വാടുന്നില്ല, കൊഴിയുന്നില്ല, പറിക്കാൻ മരവും കയറേണ്ട. ഇത്തവണയും വിഷുവിന് കണിവെയ്ക്കാൻ ചൈനീസ് പൂക്കൾ റെഡി. മലയാളികളുടെ റെഡിമെയ്ഡ് വിഷുവിന്റെ വരവറിയിച്ചാണ് കടകളിൽ ചൈനീസ് പൂക്കൾ സജീവമാകുന്നത്.

വിവിധ വലിപ്പത്തിലുള്ള ‘ചൈനീസ് പ്ലാസ്റ്റിക് കണിക്കൊന്നകൾ’ കടകളിൽ ലഭ്യമാണ്. വലുപ്പം കുറഞ്ഞ പൂക്കൾക്ക് 30 രൂപ മുതൽ വിലയുണ്ട്. നീളവും പൂക്കളുടെ എണ്ണവും കൂടുന്നതിനനുസരിച്ച് വിലയിലും വ്യത്യാസം വരും. മീഡിയം വലുപ്പമുള്ളവയ്ക്ക് 50 രൂപ, 90 രൂപ എന്നിങ്ങനെയാണ് മൊത്തവില.

ഏറ്റവും വലുപ്പമുള്ളതിന് 120 രൂപ വില വരും. ഫെബ്രുവരിയിൽതന്നെ പൂക്കൾ നഗരത്തിലെ വിവിധ കടകളിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു. ഒറ്റത്തവണ കാശുകൊടുത്തു വാങ്ങിയാലും പുനരുപയോഗിക്കാം എന്നതിനാൽ ഒട്ടേറെ ആളുകളാണ് ചൈനീസ് പൂക്കൾ തേടി കടകളിലെത്തുന്നത്.

വിഷു കഴിഞ്ഞാലും വീട്ടിൽ അലങ്കാരമായും ഉപയോഗിക്കുന്നവരുണ്ട്. ഓരോ വർഷം കൂടുമ്പോഴും ആവശ്യക്കാരേറുകയാണ്. വ്യാഴാഴ്ചയായതോടെ കടകളിലെ ചൈനീസ് പൂക്കളുടെ സ്‌റ്റോക്കുകൾ തീർന്നുവെന്ന് കച്ചവടക്കാരും പറയുന്നു. എന്നാൽ കൃത്രിമപ്പൂക്കൾ പരിസ്ഥിതിക്കു ദോഷമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.