ഷാർജയിൽ നിന്ന് എന്റെ ഗ്രേറ്റ് ഗ്രാൻഡ് അനന്തരവൻ ഏഴു വയസ്സുകാരൻ വാസു സ്കൈപ്പിൽ എന്നെ നോക്കി ഗൗരവമായി ചോദിച്ചു. ‘ബുക്കറപ്പൂപ്പാ, വിഷൂന് ഓൺലൈനിൽ വിഷുക്കൈനീട്ടം അലൗഡ് ആണോ ?’ഞാൻ ഒന്നു പതറിയെങ്കിലും അടുത്ത ചോദ്യത്തെ മുരടിലെ നുള്ളിക്കളയാനായി തടയിട്ടു.

‘നോ, കൈനീട്ടം കോയിനായിരിക്കണം. പണ്ടൊക്കെ ഒരു പണം, സിൽവർ കോയിൻ ആയിരുന്നു  അപ്പൂപ്പന്റെയൊക്കെ കുട്ടിക്കാലത്ത് കിട്ടുമായിരുന്നത്. കോയിൻ ഓൺലൈനായി അയയ്ക്കാൻ പറ്റില്ലല്ലോ.’ വാസു സമ്മതിച്ചു.  ഭാഗ്യം. കേരളത്തിലെ സാമ്പത്തികവ്യവസ്ഥ നിലനിർത്തുന്ന ഹവാല സുഹ്യത്തുക്കൾ ഇന്നുവരെ വിഷുക്കൈനീട്ടത്തിൽ സഹായം നൽകുന്നതായി കേട്ടിട്ടില്ല.  മലയാളിയുടെ മാത്രം സ്വന്തമായ രണ്ട് ആചാരങ്ങളാണ് എഴുത്തിനിരുത്തും വിഷുക്കൈനീട്ടവും. ഞാൻ ചരിത്രവും ഗൂഗിളും ഏറെ അന്വേഷിച്ചു.

ലോകത്ത് മറ്റൊരു പ്രദേശത്തും കുട്ടികളുടെ വിജ്ഞാനത്തിന്റെയും സമ്പത്തിന്റെയും ലോകത്തിലേക്കുള്ള കാൽവയ്പ്, അക്ഷരവും പണവും മുൻ തലമുറ കൈമാറുന്ന ചടങ്ങ്, അർത്ഥവത്തായ, മനോഹരമായ സങ്കൽപ്പം ഇല്ല.  അക്ഷരവും പണവും ജാതിമത വ്യത്യാസങ്ങൾക്കതീതമായ മനസ്സിന്റെയും  ശരീരത്തിന്റെയും സിംബലുകളാണ്. ശരിക്കും മലയാളിയുടെ കേരളം ഗോഡ്‌സ് ഓൺ കൺട്രി തന്നെയാണ്.

 വിഷു നോക്കൂ;  പുതു വർഷപ്പുലരി. ഇത് മതമുണ്ടാക്കിയ ജനുവരി ഒന്നോ രാജാവുണ്ടാക്കിയ ചിങ്ങം ഒന്നോ അല്ല. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു നേരെ മുകളിൽ വരുന്ന ദിവസമാണ്. അന്ന് രാപകലുകൾ സമമാണ്. പത്തു ദിവസം മുമ്പായിരുന്നു പണ്ട് വിഷു. ഇപ്പോഴത് മേടം ഒന്നായി. സാരമില്ല. നമുക്ക് മേടം ഒന്നു മതി. വഴക്കിടേണ്ട.

വിഷുവിന് ഉറക്കമുണർന്നാൽ കണിയാണ് പ്രധാനം. അന്ന് കണി കാണേണ്ടത് നമ്മുടെ ആവശ്യങ്ങളുടെ പ്രതിരൂപങ്ങളെയാണ്. നമ്മുടെ പ്രധാനമന്ത്രി മോദിജി അതി സൂക്ഷ്മതയോടെ എല്ലാ ഇന്ത്യക്കാരനും മനസ്സിലാകുന്ന കക്കൂസും യോഗയും കഴിഞ്ഞ് ഭക്ഷണവുമായി ബന്ധപ്പെട്ട വിപ്ലവത്തിന് കാലമായി എന്നു തീർച്ചയാക്കിയപ്പോൾ അതിന് ടൊമാറ്റോയും ഉള്ളിയും ഉരുളക്കിഴങ്ങുമാണ് തിരഞ്ഞെടുത്തത്. ഇവയുടെ ഹിന്ദിപ്പേരുകൾ തമാത്തറും പ്യാജും ആലൂവും ഇംഗ്ലീഷിലാക്കിയപ്പോൾ സംഭവം കൊഴുത്തു. മോദിസ്റ്റൈലായി.

