കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി വീടുകളിലാണ് പ്രധാനമായും വിദ്യാരംഭം കുറിക്കുക.ചടങ്ങിന് പൊതുവായി പാലിക്കുന്ന രീതി ചുവടെ.

ഒരുക്കേണ്ടത്: നിലവിളക്ക്, തിരി, എണ്ണ, വയമ്പ്, തേന്‍, ത്രിമധുരം (പഴം, കല്‍ക്കണ്ടം, തേന്‍), പടുക്ക (അവില്‍, മലര്‍, ശര്‍ക്കര, പഴം, കരിമ്പ്), സരസ്വതീവിഗ്രഹം അല്ലെങ്കില്‍ ചിത്രം, പൂക്കള്‍, മാല, ഇരിക്കാനുള്ള പലകയോ വെള്ളത്തുണിവിരിച്ച പായയോ.

• രക്ഷിതാവിന്റെയോ കാരണവരുടെയോ മടിയില്‍ തെക്കോട്ടൊഴികെ മുഖമാക്കി ഇരിക്കണം.

• 'സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതു മേ സദാ' എന്ന പ്രാര്‍ഥന കുഞ്ഞിനെക്കൊണ്ട് ചൊല്ലിച്ച് ചടങ്ങ് ആരംഭിക്കാം.

• തേനില്‍ വയമ്പുചാലിച്ച് അതില്‍ സ്വര്‍ണമോതിരം മുക്കി കുഞ്ഞിന്റെ നാവില്‍ ഹരിഃ ശ്രീ എന്ന് എഴുതണം.

• കുഞ്ഞിന്റെ വലതുകൈയിലെ നടുവിരലോ മോതിരവിരലോകൊണ്ട് താലത്തിലെ ഉണക്കലരിയില്‍ ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു, ശ്രീ ഗുരുഭ്യോ നമഃ എന്ന് എഴുതിക്കണം. ഇതിനുശേഷം മലയാളത്തിലെ 51 അക്ഷരങ്ങളും എഴുതിക്കാം.

• ശേഷം 'കായേന വാചാ, മനസേന്ദ്രിയൈര്‍വാ, ബുദ്ധ്യാത്മനാ വാ, പ്രകൃതേഃ സ്വഭാവാത്, കരോമി, യദ്യത്, സകലം പരായൈ, ജഗദംബികായൈ, സമര്‍പ്പയാമി' എന്ന് കുഞ്ഞിനെക്കൊണ്ട് ചൊല്ലിച്ചശേഷം എഴുന്നേല്‍ക്കാം.

സരസ്വതീദേവിയെ സ്മരിച്ച് ശ്ലോകങ്ങള്‍ ചൊല്ലി പൂക്കളര്‍ച്ചിക്കുകയും സഹസ്രനാമമറിയാവുന്നവര്‍ ചൊല്ലുകയും വേണം. പൂജവെപ്പ് വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ചെങ്കിലും ഈ ഘട്ടത്തില്‍ സാധിക്കാത്തവര്‍ക്ക് ശനിയാഴ്ച രാവിലെയും പൂജവെക്കാം.-കെ.വി. ഷിബു ശാന്തി, മേല്‍ശാന്തി, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, കോഴിക്കോട്

Content Highlight: Vidyarambham at home