയാണ് താരം. ചക്കവറുത്തത്, ചക്കത്തോരന്‍, ചക്കക്കുരുവും, മാങ്ങയും, ചക്കമടലും ചേര്‍ന്ന ചക്കഅവിയല്, ചക്ക മൊളോഷ്യം, ചക്കപ്പായസം അങ്ങനെയൊരു ചക്കമയം. ചക്കപ്പുഴുക്കിന് അന്നൊരു അവധികൊടുക്കും.
വിഷുസദ്യ ഉണ്ണുമ്പോള്‍ സംസാരിക്കാന്‍ പാടില്ലത്രേ. അഥവാ നിവൃത്തിയില്ലാതെ സംസാരിക്കേണ്ടി വന്നാല്‍ അത് മലയാളത്തില്‍ പാടില്ല, സംസ്കൃതത്തിലേ ആകാവൂത്രേ. അതും അമ്മപറഞ്ഞ കഥയാണ്. പണ്ടൊരാള്‍ക്ക് വിഷുസദ്യ ഉണ്ടുകൊണ്ടിരുന്നപ്പോള്‍ വേലക്കാരിയായ ചക്കി പത്തായത്തില്നിന്നും നെല്ല് മോഷ്ടിക്കുന്ന കാര്യം അയാളുടെ അമ്മയെ അറിയിക്കേണ്ടിവന്നു. മൂപ്പര്ക്കാവട്ടെ സംസ്കൃതം അത്രവശമില്ലതാനും.
പാവം മനുഷ്യന് സംസ്കൃതം മലയാളീകരിച്ച് ഇങ്ങനെ പറഞ്ഞത്രേ ' പനശി (പനസം - ചക്ക , പനശി - ചക്കി ), ദശായാം (ദശം - പത്ത് , ദശായാം - പത്തായം ) പാശി (പാശം - കയറ് , പാശി കയറി) )....ബുദ്ധിമതിയായ 'അമ്മ കാര്യം ഗ്രഹിച്ചു ചക്കിയെ കയ്യോടെ പിടികൂടിയത്രെ.
ചക്കയേക്കാളും, പനസത്തേക്കാളും എനിക്കിഷ്ടം ശ്രീലങ്കക്കാര്‍ വിളിക്കുന്ന പിലാപ്പഴമെന്ന പേരാണ്. പിലാവും , പിലാപ്പഴവും പ്രാസഭംഗികൊണ്ടാവാം ഇമ്പമുള്ള പേരുകളായി തോന്നാറുള്ളത്.
അമ്മയുടെ പനസക്കഥ കേട്ടപ്പോള്‍ ദ്രാവിഡ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന അച്ഛന് പറഞ്ഞു 'വിഷുവൊരു ദ്രാവിഡ ആഘോഷാണ്. അതില്‍ സംസ്കൃതത്തിനും, ബ്രാഹ്മണ്യത്തിനുമൊന്നും സ്ഥാനമില്ലാട്ടോ. മിക്കയിടത്തും വിഷുസദ്യക്ക് മാംസഭക്ഷണമുണ്ടല്ലോ. നമ്മുടെ നാട്ടില്‍തന്നെ ചില വീടുകളില്‍ പോര്‍ക്കിറച്ചി വിഷുവിന് പതിവല്ലേ. വിളവിറക്കുന്നതിനോട് അനുബന്ധിച്ചുള്ള ആചാരങ്ങളായ, ചാലിടീലും, കൈക്കോട്ടുചാലും വിഷുവിന് ചെയ്യുന്നത് കണ്ടിട്ടില്ലേ. അതൊക്കെ ദ്രാവിഡ കാര്‍ഷീക സംസ്കാരത്തിന്റെ ഭാഗാണ്. വിഷുക്കണിയില്‍ കണ്ണാടിയാണ് ആദ്യകാലങ്ങളിലൊക്കെ കൃഷ്ണവിഗ്രഹത്തിനു പകരം ഞാന്‍ കണ്ടിട്ടുള്ളത്'
പ്രവാസലോകത്തും ധാരാളം കണിക്കൊന്നമരങ്ങളുണ്ട്. പക്ഷേ കാലംതെറ്റിപൂക്കുന്ന അവയൊന്നും വിഷുവിന് കണിപ്പൂക്കള്‍ തരില്ല...മലയാളികളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് മാളുകളില്‍ വാടിത്തളര്‍ന്നു കിടക്കുന്ന ഏതാനും മൊട്ടുകള്‍ വാങ്ങിയാണ് കണിയൊരുക്കുക. കൊന്നപ്പൂവിനോടു സാമ്യംപുലര്ത്തുന്നൊരു പൂവും വഴിയോരങ്ങളില്‍ കണ്ടിട്ടുണ്ട്. ചിലരൊക്കെ അതാവും കണികാണാന്‍ ഉപയോഗിക്കുക.