ടൊമാറ്റോ, ഒണിയൻ, പൊട്ടറ്റോ. അവയുടെ  ആദ്യക്ഷരങ്ങൾ. ടിഒപി.  അവ ചേർത്തപ്പോൾ എഴുതിയതു പോലെ വായിക്കാനറിയാത്ത ഇംഗ്ലീഷ് ഭാഷയിലായതിനാൽ ടോപ്പ് ആയി. താളം കിട്ടി. അർത്ഥം വന്നു. കമ്യൂണിക്കേഷൻ ഇഫക്ടീവ്.
ഇത്തവണത്തെ കേന്ദ്രസർക്കാരിന്റെ ഇരുപത്തഞ്ചു ലക്ഷം കോടി രൂപയുടെ ബജറ്റിൽ അയ്യായിരം

കോടിയുടെ വിഹിതമേ ടോപ്പിന് നൽകിയിരുന്നുള്ളൂവെങ്കിലും മീഡിയയ്ക്ക് ബജറ്റ് ടോപ്പാണെന്ന്‌ പറയേണ്ടിവന്നു.  പക്ഷേ മലയാളിയുടെ അടുത്ത് ഈ പരിപാടി നടപ്പില്ല.  മലയാളിയുടെ സ്വന്തം ഒന്നും ഈ ടോപ്പിലില്ല. ടോപ്പിനേക്കാൾ ടോപ്പാണ് നാം. ഒന്നു നോക്കൂ. നമ്മുടെ ആവശ്യമെല്ലാം നാം വിഷുദിനത്തിന് കണി കണ്ട് അടുത്ത വർഷത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാനായി ഒരുക്കിയിട്ടുണ്ട്.  

നോക്കൂ, എന്തൊക്കെയാണ് വിഷുപ്പുലരിയിൽ കണി കാണാനായി ഒരുക്കുന്നത്.  പച്ചക്കറികൾ ചക്ക, വെള്ളരിക്ക, മാങ്ങ. ഒപ്പം ഒരു തുറന്ന പാത്രത്തിൽ കാണാൻ പാകത്തിൽ വെള്ളം. കഞ്ഞിയോ ചോറോ ആണ് നമ്മുടെ പ്രധാന ഭക്ഷണം. അതിനുവേണ്ട അരി. പിന്നെ മലയാളി ശുഭ്രവസ്ത്രധാരിയാണ്. അതിന് വേണ്ടുന്ന ഉടുക്കാനുള്ള അലക്കിയ വസ്ത്രം. പ്രകൃതിയുടെ ഭംഗി കാട്ടുന്ന അന്നേക്കു വിരിയുന്ന കൊന്നപ്പൂവ്. സമ്പത്തിന്റെ തിളക്കം കാട്ടുന്ന സ്വർണം. എന്നിട്ട് ആരാണ് താൻ എന്ന് കാണാനായി വാൽക്കണ്ണാടി. ബെൽജിയം കണ്ണാടികൾക്കു മുമ്പേ ഇവിടെ ഉണ്ടായിരുന്ന ആറന്മുളക്കണ്ണാടി.  

ഇവയെല്ലാം ബ്രാഹ്മമുഹൂർത്തത്തിലെ ഇരുട്ടിന്റെ അവസാന വിനാഴികകളിലാണ് നാം കാണുന്നത്. ആ ഇരുട്ട് മാറ്റാനായി കത്തിച്ച നിലവിളക്കും.  ഓരോ ഐറ്റവും സൂക്ഷിച്ചു പരിശോധിച്ചു നോക്കൂ. മാനവ സംസ്കൃതിയുടെ ഉദാത്തവും അർത്ഥപൂർണവുമായ ഈ രീതിയിലുള്ള സിംബലുകൾ വേറെ ഏതു സമൂഹത്തിനുണ്ട്. ഇതിനെല്ലാം അപ്പുറമായി രസകരമായ ഒന്നു കൂടിയുണ്ട്. ഇക്കൊല്ലം ആകെ തനിക്കു മോശമായാൽ ധൈര്യമായി കൊല്ലാവസാനമാകുമ്പോൾ സമാധാനിക്കാം. ഇത് എന്റെ കുറ്റമല്ല. ഇത്തവണത്തെ വിഷുക്കണി മോശമായിരുന്നു. എന്തു ചെയ്യാനാ, ഇനി അടുത്ത വിഷുവിന് കെയർഫുൾ ആകാം.