ബാച്ചിലര്‍ റൂമുകളില്‍ ഒട്ടേറെപ്പേര്‍ പൊതുവായി ഉപയോഗിക്കുന്ന കിച്ചണില്‍ കണിയൊരുക്കിവെച്ചിട്ട് രാത്രിഷിഫ്റ്റില്‍ ജോലിക്കുപോയിരിക്കുന്നവരെ വിളിച്ചുപറയണം, പാതിരാത്രി ജോലി കഴിഞ്ഞ് വരുമ്പോ കണിയൊരുക്കാന്‍ വെച്ചിരിക്കുന്ന സാധനങ്ങള്‍ എടുത്തടിക്കരുതേയെന്ന്. കണികാണാന്‍ ഒരുക്കി വെച്ചിരിക്കുന്നതാണ് ട്ടാ ഭായീന്ന്.
പശുക്കിടാങ്ങളുടെ കണ്ണില്‍ തെളിയുന്ന വിഷുക്കണിയാണ് വിഷുവോര്മ്മകളിലും ആദ്യം തെളിയുന്നത്. പുലര്‍ച്ചേ ഉറക്കച്ചടവോടെ പിടഞ്ഞെഴുന്നേറ്റ് പകച്ചുനോക്കുന്ന അവയുടെ കണ്ണില്‍ ഈ ചെക്കന് ഇതെന്തിന്റെ കേടാ എന്നൊരു ആശ്ചര്യവും നിഴലിക്കുന്നുണ്ടാവും.
അതോടെ തൊഴുത്തിനകത്ത് നിന്നും അമ്മപ്പശുക്കളും, ആട്ടിന്കൂട്ടവുമെല്ലാം ചാടിയെഴുന്നേല്‍ക്കുന്ന തുടര്ശബ്ദങ്ങള് കേള്‍ക്കാം ...കനത്ത ഇരുട്ടില്‍ അവതമ്മില്‍ കൂട്ടിയിടിക്കും, പിന്നെ അമ്പരപ്പോടെ ഓട്ടുരുളിയിലെ വിഷുക്കണിയിലേക്ക് ഉറ്റു നോക്കും. തലേ രാത്രിയില്‍ പടക്കങ്ങളുടെ സ്ഫോടനശബ്ദങ്ങളും, ഇരുട്ടില്‍ ചിന്നിചിതറുന്ന മിന്നല്പിണരുകളും കണ്ട് ഭയന്ന് തീരെ ഉറങ്ങിയിട്ടുണ്ടാവില്ലെങ്കിലും, എല്ലാറ്റിന്റെയും കണ്ണുകളിലുണ്ടാവും വിഷുക്കണിയുടെ പ്രതിഫലനത്തിന് ഓരംചേര്ന്നൊരു അത്ഭുതഭാവം.
ഞെട്ടിപ്പിടഞ് ചാടിയെഴുന്നേറ്റ കന്നുകാലികള്‍ മൂത്രമൊഴിക്കുന്നതിന്റെയും , ചാണകമിടുന്നതിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം, അതിന്റെയൊക്കെ രൂക്ഷഗന്ധം , ഓട്ടുരുളിയിലെ എണ്ണയും, അരിയും, തേങ്ങയും ചേര്‍ന്ന് കരിയുന്ന ഗന്ധത്തിനൊപ്പം ചേരുമ്പോള്‍ വിഷുവിന്റെ മണമായി. അതിന്റെ കൂടെ മഞ്ഞില്‍ പുതഞ്ഞ കരിമരുന്നിന്റെ ഗന്ധം കൂടികലരുമ്പോളത് വിഷുവിന്റെ മാത്രം മണമായി ചൂഴ്ന്ന് നില്ക്കും.
കൈസറെന്ന വളര്‍ത്തു നായയെ മാത്രം അമ്പരപ്പിക്കാനാവില്ല. അവന് പടക്കങ്ങളോടുള്ള പേടി മൂലം രണ്ടുദിവസത്തേക്ക് വീടിന്റെ പരിസരങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കും. ഏതെങ്കിലും കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് മൂപ്പരും ഇതൊക്കെ കാണുന്നുണ്ടാവും ...അധികം ദൂരെപോവാന് ധൈര്യമില്ലാത്തവനാ .
അമ്മക്ക് നിര്‍ബന്ധമാണ്, വീട്ടിലുള്ളവര്‍ കണികണ്ടുകഴിഞ്ഞാല്‍, പിന്നെ പശുക്കളെയും, ആടുകളെയും, പട്ടിയേയും, പൂച്ചയേയും, കോഴികളെയും, താറാവുകളെയുമൊക്കെ വിഷുക്കണി കാണിക്കണമെന്ന്.
അത് കഴിഞ്ഞാല്‍ പിന്നെ വീടിന്റെ നാലു ദിക്കിലേക്കും നീട്ടിപ്പിടിച്ചു പ്രകൃതിയെ കാണികാണിക്കും , മരങ്ങളെയും, ചെടികളെയും കാണിക്കാണിക്കും. അപ്പോഴേക്കും ഓട്ടുരുളിയും, അതിലെ ഫലധാന്യങ്ങളുടെ ഭാരവും ചേര്‍ന്ന് കയ്യുകളെ കഴപ്പിക്കും.

പടക്കമാണ് എപ്പോഴും വിഷുവിന്റെ പ്രതീക്ഷകള്‍. അതിനുള്ള പണം കണ്ടെത്താന്‍ കശുവണ്ടി പെറുക്കി വിറ്റും, കുറുന്തോട്ടിയുടെയും, കൊടിത്തൂവയുടെയും വേര് പറിച്ച് ഉണക്കി വിറ്റും, മരോട്ടിക്കുരു വിറ്റും കുറച്ച് തുകയൊക്കെ കരുതിവെച്ചിട്ടുണ്ടാവും.
പിന്നെ തികയാത്തത് കൊന്നപ്പൂ പറിച്ച് ചുറ്റുവട്ടങ്ങളിലൊക്കെ കൊടുക്കുന്നതുകൊണ്ട് കിട്ടുന്ന വിഷു കൈനീട്ടത്തില്‍ നിന്നെടുക്കും. എല്ലാവരും കൃഷിക്കാരായതുകൊണ്ട് ഇന്നത്തെപ്പോലെ പണമൊന്നും കാര്യമായിട്ട് ആരുടെ കയ്യിലും ഉണ്ടാവില്ല. അതുകൊണ്ട് വിഷുകൈനീട്ടവും ഒന്നോ രണ്ടോ നാണയതുട്ടുകളില്‍ ചുരുങ്ങും.
വിഷുസദ്യയുണ്ട് വൈകിട്ട് പുഴയില്‍ നീന്തിത്തുടിക്കാന്‍ പോകുന്ന പോക്കില്‍ കുറച്ചു പടക്കങ്ങള്‍ കയ്യില്‍ കരുതും...പാടത്തും, തോട്ടിറമ്പിലുമുള്ള കൊറ്റികളേയും, കുളക്കോഴികളെയും, മാക്രികളെയും, പരല്മീനുകളെയും പടക്കമെറിഞ്ഞു ഭയപ്പെടുത്തും....കരിമ്പനയിലും, അരയാലിലും പാര്‍ക്കുന്ന അസംഖ്യം കടവാതിലുകള്‍ ഭയാനകമായൊരു ശബ്ദമുയര്‍ത്തി പറന്നകലും.
വിഷു നമുക്ക് രസകരമാണെങ്കിലും പക്ഷിമൃഗാദികള്‍ക്ക് ഭയപ്പാടിന്റെ ദിനരാത്രങ്ങളായിരുന്നെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.
(ഖത്തറില്‍ സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ലേഖകന്‍. Mail : sunilperumbavoor@gmail.com)
Content Highlights: Vishu 2018, Vishu Memories, Sunil Perumbavoor