എനിക്ക് ഒരു പതിവുണ്ടായിരുന്നു. വടക്കെഇന്ത്യയിൽ നിന്ന് നാല്പതു കൊല്ലം മുമ്പ് എറണാകുളത്ത് ജോലിയായി വന്ന കാലത്ത് തുടങ്ങിയതാണ്. വിഷുക്കൈനീട്ടം കൊടുക്കുക. സർക്കാർ ജോലിയിൽ നിന്ന് െവാളന്ററി റിട്ടയർ​െമന്റെടുത്ത് പിന്നീട് പൈക്കോയിലും സാഹിത്യ അക്കാദമിയിലും വീക്ഷണത്തിലും എല്ലാം ഇടവിട്ട് ജോലിയായിരുന്നപ്പോഴും ഈ പതിവു തുടർന്നു. എന്നേക്കാൾ പ്രായം കുറഞ്ഞ എല്ലാ സഹപ്രവർത്തകർക്കും വിഷുക്കൈനീട്ടം കൊടുക്കും. ജാതിമതഗ്രേഡ് ഭേദമെന്യേ. എഴുപത്തഞ്ചു വയസ്സായപ്പോൾ തീർച്ചപ്പെടുത്തി. ഇനി ഓഫീസിൽ പോയി ജോലി ചെയ്യുന്ന പണി നിർത്തുക. അതിനു ശേഷം മുഴുവൻ സമയഎഴുത്തുകാരനായി മാറിയപ്പോഴും ഈ പതിവു എനിക്കു മാറ്റാൻ കഴിഞ്ഞില്ല. വിഷുക്കൈനീട്ടം നൽകുക എന്റെ സൈക്കോയുടെ ഭാഗമാണ്. മലയാളി എന്ന എന്റെ തലമുറയുടെ സ്വത്വത്തിന്റെ ഭാഗം.

പക്ഷേ എനിക്ക് ഞാനെത്ര ആഗ്രഹിച്ചാലും ശ്രമിച്ചാലും തിരിച്ചുകൊണ്ടുവരാൻ പറ്റാത്ത വിഷുവിന്റെ ഒരു ഭാഗമുണ്ട്. പത്തു കൊല്ലം മുമ്പു വരെ ഞാൻ താമസിച്ചുകൊണ്ടിരുന്ന കൊച്ചി നഗരമദ്ധ്യത്തിൽത്തന്നെ വിഷുവിന് ഒന്നു രണ്ടാഴ്ച മുമ്പ് ഒരു സൗണ്ട് ഓഫ് മ്യൂസിക്ക് മുന്നറിയിപ്പ് അലാറം വരുമായിരുന്നു. ദാ വിഷു വരുന്നു. ഞാനെത്തി. വിഷുപ്പക്ഷിയാണ്. ദേശാടനക്കുയിൽ.
മലയാളിയെ വസന്തവിഷുവെത്തി എന്നറിയിക്കുന്ന ഉത്തരായണപ്പക്ഷി. കതിരുകാണാക്കിളി എന്നും

സ്വർഗവാതിൽപ്പക്ഷിയെന്നും കവികൾ പാടുന്ന മലയാളിയുടെ സ്വന്തം പ്രവാസി ഫ്രൺഡ്‌.  ഇപ്പോൾ ആള് വരാതായി. ഞാൻ കാത്തിരിക്കുകയാണ്. ഈ വരികൾ ടൈപ്പു ചെയ്യുന്ന പുലർവേളയിലും യു ട്യൂബിലൂടെയല്ലാതെ ആ ഈണം കേൾക്കാൻ. അതു കേട്ടാലേ എന്റെ വിഷു പൂർണമാകൂ.
   ഒന്നു ചൊല്ലി നോക്കൂ.
   ചക്കയ്ക്കുപ്പുണ്ടോ ?
   അച്ഛൻ കൊമ്പത്ത്.
   കള്ളൻ ചക്കേട്ട്.
ഹാപ്പി വിഷു. എല്ലാവർക്കും അടിപൊളി വിഷുഫലം നേരുന്നു.